ശേഷിക്കുന്നത് മൂന്നുമാസം, ഒപ്പം പെരുമാറ്റച്ചട്ടവും; ബജറ്റ് പ്രഖ്യാപനങ്ങളുടെ പ്രായോഗികതയിൽ സംശയം
text_fieldsതിരുവനന്തപുരം: പ്രഖ്യാപനങ്ങൾ വനോളമെങ്കിലും സർക്കാറിന്‍റെ കാലാവധി അവസാനിക്കാൻ മൂന്നുമാസം മാത്രം ശേഷിക്കെയുള്ള ബജറ്റ് വാഗ്ദാനങ്ങളുടെ പ്രായോഗികതയിൽ ആശയക്കുഴപ്പവും അവ്യക്തതയും. ശമ്പളപരിഷ്കകരണ കമീഷൻ മുതൽ ഡി.എ കുടിശ്ശിക തീർക്കൽവരെ 90 ദിവസംകൊണ്ട് എങ്ങനെ പ്രാവർത്തികമാകുമെന്നതാണ് ചോദ്യം.
സാമ്പത്തിക രേഖ എന്നതിലുപരി രാഷ്ട്രീയ നയരേഖയായി ബജറ്റിനെ കാണുന്ന സർക്കാറാകട്ടെ ജീവനക്കാർ, തൊഴിലാളികൾ, പെൻഷൻകാർ, വിദ്യാർഥികൾ തുടങ്ങി എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പ്രഖ്യാപനങ്ങളിലൂടെ ജനപിന്തുണ ഉറപ്പാക്കലാണ് ലക്ഷ്യമിടുന്നത്.
ഈ സാഹചര്യത്തിലാണ് ബജറ്റ് വരാനിരിക്കുന്ന നിയമസഭ തെഞ്ഞെടുപ്പിനുള്ള ഭരണമുന്നണിയുടെ പ്രകടനപത്രികയാണെന്ന വിമർശനത്തിന് കനമേറുന്നത്. ബജറ്റ് പ്രഖ്യാപനങ്ങളുടെ പ്രായോഗികതയിൽ വലിയ വിലങ്ങുതടിയാകുന്നത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പാണ്. ജനുവരി അവസാനം അവതരിപ്പിച്ച ബജറ്റ് സംബന്ധിച്ച് വകുപ്പ് തിരിച്ച ചർച്ചകൾ പൂർത്തിയാക്കും മുമ്പേ മാർച്ചിൽ തെരഞ്ഞെടുപ്പ് വിജ്ഞാപനമുണ്ടാകും. രണ്ട് മാസത്തിനുള്ളിൽ ഇത്രയും വലിയ മാറ്റങ്ങൾ കൊണ്ടുവരിക ഭരണപരമായ വലിയ വെല്ലുവിളിയാണ്.
ബജറ്റിലെ ശ്രദ്ധേയ പ്രഖ്യാപനങ്ങളിലൊന്നാണ് പന്ത്രണ്ടാം ശമ്പള പരിഷ്കരണ കമീഷൻ രൂപവത്കരണം. കമീഷൻ രൂപവത്കരിച്ച് മൂന്ന് മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കുമെന്നും അത് സമയബന്ധിതമായി നടപ്പാക്കുമെന്നുമുള്ള വാഗ്ദാനം എങ്ങനെ നടപ്പാക്കുമെന്നതിൽ കൃത്യമായ മറുപടിയില്ല. ഇനി കമീഷന്റെ റിപ്പോർട്ട് മൂന്ന് മാസത്തിനുള്ളിൽ ലഭിച്ചാലും അത് നടപ്പാക്കാനുള്ള ഉത്തരവിറക്കാൻ പെരുമാറ്റച്ചട്ടം അനുവദിക്കില്ല. മൂന്ന് മാസത്തിനുള്ളിൽ റിപ്പോർട്ട് ലഭിക്കുമെന്നത് ഭരണപരമായ നടപടികൾ വേഗത്തിലാക്കാനുള്ള ശ്രമമായി കാണാമെങ്കിലും പ്രായോഗികത പ്രശ്നമായി അവശേഷിക്കും.
സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ലഭിക്കാനുള്ള ക്ഷാമബത്ത കുടിശ്ശിക പൂർണമായും നൽകുമെന്ന പ്രഖ്യാപനവും ബജറ്റിന്റെ പ്രായോഗികതയെ ചോദ്യംചെയ്യുന്നതാണ്. ഫെബ്രുവരിയിലെ ശമ്പളത്തോടൊപ്പം ഒരു ഗഡുവും ബാക്കിയുള്ള കുടിശ്ശിക മാർച്ചിലെ ശമ്പളത്തോടൊപ്പവും നൽകുമെന്നുമാണ് വാഗ്ദാനം.
15,000 കോടിയോളം രൂപയുടെ ഡി.എ കുടിശ്ശിക സർക്കാരിന് ബാധ്യതയായുണ്ട്. ഇത്രയും തുക ചുരുങ്ങിയ കാലയളവിൽ എങ്ങനെ വിതരണം ചെയ്യുമെന്നാണ് ചോദ്യം. അതേസമയം ഓണറേറിയം വർധനവ്, ഡി.എ ഗഡുക്കളുടെ വിതരണം, ക്ഷേമ പെൻഷനുകളുടെ വർധനവ് എന്നിവ മൂന്ന് മാസത്തിനുള്ളിൽ നടപ്പാക്കാൻ സാധിക്കും. ഇത് ഭരണപക്ഷത്തിന് തെരഞ്ഞെടുപ്പിൽ വലിയ പ്രചാരണ ആയുധമവുമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

