‘രേഖകൾ മറക്കേണ്ട’; മുഖ്യമന്ത്രിയെ ഓർമിപ്പിച്ച് ഗവർണർ
text_fieldsതിരുവനന്തപുരം: സജി ചെറിയാന്റെ വിവാദ പ്രസംഗത്തിന്റെ രേഖകൾ ലഭ്യമാക്കണമെന്ന കാര്യം സത്യപ്രതിജ്ഞാവേദിയിൽ െവച്ച് മുഖ്യമന്ത്രിയെ ഓർമിപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. രാജ്ഭവനിൽ നടന്ന സത്യപ്രതിജ്ഞക്ക് പിന്നാലെയായിരുന്നു ഗവർണറുടെ ഇടപെടൽ.
മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് തന്റെ വിയോജിപ്പ് ഫോണിലൂടെ അറിയിച്ച് സത്യപ്രതിജ്ഞക്ക് ഗവർണർ അനുമതി നൽകിയത്. ഈ സംഭാഷണത്തിൽ സജി ചെറിയാന്റെ വിവാദമായ മല്ലപ്പള്ളി പ്രസംഗത്തിന്റെ രേഖകളും സത്യപ്രതിജ്ഞ ചെയ്യാൻ തടസ്സമില്ലെന്ന നിലയിലുള്ള രേഖകളും കൈമാറണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നു.
അക്കാര്യമാണ് സത്യപ്രതിജ്ഞാ ചടങ്ങ് കഴിഞ്ഞ് വേദി വിടുന്നതിന് തൊട്ടുമുമ്പായി മുഖ്യമന്ത്രിക്ക് അരികിലേക്ക് തിരിഞ്ഞ് ഗവർണർ ഓർമിപ്പിച്ചത്. സത്യപ്രതിജ്ഞക്ക് അനുമതി തേടിയുള്ള മുഖ്യമന്ത്രിയുടെ ശിപാർശയിൽ ഗവർണർ നേരേത്ത നിയമോപദേശം തേടിയിരുന്നു.
മുഖ്യമന്ത്രിയുടെ ശിപാർശ അംഗീകരിക്കുന്നത് ഭരണഘടനാപരമായ ഉത്തരവാദിത്തം ആണെന്ന അറ്റോർണി ജനറൽ ആർ. വെങ്കട്ടരമണിയുടെ നിയമോപദേശത്തിന്റെ സാഹചര്യത്തിലാണ് ഗവർണർ സത്യപ്രതിജ്ഞക്ക് വഴങ്ങിയത്.
ഭരണഘടന അനുസരിച്ച് മന്ത്രിയെ നിയമിക്കുന്നതും പിൻവലിക്കുന്നതും മുഖ്യമന്ത്രിയുടെ അധികാരപരിധിയിൽ വരുന്ന കാര്യമാണ്.
സത്യപ്രതിജ്ഞ തടയുന്നത് ഭരണഘടനാവിരുദ്ധമാകുമെന്ന കാര്യവും ഗവർണർ പരിഗണിച്ചു. എന്നാൽ തന്റെ ഭാഗം ശരിയാണെന്ന് വരുത്തുന്നതിനാണ് സർക്കാറിൽനിന്ന് വിവാദം സംബന്ധിച്ച രേഖകൾ ഗവർണർ ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

