അബൂദബിയിലെ ഇരട്ടക്കൊല: ദുരൂഹതകളുടെ ചുരുളഴിച്ച് സി.ബി.ഐ; കൂടുതൽ അറസ്റ്റ് ഉടൻ
text_fieldsമരിച്ച ഹാരിസ്
കോഴിക്കോട്/കുന്ദമംഗലം: ഈസ്റ്റ് മലയമ്മ സ്വദേശി ഹാരിസിന്റെയടക്കം, നാലുവർഷം മുമ്പ് അബൂദബിയിൽ നടന്ന ഇരട്ടക്കൊലയുടെ ചുരുളഴിയുന്നു. ഹാരിസിനെയും മാനേജറായിരുന്ന ചാലക്കുടി സ്വദേശി ഡെൻസിയെയുമാണ് 2020 മാർച്ച് അഞ്ചിന് അബൂദബിയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടത്. മരണത്തിൽ കുടുംബത്തിനുള്ള സംശയമാണ് പൊലീസ് അന്വേഷണത്തിലേക്ക് എത്തിയത്.
ഹാരിസിന്റെ മരണം കൈഞരമ്പ് മുറിച്ചായിരുന്നു എന്നതിനാൽ ഡെൻസിയെ കൊലപ്പെടുത്തി ഹാരിസ് ആത്മഹത്യ ചെയ്യുകയായിരുന്നു എന്നായിരുന്നു പൊലീസിന്റെ നിഗമനം. മെഡിക്കൽ കോളജ് അസി. കമീഷണറുടെ നേതൃത്വത്തിലുള്ള അന്വേഷണത്തിനിടെ ഹാരിസിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കുകവരെ ചെയ്തെങ്കിലും ആരെയും അറസ്റ്റുചെയ്തില്ല.
പിന്നാലെ ഹാരിസിന്റെ മാതാവ് നൽകിയ ഹരജിയിൽ കേസ് സി.ബി.ഐക്ക് വിടാൻ ഹൈകോടതി ഉത്തരവിട്ടു. തുടർന്നാണ് അന്വേഷണം സി.ബി.ഐ ഏറ്റെടുത്തത്. ഇരട്ടക്കൊലപാതകമാണെന്ന സൂചനകൾ ലഭിച്ച അന്വേഷണ സംഘം ആവശ്യമായ തെളിവുകൾ സമാഹരിച്ചതിനുപിന്നാലെ കഴിഞ്ഞ ദിവസമാണ് അഞ്ച് പ്രതികളെ അറസ്റ്റുചെയ്തത്. നിലമ്പൂർ കൈപ്പഞ്ചേരി ഷൈബിൻ അഷ്റഫ്, നടുത്തൊടിക നിഷാദ്, കൂത്രാടൻ മുഹമ്മദ് അജ്മൽ, വണ്ടൂർ പഴയ വാണിയമ്പലം ചീര ഷരീഫ്, പൂളക്കുളങ്ങര ഷബീബ് റഹ്മാൻ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.
മൈസൂരുവിലെ നാട്ടുവൈദ്യൻ ഷാബ ഷരീഫിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ഈ അഞ്ചുപേരെയും ഇവരെ പാർപ്പിച്ച കോഴിക്കോട് ജില്ല ജയിലിലെത്തിയാണ് സി.ബി.ഐ ഉദ്യോഗസ്ഥർ അറസ്റ്റ് രേഖപ്പെടുത്തിയത്. ഷാബ ഷെരീഫിനെ കൊലപ്പെടുത്തിയ സംഘം തന്നെയാണ് അബൂദബിയിലും കൊല നടത്തിയതിനും ആസൂത്രണത്തിനും പിന്നിലെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഷാബ ഷരീഫ് കേസിൽ ഇതുവരെ പിടിയിലാവാത്ത കൈപ്പഞ്ചേരി ഫാസിൽ, കുന്നേക്കാടൻ ഷമീം എന്നിവർക്കും കൊലയിൽ പങ്കുണ്ടെന്നാണ് വിവരം.
കേസിൽ ഹാരിസിന്റെ മുൻ ഭാര്യ, അവരുടെ പിതാവ് അടക്കമുള്ളവരെയും അന്വേഷണ സംഘം നേരത്തെ ചോദ്യം ചെയ്തിരുന്നു. അറസ്റ്റിലായവരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനുള്ള നടപടികൾ സി.ബി.ഐ ആരംഭിച്ചിട്ടുണ്ട്. ഇത് പൂർത്തിയാവുന്ന മുറക്ക് കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നാണ് വിവരം. ഷാബ ഷരീഫിനെ ദാരുണമായി കൊലപ്പെടുത്തിയ കേസിലെ ഒന്നാംപ്രതി ഷൈബിൻ അഷ്റഫ് പിടിയിലായ ശേഷമാണ് ഇയാളുടെ സുഹൃത്തും ബിസിനസ് പങ്കാളിയുമായ ഹാരിസിന്റെ മരണത്തിലും ഷൈബിൻ അഷ്റഫിനും കൂട്ടാളികൾക്കുമുള്ള പങ്ക് പുറത്തുവന്നത്.
കേസിലെ കൂട്ടുപ്രതികൾ പിടിക്കപ്പെടും എന്നുറപ്പായതോടെ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിലെത്തി ഹാരിസിന്റെ കൊലപാതകത്തെക്കുറിച്ച് പരസ്യമായി ഏറ്റുപറഞ്ഞിരുന്നു. പിന്നാലെയാണ് അന്വേഷണം ഹാരിസിന്റെ മരണത്തിലേക്കും നീണ്ടത്. ദുരൂഹ മരണത്തിൽ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

