‘വർഗീയ വിഷപ്പാമ്പുകളുടെ വായിൽ നിന്ന് കൂടുതൽ പ്രതീക്ഷിക്കേണ്ട; ശശികലക്കെതിരെ കേസെടുക്കണം’ -പി ജയരാജൻ
text_fieldsപാലക്കാട്: റാപ്പർ വേടനെതിരായ ഹിന്ദു ഐക്യവേദി മുഖ്യ രക്ഷാധികാരി കെ.പി. ശശികലയുടെ പരാമർശത്തിനെതിരെ രൂക്ഷ പ്രതികരണവുമായി സി.പി.എം നേതാവ് പി. ജയരാജൻ. വർഗീയ വിഷപ്പാമ്പുകളുടെ വായിൽ നിന്ന് കൂടുതലൊന്നും പ്രതീക്ഷിക്കേണ്ടെന്നും ശശികലക്കെതിരെ പൊലീസ് കേസെടുക്കുമെന്നാണ് പ്രതീക്ഷയെന്നും പി ജയരാജൻ പറഞ്ഞു. പാലക്കാട്ട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വേടൻ പട്ടികജാതിക്കാനായതുകൊണ്ടാണ് ജാതി അധിക്ഷേപം നേരിടുന്നത്. ഹിന്ദുത്വ വർഗീയത പട്ടിക ജാതിക്കാരെ മനുഷ്യരായി പോലും പരിഗണിക്കുന്നില്ല. പട്ടിക ജാതിക്കാരരോട് ‘യൂസ് ആൻഡ് ത്രോ’ സമീപനമാണ് സംഘപരിവാർ സ്വീകരിക്കുന്നത്.
സംഘപരിവാർ വർഗീയ കലാപത്തിന് പട്ടികജാതിക്കാരെ ഉപയോഗിച്ച് വലിച്ചെറിയുകയാണെന്നും അദ്ദേഹം വിമർശിച്ചു. കഴിഞ്ഞദിവസം പാലക്കാട് ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുന്നതിനിടെയാണ് വേടനെതിരെ ശശികല അധിക്ഷേപ പരാമർശം നടത്തിയത്. ‘വേടന്മാരുടെ തുണിയില്ലാച്ചാട്ടങ്ങള്‍ക്ക് മുമ്പിൽ സമാജം അപമാനിക്കപ്പെടുകയാണ്. ഇത്തരക്കാർ പറയുന്നത് മാത്രമേ കേള്‍ക്കൂ എന്ന ഭരണത്തിന്റെ രീതി മാറ്റണം. ഇങ്ങനെയുള്ള പരിപാടികളിൽ പതിനായിരങ്ങള്‍ തുള്ളേണ്ടി വരുന്നത് ഗതികേടാണ്.
ആടിക്കളിക്കെടാ കുഞ്ചിരാമാ ചാടിക്കളിക്കെടാ കുഞ്ചിരാമാ എന്ന് പറഞ്ഞ് കുഞ്ചിരാമന്മാരെ ചാടിക്കളിപ്പിക്കുകയും ചുടുചോറ് വാരിപ്പിക്കുകയും ചെയ്യുന്ന സംവിധാനങ്ങള്‍ അവസാനിപ്പിക്കാന്‍ സമയമായെന്ന് ഭരണകൂടത്തിന് മുന്നില്‍ കെഞ്ചാനല്ല, ആജ്ഞാപിക്കാനാണ് ഹിന്ദു ഐക്യവേദി എത്തിയിരിക്കുന്നത്’ എന്നിങ്ങനെ ആയിരുന്നു ശശികലയുടെ പരാമർശം.
അതിനിടെ വേടനെതിരെ ശശികല നടത്തിയ അധിക്ഷേപ പ്രസംഗത്തിനെതിരെ ഡി.വൈ.എഫ്.ഐ പരാതി നല്‍കി. പാലക്കാട് ജില്ലാ കമ്മിറ്റിയാണ് പരാതി നല്‍കിയത്. വേടനെ ജാതീയമായി അധിക്ഷേപിച്ച് സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമമെന്നാണ് ഡി.വൈ.എഫ്.ഐ നൽകിയ പരാതിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

