വാതിൽപ്പടി മാലിന്യശേഖരണം: മാർഗരേഖ പുതുക്കി
text_fieldsപാലക്കാട്: വാതിൽപ്പടി മാലിന്യ ശേഖരണം ഫലപ്രദമായി നടക്കുന്നില്ലെന്ന് അഡീഷനൽ ചീഫ് സെക്രട്ടറിയുടെ യോഗത്തിൽ വിലയിരുത്തൽ. അലംഭാവം തുടർന്നാൽ ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണ വീഴ്ചയായി കണക്കാക്കി നടപടിയെടുക്കുമെന്ന് തദ്ദേശവകുപ്പ് സ്പെഷൽ സെക്രട്ടറിയുടെ മുന്നറിയിപ്പ്. നിബന്ധനകൾ കർശനമാക്കി മാർഗരേഖ പുതുക്കിയ ഉത്തരവ് തദ്ദേശവകുപ്പ് കഴിഞ്ഞ ദിവസം പുറത്തിറക്കി.
തദ്ദേശസ്ഥാപനങ്ങളിലെ വീടുകൾ, ഓഫിസുകൾ, വ്യാപാര സ്ഥാപനങ്ങൾ തുടങ്ങിയ ഇടങ്ങളിൽനിന്ന് ഹരിത കർമസേന ശേഖരിക്കുന്ന പാഴ്വസ്തുക്കളുടെ കൈയൊഴിയൽ യഥാസമയം നടക്കുന്നില്ലെന്ന് അഡീഷനൽ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ കഴിഞ്ഞയാഴ്ച ചേർന്ന യോഗമാണ് വിലയിരുത്തിയത്. മാലിന്യനീക്കമില്ലാതെ എം.സി.എഫുകളും (മെറ്റീരിയൽ കലക്ഷൻ ഫെസിലിറ്റി കേന്ദ്രങ്ങൾ) മിനി എം.സി.എഫുകളും നിറഞ്ഞുകിടപ്പാണ്. ശേഖരിക്കുന്ന മാലിന്യം പൊതു ഇടങ്ങളിലാണ് സംഭരിക്കുന്നതെന്നും വിലയിരുത്തി. വാതിൽപ്പടി ശേഖരണവും പാഴ്വസ്തുക്കളുടെ നീക്കവും യഥാസമയം ഉറപ്പാക്കാനുള്ള യോഗതീരുമാനത്തെത്തുടർന്നാണ് പുതുക്കിയ മാർഗരേഖ കഴിഞ്ഞ ദിവസം തദ്ദേശസ്ഥാപനങ്ങൾക്ക് കൈമാറിയത്.വാതിൽപ്പടി ശേഖരണം, പാഴ്വസ്തുനീക്കം യഥാസമയം നടക്കാതിരിക്കൽ, എം.സി.എഫുകളിലല്ലാതെ പാഴ്വസ്തുക്കൾ സംഭരിക്കൽ മുതലായവ സംഭവിച്ചാൽ ചുമതലക്കാരായ ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണ വീഴ്ചയായി കണക്കാക്കി വകുപ്പുതല നടപടി സ്വീകരിക്കാമെന്ന് പുതുക്കിയ മാർഗരേഖയിൽ പറയുന്നു. വാതിൽപ്പടി ശേഖരണം തുടങ്ങി എല്ലാ വിവരങ്ങളും വാർ റൂം പോർട്ടലിൽ കൃത്യമായി രേഖപ്പെടുത്തുന്നുവെന്ന് സെക്രട്ടറി ഉറപ്പാക്കണം. വിവരം രേഖപ്പെടുത്തുന്നതിൽ വീഴ്ച വന്നാൽ സെക്രട്ടറിക്കെതിരെ ചുമതല നിർവഹണ വീഴ്ചയായി കണക്കാക്കി വകുപ്പുതല നടപടി സ്വീകരിക്കും. എല്ലാ ദിവസവും ചുമതലയുള്ള ഉദ്യോഗസ്ഥൻ സ്ഥാപനതല യോഗം ചേർന്ന് റിപ്പോർട്ട് സെക്രട്ടറിക്ക് നൽകണം. വാതിൽപ്പടി നീക്കം, കൈയൊഴിയൽ ഉൾപ്പെടെ മുഖ്യചുമതല സെക്രട്ടറിക്കാണ്. ഏകോപനവും നടത്തിപ്പ് ചുമതലയും നോഡൽ ഓഫിസർക്കാണ്.
മറ്റു നിർദേശങ്ങൾ
- വാതിൽപ്പടി ശേഖരണത്തിന് ഹരിത കർമസേന സന്ദർശിക്കുന്ന ദിവസവും സമയവും മുൻകൂട്ടി അറിയിക്കണം. ഇതിനായി തദ്ദേശ സ്ഥാപനം കലണ്ടർ തയാറാക്കി വീടുകൾക്കും സ്ഥാപനങ്ങൾക്കും നൽകണം.
- വാതിൽപ്പടി ശേഖരണത്തിൽ മാറ്റം വന്നാൽ വിവരമറിയിക്കണം. ആവശ്യമെങ്കിൽ വാട്സ്ആപ് ഗ്രൂപ് ഉപയോഗപ്പെടുത്താം.
- പാഴ്വസ്തുക്കൾ പൊതുനിരത്തിലും പൊതുസ്ഥലങ്ങളിലും സ്വകാര്യ ഇടങ്ങളിലും സംഭരിക്കാൻ പാടില്ല. എം.സി.എഫ്, മിനി എം.സി.എഫിലേക്ക് അതത് ദിവസംതന്നെ മാറ്റണം.
- സാനിറ്ററി മാലിന്യം ഒഴികെ എല്ലാ അജൈവ പാഴ്വസ്തുക്കളും കലണ്ടർ പ്രകാരം ശേഖരിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.