നക്സലൈറ്റുകളെ വെടിവെച്ചുകൊല്ലുന്നതിന് എതിരെ ആഭ്യന്തരമന്ത്രി
text_fieldsഫയൽ ഫോട്ടോ
കോഴിക്കോട്: നക്സലൈറ്റുകളെ വെടിവെച്ചുകൊല്ലുകയല്ല അവരെ നിയമത്തിന്റെ വഴിയിലേക്ക് കൊണ്ടുവരികയാണ് വേണ്ടത് എന്നാണ് തന്റെ അഭിപ്രായമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. താൻ മുമ്പ് ആഭ്യന്തരമന്ത്രിയായിരുന്നപ്പോൾ പൊലീസിന് ഈ കാര്യത്തിൽ പ്രത്യേക നിർദേശം കൊടുത്തിരുന്നു.
സീനിയർ ജേണലിസ്റ്റ് ഫോറം കോഴിക്കോട് ജില്ല കമ്മറ്റി പ്രശസ്ത മാധ്യമപ്രവർത്തകൻ മലപ്പുറം പി. മൂസയുടെ സ്മരണക്കായി ഏർപെടുത്തിയ അവാർഡ് മുൻ നക്‌സലും സാമൂഹിക പ്രവർത്തകയുമായ കെ. അജിതക്ക് നൽകിയ ചടങ്ങിലായിരുന്നു ആഭ്യന്തരമന്ത്രി നിലപാട് വ്യക്തമാക്കിയത്.
ഉമ്മൻ ചാണ്ടി സർക്കാറിൽ താൻ ആഭ്യന്തരമന്ത്രിയായിരിക്കെയാണ് രൂപേഷ്, ഷൈനി ഉൾപ്പെടെ നക്സലൈറ്റുകളെ പിടികൂടാനുള്ള ഓപറേഷൻ നടന്നത്. അന്ന് പൊലീസിന് ചില വിവരങ്ങൾ കിട്ടി. രൂപേഷും ഷൈനിയും കോയമ്പത്തൂരിനടുത്താണ് എന്ന്. തനിക്ക് ആ വിവരം തന്നപ്പോൾ കർശനമായി പറഞ്ഞു; ഒരു കാരണവശാലും അവരെ വെടിവെക്കരുതെന്ന്.
അവർ രക്ഷപെട്ടാൽപോലും വെടിവെക്കാൻ പാടില്ലെന്നും നിർദേശിച്ചു. അവസാനം അവരെ പൊലീസ് പിടിച്ചു. അന്ന് രൂപേഷിനെ വെടിവെച്ച് കൊന്നിരുന്നെങ്കിൽ ഒരുപക്ഷേ തനിക്ക് വലിയ പ്രശസ്തി കിട്ടുമായിരുന്നു. ആ പ്രശസ്തി തനിക്ക് വേണ്ടെന്നും ചെന്നിത്തല പറഞ്ഞു.
ഇന്ന് രൂപേഷ് പുറത്തിറങ്ങി നടക്കുന്നു. സംസാരിക്കുന്നു. യോഗങ്ങളിൽ പ്രസംഗിക്കുന്നു. അദ്ദേഹം പ്രസംഗിക്കുന്നത് എന്താണെന്ന് അറിയാം. അവർ എല്ലാവരും സംസാരിക്കുന്നത് എന്താണെന്ന് എനിക്ക് അറിയാം. നാടിനോ ഭരണത്തിനോ ജനങ്ങൾക്കോ എതിരായി അവർ ഇപ്പോൾ സംസാരിക്കുന്നില്ല. ആ മാറ്റം ‘അപ്രീഷിയേറ്റ്’ ചെയ്യുന്നു. നിയമവിരുദ്ധ പ്രവർത്തനങ്ങൾ ചെയ്യുന്നവരെ നിയമത്തിന്റെ പാതയിലേക്ക് കൊണ്ടുവരികയെന്നതാണ് ഭരണാധികാരി ചെയ്യേണ്ടതെന്ന് വിശ്വസിക്കുന്നു. എന്റെ വിശ്വാസം ചിലപ്പോൾ തെറ്റാകാം, എനിക്കറിയില്ല.
കഴിഞ്ഞ സർക്കാർ 10 വർഷം ഭരിച്ചപ്പോൾ അഞ്ച് മാവോയിസ്റ്റുകളെ വെടിവെച്ചുകൊന്നു. രണ്ടുപേരുടെ മൃതശരീരം കോഴിക്കോട്ട് കൊണ്ടുവന്നപ്പോൾ അന്ന് താൻ പ്രതിപക്ഷ നേതാവായിരുന്നു. ഞാൻ അവരെ വന്നു കണ്ടു. പിറകിൽ ആണ് വെടിവെച്ചിരുന്നത്. അതിന്റെ അർത്ഥം ഓടിപ്പോയപ്പോൾ വെടിവെച്ചുവെന്നാണ്, അതൊരു ഏറ്റുമുട്ടലല്ല.
പിറകിൽനിന്ന് വെടിവെക്കുന്നത് ഒരിക്കലും ശരിയായ നടപടിയല്ല. കോഴിക്കോട്ടെ അലൻ, താഹ എന്ന രണ്ടു ചെറുപ്പക്കാരെ മുൻ സർക്കാർ യു.എ.പി.എ ചുമത്തി തടവുകാരാക്കി. ഞാൻ അതിനെ എതിർത്തയാളാണ്. അന്ന് ഞാൻ മുൻ മുഖ്യമന്ത്രിയോട് ഇതേകുറിച്ച് ചോദിച്ചു. യു.എ.പി.എ കൊണ്ടുവന്നത് നിങ്ങളുടെ ഗവൺമെന്റ് ആണല്ലോ, എന്തിനാണ് പ്രതിപക്ഷ നേതാവ് എതിർക്കുന്നത് എന്നായിരുന്നു മറുപടി. ഞാൻ പറഞ്ഞു ഞങ്ങളുടെ സർക്കാർ യു.എ.പി.എ കൊണ്ടുവന്നുകാണും. പക്ഷേ, ഈ രണ്ട് ചെറുപ്പക്കാരെ കാര്യമില്ലാതെ വേട്ടയാടാൻ പാടില്ലെന്ന്.
കഴിഞ്ഞ ദിവസം അലനും താഹയും സെക്രട്ടേറിയറ്റിൽ എന്നെ കാണാൻവന്നു. സെക്രട്ടേറിയറ്റ് മുഴുവൻ പൊലീസ്. അവർ എന്നെ കാണാൻ വരുന്നുവെന്നു കേട്ട് പൊലീസ് വന്നതാണ്. ഞാൻ എല്ലാ പൊലീസുകാരെയും മാറ്റി. ഉച്ചക്ക് ഊണ് കഴിഞ്ഞ് വീട്ടിൽനിന്ന് തിരികെ വന്നപ്പോൾ സെക്രട്ടറിയേറ്റ് മുഴുവൻ വീണ്ടും പൊലീസ്. ഒരു പൊലീസും വേണ്ടെന്ന് ഞാൻ പറഞ്ഞു. താൻ ആ കുട്ടികളോട് സംസാരിച്ച് കാര്യങ്ങൾ ബോധ്യപ്പെടുത്തിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

