Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസൗജന്യ യാത്രക്ക് ഇന്നു...

സൗജന്യ യാത്രക്ക് ഇന്നു ഡബിൾബെൽ

text_fields
bookmark_border
സൗജന്യ യാത്രക്ക് ഇന്നു ഡബിൾബെൽ
cancel

തിരുവനന്തപുരം: സംസ്ഥാനത്ത് കെ.എസ്.ആർ.ടി.സിയുടെ 3,125 ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന ‘പ്രിയദർശിനി പദ്ധതി’ തിങ്കളാഴ്ച പ്രാബല്യത്തിൽ. രാവിലെ 8.30ന് തമ്പാനൂരിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് തമ്പാനൂരിൽനിന്ന് സെക്രട്ടറിയേറ്റിലേക്ക് മുഖ്യമന്ത്രിയും മന്ത്രിമാരുമടക്കം ഉദ്ഘാടന ബസിൽ യാത്ര ചെയ്യും. കെ.എസ്.ആർ.ടി.സിയിലെ ആദ്യ വനിത ഡ്രൈവർ പെരുമ്പാവൂർ ഡിപ്പോയിലെ ഷീലയാണ് ചരിത്ര പ്രയാണത്തിന് വളയം പിടിക്കുക. ഉദ്ഘാടനശേഷം രാവിലെ ഒമ്പതോടെ സംസ്ഥാന വ്യാപകമായി യാത്രാസൗജന്യം ബസുകളിൽ ലഭ്യമാകും. ഡിപ്പോകളിൽ അതാതിടങ്ങളിലെ ജനപ്രതിനിധികൾ പങ്കെടുക്കുന്ന പ്രാദേശിക ഉദ്ഘാടന ചടങ്ങുകളുമുണ്ടാകും.

ഓർഡിനറി, ഓർഡിനറി ലിമിറ്റഡ് സ്റ്റോപ്പ്, ടൗൺ ടു ടൗൺ അടക്കം ഓർഡിനറി നിരക്കുള്ള കെ.എസ്.ആർ.ടി.സി ബസുകളിലാണ് ആദ്യഘട്ടത്തിൽ സൗജന്യയാത്ര അനുവദിക്കുന്നത്. ഇതിന് പ്രത്യേക കാർഡുകളോ സർട്ടിഫിക്കറ്റുകളോ രജിസ്ട്രേഷനോ ആവശ്യമില്ല. പ്രായപരിധിയോ വരുമാന പരിധിയോ ഇല്ലാതെ, എല്ലാ വിഭാഗം സ്ത്രീകൾക്കും ആനുകൂല്യം ലഭിക്കും. പ്രതിദിനം രണ്ടുകോടി രൂപയാണ് ഈ ഇനത്തിൽ കെ.എസ്.ആർ.ടി.സിക്ക് ബാധ്യതയാവുക. ഈ തുക പൂർണമായും സർക്കാർ വഹിക്കും. സൗജന്യ യാത്ര അനുവദിക്കുന്ന ബസുകൾക്ക് മുന്നിലും വശങ്ങളിൽ വാതിലിന്റെ ഭാഗത്തും ‘പ്രിയദർശിനി പദ്ധതി’ എന്ന് രേഖപ്പെടുത്തിയ സ്റ്റിക്കർ പതിച്ചിട്ടുണ്ട്.

വനിതാ യാത്രക്കാർക്ക് ലഭിക്കുന്നത് സീറോ ടിക്കറ്റാണെങ്കിലും ഫെയർ സ്റ്റേജും സ്ഥലവും ടിക്കറ്റിൽ ചേർക്കുമെന്നതിനാൽ യാത്രയുടെ മൂല്യം കൃത്യമായി മെഷീനിൽ രേഖപ്പെടുത്തും. ഇതിനുള്ള സോഫ്റ്റ്‌വെയർ ക്രമീകരണം ടിക്കറ്റ് മെഷീനിൽ ഏർപ്പെടുത്തി. പ്രിയദർശിനി ഫ്രീ ട്രാവൽ (പി.എ.ഫ്.ടി) എന്ന പേരിലാണ് സൗജന്യ യാത്രക്കുള്ള ഓപ്ഷൻ ഇതിലുള്ളത്. 3,125 ബസുകളുപയോഗിച്ച് 2,900 ഓർഡിനറി ഷെഡ്യൂളുകളാണ് കെ.എസ്.ആർ.ടി.സി പ്രതിദിനം ഓപറേറ്റ് ചെയ്യുന്നത്. 1,268 ഷെഡ്യൂളുകളുള്ള ദക്ഷിണ മേഖലയിലാണ് കൂടുതൽ ബസുകൾ നിരത്തിലുള്ളത്. മധ്യമേഖലയിൽ 831ഉം വടക്കൻ മേഖലയിൽ 828ഉം ഓർഡിനറി ഷെഡ്യൂളുകളുണ്ട്. ഉദ്ഘാടന ചടങ്ങിൽനിന്ന് വിട്ടുനിൽക്കുമെന്ന് പ്രതിപക്ഷം പ്രഖ്യാപിച്ചു.

സി.പി.എമ്മിന് ബസ് മിസ്സാകും -മന്ത്രി

സ്ത്രീകൾക്കുള്ള സൗജന്യയാത്ര പദ്ധതി ഉദ്ഘാടനത്തിൽനിന്ന് വിട്ടുനിന്നാൽ സി.പി.എമ്മിന് ബസ് മിസ്സാകുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ. ചടങ്ങ് ബഹിഷ്കരിക്കൽ പ്രതിപക്ഷത്തിന്‍റെ അവകാശമാകാം. വിട്ടുനിൽക്കൽ തീരുമാനം ചരിത്രപരമായ വിഡ്ഢിത്തമാകരുതെന്നേ പറയാനുള്ളൂ. ബഹിഷ്‍കരിക്കരുതെന്ന് വിനയപൂർവം അഭ്യർഥിക്കുന്നു. ഇത് സാധാരണക്കാരായ തൊഴിലാളി സ്ത്രീകൾക്ക് ലഭിക്കുന്ന വലിയ ആനുകൂല്യമാണ്. ഇത്തരമൊരു ചടങ്ങിൽനിന്ന് തൊഴിലാളിവർഗ പാർട്ടി വിട്ടുനിൽക്കരുതെന്നാണ് അഭ്യർഥന. ഇനി അവർ വിട്ടു നിന്നാൽ തനിക്കൊന്നും പറയാനില്ല. ഇതൊന്നും ഉദ്ഘാടന ചടങ്ങിനെ ബാധിക്കില്ല- സി.പി. ജോൺ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KSRTCFree Travel For WomenPriyadarshiniKerala
News Summary - Double bell today for free travel
Next Story