കെട്ടിപ്പിടിക്കരുത്; സിനിമാക്കാരനല്ല, അഭിനയം അറിയില്ലെന്നും ഷൗക്കത്തിനോട് അൻവർ
text_fieldsനിലമ്പൂർ: ഉപതെരഞ്ഞെടുപ്പ് വേളയിൽ ബൂത്തിൽ കണ്ടു മുട്ടിയ ആര്യാടൻ ഷൗക്കത്തിനോട് കെട്ടിപ്പിടിക്കരുതെന്ന് ആവശ്യപ്പെട്ട അൻവർ ഹസ്തദാനം മാത്രം നൽകി. വീട്ടിക്കുത്ത് ബൂത്തിൽ കണ്ടു മുട്ടിയപ്പോൾ സ്വരാജും ഷൗക്കത്തും കെട്ടിപ്പിടിച്ചിരുന്നു. ആര്യാടൻ ഷൗക്കത്ത് സിനിമാക്കാരനാണെന്നും അഭിനയമാണെന്നും അൻവർ ഇതിനോട് പ്രതികരിച്ചു. പരസ്പരം കുശലം പറഞ്ഞ് സ്ഥാനാർഥികളായ സ്വരാജും ആര്യാടൻ ഷൗക്കത്തും ബൂത്തിലെത്തിയപ്പോൾ അൻവറും അനുയായികളോടൊപ്പം എത്തി. ആര്യാടന്‍ ഷൗക്കത്തിന്‍റേത് ധൃതരാഷ്ട്രാലിംഗനമാണ്. അതുകൊണ്ടാണ് കെട്ടിപ്പിടിക്കരുതെന്ന് പറഞ്ഞത്. ആര്യാടൻ്റെ സിനിമാ സ്‌റ്റൈല്‍ തനിക്ക് പരിചയമില്ല. പച്ച മനുഷ്യന്‍മാരുടെ കൂടെ നടക്കുന്ന ആളാണ് താനെന്നും പി.വി. അന്‍വര്‍ പറഞ്ഞു.
യു.ഡി.എഫ് സ്ഥാനാർഥി രാഷ്ട്രീയം പറഞ്ഞില്ലെന്നും സിനിമ ഡയലോഗ് വെച്ചാണ് പ്രചരണം നടത്തിയതെന്നും പി.വി. അൻവർ പറഞ്ഞു. വോട്ടെണ്ണി കഴിഞ്ഞാൽ ആര്യാടന് കഥ എഴുതാൻ പോകാം. സ്വരാജിന് സെക്രട്ടറിയേറ്റിലേക്ക് പോകാം. താൻ നിയമസഭയിലേക്ക് പോകുമെന്നും അൻവർ പറഞ്ഞു. 75000ന് മുകളിൽ വോട്ട് തനിക്ക് ലഭിക്കും. അത് ആത്മ വിശ്വാസമല്ല, യാഥാർത്ഥ്യമാണെന്നും അൻവർ മാധ്യമങ്ങളോട് പറഞ്ഞു.
അതിനിടെ, വോട്ടെടുപ്പ് നടക്കുന്ന പോളിങ് ബൂത്ത് രണ്ടിൽ വി.വി പാറ്റിൽ സ്ഥാനാർഥിയുടെ പേര് തെളിഞ്ഞില്ലെന്ന് പരാതി. തുടർന്ന് യു.ഡി.എഫ് നൽകിയ പരാതിയെ തുടർന്ന് തെരഞ്ഞെടുപ്പ് നിർത്തിവെച്ചു. നിലവിൽ ഈ ബൂത്തിൽ 41 പേർ വോട്ട് ചെയ്തു കഴിഞ്ഞിരുന്നു. പ്രശ്ന പരിഹാരത്തിനായി പോളിങ് ബൂത്തിലെ ഉദ്യോഗസ്ഥർ മുതിർന്ന ഉദ്യോഗസ്ഥരുമായി സംസാരിച്ചു. പ്രശ്നം പരിഹരിച്ചതായാണ് അറിയുന്നത്.
നേരത്തെ, ബൂത്ത് രണ്ടിൽ വെളിച്ച കുറവെന്ന് യു.ഡി.എഫ് പരാതി നൽകിയിരുന്നു. മറ്റൊരു ബൂത്തിലും വി.വി പാറ്റിൽ തകരാറുണ്ടായതായി പരാതി ഉയർന്നു. ഈ പ്രശ്നം പരിഹരിച്ച് അവിടെയും വോട്ടെടുപ്പ് പുനരാരംഭിച്ചിട്ടുണ്ട്.
263 പോളിംഗ് ബൂത്തുകളാണ് മണ്ഡലത്തിൽ ആകെ ഒരുക്കിയിട്ടുള്ളത്. 14 പ്രശ്ന സാധ്യത ബൂത്തുകൾ ഉണ്ട്. വനത്തിനുള്ളില്‍ ആദിവാസി മേഖലകള്‍ മാത്രം ഉള്‍പ്പെടുന്ന സ്ഥലത്ത് മൂന്ന് ബൂത്തുകളാണ് സജ്ജീകരിക്കുന്നത്. 7787 പുതിയ വോട്ടർമാർ ഉൾപ്പെടെ രണ്ട് ലക്ഷത്തി മുപ്പത്തി രണ്ടായിരം വോട്ടർമാരുണ്ട്. രാവിലെ ഏഴു മുതൽ വൈകിട്ട് ആറു വരെയാണ് പോളിങ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

