ഉന്നതി വേണ്ട, ഊര് തന്നെ മതി; ഉത്തരവിറങ്ങി; ‘പൈതൃകത്തിന്റെയും പരമ്പരാഗത ആചാരങ്ങളുടെയും ഭാഗമാണ് ഊര്’
text_fieldsതിരുവനന്തപുരം: പട്ടികവർഗ വിഭാഗം ജനങ്ങൾ താമസിക്കുന്ന മേഖലകൾക്ക് ‘ഊര്’ എന്ന പേര് നൽകി സർക്കാർ ഉത്തരവ്. കഴിഞ്ഞ സർക്കാർ ‘ഉന്നതി’ എന്നാക്കിയ തീരുമാനമാണ് തിരുത്തിയത്. ഇതുസംബന്ധിച്ച് മുൻ സർക്കാർ പുറപ്പെടുവിച്ച ഉത്തരവിലെ വ്യവസ്ഥ ഭേദഗതി ചെയ്താണ് പട്ടികജാതി പട്ടികവർഗ വികസന വകുപ്പ് ഉത്തരവിറക്കിയത്.
ആദിവാസികൾ അധിവസിക്കുന്ന മേഖലകളെ കോളനി, സങ്കേതം, ഊര് എന്ന് വിളിക്കുന്നതിന് പകരം നഗർ, ഉന്നതി, പ്രകൃതി എന്നീ പേരുകളോ പ്രാദേശിക താൽപര്യപ്രകാരമുള്ള പേരുകളോ നൽകണമെന്ന് 2024 ജൂൺ 18ലെ ഉത്തരവിൽ നിർദേശിച്ചിരുന്നു.
എന്നാൽ, പട്ടിക വർഗക്കാരുടെ സാംസ്കാരിക പൈതൃകത്തിന്റെയും പരമ്പരാഗത ആചാരങ്ങളുടെയും ഭാഗമാണ് ഊര്, സങ്കേതം, കുടി, ഊരുമൂപ്പന്മാർ, ഊരുകൂട്ടം എന്നീ പദപ്രയോഗങ്ങളെന്നും ഈ പദങ്ങൾ ഒഴിവാക്കുന്നത് സംസ്കാരത്തെയും പൈതൃകത്തെയും ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി വിവിധ പട്ടികവർഗ സംഘടനകളും വ്യക്തികളും യു.ഡി.എഫ് സർക്കാറിന് പരാതി നൽകിയിരുന്നു. ഈ പരാതികളും പട്ടികവർഗ വികസന വകുപ്പ് ഡയറക്ടറുടെ ശിപാർശയും വിശദമായി പരിശോധിച്ചാണ് സർക്കാർ നടപടി.
പട്ടികവർഗ ജനവിഭാഗങ്ങളുടെ ആവാസകേന്ദ്രങ്ങളെ ഊര്, സങ്കേതം എന്നീ പദങ്ങൾ ഉപയോഗിച്ച് തുടർന്നും വിശേഷിപ്പിക്കാമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. ഉന്നതി എന്ന് പേര് മാറ്റിയെന്നല്ലാതെ പ്രദേശത്തെ അടിസ്ഥാന സൗകര്യങ്ങളിൽ മാറ്റം കൊണ്ടുവരാൻ കഴിഞ്ഞ സർക്കാറിനു സാധിച്ചില്ലെന്ന് മന്ത്രി കെ.എ. തുളസി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

