നാടിനെ നടുക്കിയ ഇരട്ടക്കൊല; ഞെട്ടൽ മാറാതെ നാട്ടുകാർ
text_fieldsനിതീഷ് പൊലിസ് കസ്റ്റഡിയിൽ
തൊടുപുഴ: വിജയന്റെ കൊലപാതകമറിഞ്ഞ ഞെട്ടലിലാണ് നാട്ടുകാർ. കട്ടപ്പനയിലെ ചുമട്ടുതൊഴിലാളിയായിരുന്ന സാഗര ജങ്ഷൻ നെല്ലിപ്പള്ളിൽ ഗോവിന്ദന്റെ മൂന്നു മക്കളിൽ ഏക മകനാണ് വിജയൻ. ഭാര്യ സുമയും രണ്ടു മക്കളുമായി പശുവളർത്തലും മറ്റുമായി ജീവിച്ചുവരികയായിരുന്നു വിജയനും കുടുംബവും.
അത്യാവശ്യം സാമ്പത്തികവും ചുറ്റുപാടുമുള്ള കുടുംബത്തെ പറ്റി നാട്ടുകാർക്ക് ആർക്കും മോശം അഭിപ്രായമില്ല. പിതാവിന്റെ മരണ ശേഷം പുരയിടം ഘട്ടംഘട്ടമായി പലപ്പോഴായി വിറ്റ വിജയൻ 2016ലാണ് വീടുൾപ്പെടെ ഇവിടെ നിന്ന് വിറ്റുപോയത്. ക്ഷീരകർഷനായ വിജയനും കട്ടപ്പനയിൽ അപ്പം ഉണ്ടാക്കി വിൽക്കുന്ന കടയിൽ ജോലിക്കു പോയിരുന്ന സുമയും മക്കളായ വിഷ്ണുവും വിദ്യയുമടങ്ങുന്നതായിരുന്നു കുടുംബം.
കൈക്ക് വിറയലുള്ള മകൾക്ക് ചികിത്സക്കൊപ്പം പ്രാർഥനയും വേണമെന്ന് സുമയെ തെറ്റിദ്ധരിപ്പിച്ച് കേസിലെ പ്രതിയായ നിതീഷ് ഇവിടെ കയറി കൂടിയതോടെയാണ് ഈ കുടുംബം നാട്ടുകാരുമായി അകന്നത്.
അന്ധവിശ്വാസം കൂടുതലായതാണ് ഇൗ ദുരവസ്ഥയ്ക്ക് കാരണമായതെന്ന് അയൽവാസികൾ പറയുന്നു. വീടിനോടു ചേർന്ന തൊഴുത്തിലാണ് നവജാത ശിശുവിനെ കൊലപ്പെടുത്തി മറവു ചെയ്തതെന്ന വിവരം അറിഞ്ഞതിന്റെ ഞെട്ടലിലാണ് നാട്ടുകാർ. വീട്ടിൽ ഇപ്പോൾ വാടകക്ക് താമസിക്കുന്നവരും കൊലപാതകമറിഞ്ഞ് ഇവിടെ നിന്ന് മാറി താമസിക്കാനുള്ള തയ്യാറെടുപ്പിലാണ്. നിധീഷില്‍ വിജയന്റെ മകള്‍ക്കുണ്ടായ കുഞ്ഞിനെ കൊലപ്പെടുത്തിയതിന് ആഭിചാര കർമ്മങ്ങളുമായി ബന്ധമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. നവജാത ശിശുവിന്റെ മരണം സംബന്ധിച്ച് തുടരന്വേഷണത്തിലൂടെ മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂ.
നവജാത ശിശുവിനെ കൊന്ന് കുഴിച്ചുമൂടിയ സ്ഥലത്ത് ഞായറാഴ്ച ഏഴു മണി വരെ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. സാഗര ജങ്ഷനിൽ കൊല്ലപ്പെട്ട വിജയനും കുടുംബവും മുമ്പ് താമസിച്ചിരുന്ന വീടിനോട് ചേർന്നുള്ള പശുത്തൊഴുത്ത് കുഴിച്ചാണ് പരിശോധന നടത്തിയത്. വിജയന്റെ മകൾക്ക് ജനിച്ച കുഞ്ഞിനെ കൊലപ്പെടുത്തി തൊഴുത്തിൽ കുഴിച്ചുമൂടിയെന്നാണ് പ്രതി നിധീഷ് പോലീസിന് മൊഴി നൽകിയിരിക്കുന്നത്. ഇതുപ്രകാരം ഒന്നര മണിക്കൂറോളം നേരം ഇവിടെ പരിശോധന നടത്തിയെങ്കിലും അവശിഷ്ടങ്ങൾ ഒന്നും കണ്ടെത്തിയില്ലെന്ന് ജില്ല പൊലീസ് മേധാവി ടി.കെ. വിഷ്ണു പ്രദീപ് പറഞ്ഞു. നിധീഷ് നൽകിയ മൊഴിയിലെ വൈരുധ്യവും പൊലീസിന്റെ കുഴക്കുന്നുണ്ട്. ജഡം മറവ് ചെയ്തെന്ന് കരുതുന്ന സ്ഥലത്ത് നിന്നുള്ള മണ്ണ് ഫോറൻസിക് സംഘം ശേഖരിച്ചിട്ടുണ്ട്. പ്രതിയെ കൂടുതൽ ചോദ്യം ചെയ്തതിന് ശേഷം തിങ്കളാഴ്ച തിരച്ചിൽ തുടരും. 2016ലാണ് നാലു ദിവസം പ്രായമുള്ള കുഞ്ഞിനെ കൊല്ലപ്പെട്ട വിജയനും നിധീഷും ചേർന്ന് കൊലപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

