Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാഠ്യപദ്ധതിയുടെ കാവിവൽകരണത്തിന് കാലിക്കറ്റ് സർവകലാശാലയെ വിട്ടുകൊടുക്കരുത്: ഫ്രറ്റേണിറ്റി മൂവ്മെന്റ്

text_fields
bookmark_border
https://www.madhyamam.com/tags/fraternity
cancel

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിലെ ബോർഡ് ഓഫ് സ്റ്റഡീസ് പുനഃസംഘടിപ്പിച്ചതിൽ 32 സംഘ്പരിവാർ അനുകൂല അധ്യാപകരെ ഉൾപ്പെടുത്തിയെന്ന വാർത്ത അങ്ങേയറ്റം ഗൗരവകരമാണെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് നഈം ഗഫൂർ.

വിദ്യാർഥികളുടെ പാഠ്യപദ്ധതി, പഠനവിഷയങ്ങൾ, റഫറൻസ് പുസ്തകങ്ങൾ എന്നിവ ഉൾപ്പെടെയുള്ള നിർണായക അക്കാദമിക കാര്യങ്ങളിൽ തീരുമാനമെടുക്കുന്ന പഠനബോർഡുകളിലേക്കുള്ള നിയമനങ്ങൾ അക്കാദമിക മികവ്, വിഷയവിദഗ്ധത, സുതാര്യമായ മാനദണ്ഡങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കണം. 97 ബോർഡുകളിലായി 963 അധ്യാപകരെ നിയമിച്ചതിലാണ് ബി.ജെ.പി അധ്യാപക സംഘടന നോമിനികളായി 32 പേർ ഇടംപിടിച്ചത്.

നിലവിൽ യു.ഡി.എഫ് ഭരണസമിതിയുടെ നിയന്ത്രണത്തിലുള്ള സിൻഡിക്കേറ്റ് നടത്തിയ നിയമനങ്ങൾ മുഴുവൻ വ്യത്യസ്ത രാഷ്‌ട്രീയ പാർട്ടികളുടെ അധ്യാപക സംഘടന നോമിനികൾക്കാണ്. കോൺഗ്രസ്, ലീഗ്, സി.പി.എം, ബി.ജെ.പി അംഗങ്ങളെ നിയമിച്ചപ്പോഴും സംഘ്പരിവാർവിരുദ്ധ രാഷ്ട്രീയം പറയുന്ന മറ്റു രാഷ്ട്രീയ സംഘടനകളിലെ അധ്യാപക പ്രതിനിധികളെ തഴയുകയായിരുന്നു.

എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നിയമനങ്ങൾ നടത്തിയതെന്നും കഴിഞ്ഞവർഷം ഈ സംഘടനയിൽ നിന്ന് എത്ര പേർ പഠനബോർഡുകളിൽ അംഗങ്ങളായിരുന്നുവെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രിയും യൂനിവേഴ്സിറ്റി അധികൃതരും വ്യക്തമാക്കേണ്ടതുണ്ട്.

കോൺഗ്രസ്–ലീഗ് ഭൂരിപക്ഷമുള്ള സിൻഡിക്കേറ്റ് നേതൃത്വം നൽകുന്ന സർവകലാശാലയിൽ ഇത്തരം നിയമനങ്ങൾ നടന്നതിന്റെ ഉത്തരവാദിത്തത്തിൽനിന്ന് യു.ഡി.എഫിന് ഒഴിഞ്ഞുമാറാനാകില്ല. സംഘപരിവാറിന്റെ വിദ്യാഭ്യാസ അജണ്ടയെ എതിർക്കുന്നുവെന്ന് അവകാശപ്പെടുന്നവർ, പാഠ്യപദ്ധതിയെയും അക്കാദമിക സമിതികളെയും സംബന്ധിച്ച നിർണായക തീരുമാനങ്ങളിൽ തങ്ങളുടെ നിലപാട് എന്താണെന്ന് വ്യക്തമാക്കണം. വിദ്യാഭ്യാസ വകുപ്പും ഇക്കാര്യത്തിൽ വ്യക്തമായ നിലപാട് പ്രഖ്യാപിക്കേണ്ടതുണ്ട്.

വിദ്യാഭ്യാസത്തിന്റെ കാവിവൽകരണം പാഠപുസ്തകങ്ങളിൽ മാത്രം സംഭവിക്കുന്നതല്ല; പാഠ്യപദ്ധതി നിർണയിക്കുന്ന അക്കാദമിക സമിതികളുടെ ഘടനയിലൂടെയും കൂടിയാണ് അത് സാധ്യമാകുന്നത്. അതിനാൽ പഠനബോർഡുകളിലെ രാഷ്ട്രീയ പ്രാതിനിധ്യത്തെക്കുറിച്ചുള്ള ആശങ്കകളെ മൂന്ന് ശതമാനം പേരെയല്ലേ നിയമിച്ചിട്ടുള്ളൂ എന്ന ന്യായം പറഞ്ഞ് മറികടക്കാവുന്നതല്ല. ഇത് സർവകലാശാലയുടെ അക്കാദമിക സ്വയംഭരണത്തെയും വിദ്യാഭ്യാസത്തിന്റെ ജനാധിപത്യപരമായ ഉള്ളടക്കത്തെയും ബാധിക്കുന്ന വിഷയമാണ്.

ഈ സാഹചര്യത്തിൽ പഠനബോർഡുകളിലെ നിയമനങ്ങളുടെ മാനദണ്ഡങ്ങളും അംഗങ്ങളുടെ പൂർണപട്ടികയും സർവകലാശാല പ്രസിദ്ധീകരിക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ആവശ്യപ്പെട്ടു. കഴിഞ്ഞ വർഷത്തെ പഠനബോർഡുകളിലെ സംഘടനാപരമായ പ്രാതിനിധ്യത്തിന്റെ കണക്കുകളും പുറത്തുവിടണം.

വിഷയവിദഗ്ധത, അധ്യാപനപരിചയം, അക്കാദമിക യോഗ്യത എന്നിവ പരിഗണിച്ചാണോ നിയമനങ്ങൾ നടത്തിയതെന്നും വ്യക്തമാക്കണം. നിയമനങ്ങളിൽ ക്രമക്കേടുകളോ മാനദണ്ഡലംഘനങ്ങളോ ഉണ്ടായിട്ടുണ്ടെങ്കിൽ അവ പരിശോധിച്ച് ആവശ്യമായ തിരുത്തൽ നടപടികളും സ്വീകരിക്കണം.

കാലിക്കറ്റ് സർവകലാശാലയുടെ അക്കാദമിക സമിതികളെ സംഘപരിവാറിന്റെ പ്രത്യയശാസ്ത്രപരമായ താൽപര്യങ്ങൾക്കായി ഉപയോഗിക്കുന്ന സാഹചര്യം ഒഴിവാക്കാൻ സർവകലാശാലയും വിദ്യാഭ്യാസ വകുപ്പും ഉറപ്പുനൽകണമെന്നും ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ആവശ്യപ്പെട്ടു.

സുതാര്യതയും അക്കാദമിക സ്വാതന്ത്ര്യവും ഉറപ്പാക്കുന്നതുവരെ ഈ വിഷയത്തിൽ ശക്തമായ ജനാധിപത്യപരമായ ഇടപെടലുകൾ ഫ്രറ്റേണിറ്റി മൂവ്മെന്റ് തുടരുമെന്നും നഈം ഗഫൂർ കൂട്ടിച്ചേർത്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story