മാധ്യമപരിരക്ഷയുടെ കവചമൊന്നും കേന്ദ്ര ഭരണത്തിൽനിന്ന് പ്രതീക്ഷിക്കരുതെന്ന് മുഖ്യമന്ത്രി
text_fieldsകേരള പത്രപ്രവർത്തക യൂനിയൻ ജേണലിസ്റ്റ് വെൽഫെയർ ഫണ്ട് എറണാകുളം ടി.ഡി.എം ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി: മാധ്യമ പരിരക്ഷയുടെ കവചമൊന്നും വരുംകാലത്ത് കേന്ദ്ര ഭരണത്തിൽനിന്ന് പ്രതീക്ഷിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനാധിപത്യത്തിന്റെ കാവൽ സംവിധാനമെന്ന് വിശേഷിപ്പിക്കുന്നുണ്ടെങ്കിലും തൊഴിൽസമൂഹമെന്ന നിലയിൽ മാധ്യമപ്രവർത്തകർ കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ആഗോള മാധ്യമസ്വാതന്ത്ര്യ സൂചികയിൽ താഴേക്ക് പോകുന്ന ഇന്ത്യയിൽ, ജീവനക്കാരുടെ തൊഴിൽ അവകാശങ്ങളുടെ സംരക്ഷണത്തിലും വീഴ്ചയുണ്ടാകുന്നു. കേന്ദ്ര ഭരണത്തിന്റെ തൊഴിലാളിവിരുദ്ധ നിലപാടുകൾ തകർച്ചയുടെ വേഗതക്ക് ആക്കംകൂട്ടുകയാണ്. ആകസ്മിക ദുരന്തങ്ങളിൽ പ്രതിസന്ധിയിലാകുന്ന മാധ്യമപ്രവർത്തകരുടെ കുടുംബങ്ങൾക്കായി കേരള പത്രപ്രവർത്തക യൂനിയൻ (കെ.യു.ഡബ്ല്യു.ജെ) നടപ്പാക്കുന്ന ജേണലിസ്റ്റ് വെൽഫെയർ ഫണ്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
യൂനിയന്റെ ക്ഷേമപ്രവർത്തനങ്ങൾ മാധ്യമസമൂഹത്തിന്റെ അതിജീവനത്തിനുള്ള വഴിതുറക്കലാണ്. മാധ്യമപ്രവർത്തകരോടും കുടുംബത്തോടും യൂനിയൻ പുലർത്തുന്ന സ്നേഹവും കരുതലും മാതൃകാപരമാണ്. സർവിസ് ഘട്ടത്തിൽ മരിക്കുന്നവരുടെ കുടുംബത്തിന് 10 ലക്ഷവും രോഗം മൂലം ജോലിയെടുക്കാനാകാത്ത അവസ്ഥയിലാകുന്നവർക്ക് മൂന്നുലക്ഷവും നൽകുന്ന വിധമാണ് ജേണലിസ്റ്റ് വെൽഫെയർ ഫണ്ട് ക്രമീകരിച്ചിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. വിരമിക്കുന്ന മാധ്യമപ്രവർത്തകരോടുമുള്ള കരുതൽ ശ്ലാഘനീയമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
രാസലഹരിക്കെതിരായ പോരാട്ടത്തിൽ പങ്കുചേരുന്ന ബ്രേക്കിങ് ഡി പദ്ധതിയുടെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിർവഹിച്ചു. പുറത്തുപറയാൻ കഴിയാത്ത തിക്താനുഭവങ്ങളാണ് ലഹരി ഉപയോഗംമൂലം പലരുടെയും ജീവിതത്തിൽ ഉണ്ടായിട്ടുള്ളതെന്നും എ.ഐ സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള പദ്ധതിയുമായി മുന്നോട്ടുവന്ന യൂനിയനെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കെ.യു.ഡബ്ല്യു.ജെ സംസ്ഥാന പ്രസിഡൻറ് കെ.പി. റെജി അധ്യക്ഷത വഹിച്ചു. ജേണലിസ്റ്റ് വെൽഫെയർ ഫണ്ട് പദ്ധതിയുടെ ആദ്യ അംഗത്വം കെ.യു.ഡബ്ല്യു.ജെ ജില്ല പ്രസിഡൻറ് ആർ. ഗോപകുമാർ, ബിസിനസ് ലൈൻ ഡെപ്യൂട്ടി എഡിറ്റർ സജീവ് കുമാർ എന്നിവർ ഏറ്റുവാങ്ങി. വിരമിക്കുന്ന മാധ്യമപ്രവർത്തകർക്ക് മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, മന്ത്രി പി. രാജീവ്, ടി.ജെ. വിനോദ് എം.എൽ.എ, ഹൈബി ഈഡൻ എം.പി, ജില്ല പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ എന്നിവർ മെമന്റോ നൽകി. വിരമിക്കുന്ന മാധ്യമപ്രവർത്തകരുടെ സൗഹൃദസംഗമം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. കെ.യു.ഡബ്ല്യു.ജെ സംസ്ഥാന ജന. സെക്രട്ടറി സുരേഷ് എടപ്പാൾ സ്വാഗതം പറഞ്ഞു. ട്രഷറർ കെ.വി. മധുസൂദനൻ കർത്ത, എറണാകുളം ജില്ല സെക്രട്ടറി ഷജിൽകുമാർ, സൂപ്പർ എ.ഐ സി.ഇ.ഒ അരുൺ തെരുളി തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

