വിദേശ സംഭാവനയിലെ ഇരട്ടനീതി; അതൃപ്തി പരസ്യമാക്കി കേരളം
text_fieldsതിരുവനന്തപുരം: ദുരന്തഘട്ടങ്ങളിൽ വിദേശ സംഭാവനകൾ സ്വീകരിക്കുന്നതിനുള്ള കേന്ദ്രാനുമതിയിലെ ഇരട്ട നീതിക്കെതിരെ അതൃപ്തി പരസ്യമാക്കി കേരളം. 2018ലെ പ്രളയകാലത്ത് വിദേശ സഹായത്തിന് ശ്രമിച്ച കേരളത്തിന് മുന്നിൽ വാതിൽ കൊട്ടി അടയ്ക്കുകയും എന്നാൽ മഹാരാഷ്ട്രക്ക് ഇതേ കാര്യത്തിൽ കഴിഞ്ഞദിവസം അനുമതി നൽകുകയും ചെയ്തതിലാണ് സംസ്ഥാനത്തിനുള്ള അതൃപ്തി.
ധനമന്ത്രി കെ.എൻ. ബാലഗോപാലാണ് ഇക്കാര്യത്തിൽ പരസ്യ വിമർശനവുമായെത്തിയത്. ദുരന്തവും ദുരിതവുമല്ല, മറിച്ച് രാഷ്ട്രീയമാണ് ഇത്തരം കാര്യങ്ങളിലെ മാനദണ്ഡം എന്നു വരുന്നത് ഭരണാധികാരികൾക്ക് ഭൂഷണമല്ലെന്ന് ബാലഗോപാൽ തുറന്നടിച്ചു. ഏത് സംസ്ഥാനത്തിനും ദുരിതകാലത്ത് വിദേശ സഹായം കിട്ടുന്നത് നല്ല കാര്യമാണ്.
അത് സ്വീകരിക്കാൻ കേന്ദ്രം അനുമതി കൊടുക്കുന്നതും നല്ലതുതന്നെ. എന്നാൽ രാഷ്ട്രീയ വിവേചനത്തോടെ ഇക്കാര്യങ്ങൾ കൈകാര്യം ചെയ്യുന്നുവെന്നതാണ് ഈ തീരുമാനങ്ങൾനിന്ന് വ്യക്തമാകുന്നത്. ഈ സമീപനം കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള ബന്ധത്തിനും ചേർന്നതല്ല.
മാത്രമല്ല, ഫെഡറലിസത്തെ സഹായിക്കുകയുമില്ല. രാഷ്ട്രീയമായി മഹാരാഷ്ട്രയിലെ സർക്കാറിനെ നയിക്കുന്നവർ കേന്ദ്രസർക്കാറിെന്റ ഭരണമുന്നണിയിൽപെട്ട കക്ഷികൾ ആയതുകൊണ്ടാണ് ഇത്തരമൊരു ഇരട്ട സമീപനം എന്ന സംശയം സ്വാഭാവികമാണ്. ‘ചില സംസ്ഥാനങ്ങൾ കൊടുക്കും ചില സംസ്ഥാനങ്ങൾ കൊടുക്കില്ല’ എന്ന നിലപാട് സ്വീകരിക്കാൻ പാടില്ല.
ഇത്തരം സമീപനങ്ങൾ രാജ്യത്തിന്റെ ഐക്യത്തിനും സംസ്ഥാനങ്ങളോട് തുല്യമായ നിലപാട് സ്വീകരിക്കുന്നു എന്ന് തോന്നലിലും തടസ്സവും സൃഷ്ടിക്കും. ദുരന്തഘട്ടങ്ങളിൽപോലും സംസ്ഥാനങ്ങൾ വ്യത്യസ്തമായി കാണുന്ന സമീപനമുണ്ടോ എന്നതിൽ ആർക്കെങ്കിലും സംശയം തോന്നിയാൽ അതിൽ അദ്ഭുതപ്പെടാനില്ല.
വിദേശസഹായം തേടുന്നതിന് മഹാരാഷ്ട്രക്ക് അനുമതി നൽകിയതിനെ എതിർക്കുകയല്ല. മറിച്ച് എല്ലാ സംസ്ഥാനങ്ങളിലും ഈ സമീപനം കേന്ദ്രം കാണിക്കണമെന്ന ആവശ്യമാണ് ഉന്നയിക്കുന്നത്. കേരളം വിദേശസഹായത്തിന് അനുമതി തേടിയപ്പോൾ മാനദണ്ഡമൊന്നും ഒന്നും പറഞ്ഞില്ല. ‘വിദേശസഹായം രാജ്യത്തിന് വേണ്ട എന്നായിരുന്നു’ കേന്ദ്ര നിലപാടെന്നും അതാണ് ഇപ്പോൾ മാറിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

