‘പിണറായി സർക്കാറിന് നാണക്കേടുണ്ടാക്കരുത്...’എസ്.ഐയോട് കയർത്ത് എം. വിജിൻ എം.എൽ.എ
text_fieldsകേരള ഗവ. നഴ്സസ് അസോസിയേഷൻ കലക്ടറേറ്റ് മാർച്ചിനിടെ ടൗൺ എസ്.ഐയോട്
എം. വിജിൻ എം.എൽ.എ കയർക്കുന്നു
കണ്ണൂർ: പിണറായി വിജയൻ സർക്കാറിന് നാണക്കേടുണ്ടാക്കരുതെന്ന് എസ്.ഐയോട് എം. വിജിൻ എം.എൽ.എ. എന്നോട് സുരേഷ് ഗോപി കളിക്കാൻ വരേണ്ടെന്നും എം.എൽ.എ ടൗൺ എസ്.ഐ പി.പി. ഷമീലിനോട് പറഞ്ഞു. കണ്ണൂരിൽ നഴ്സുമാരുടെ സമരം കലക്ടറേറ്റ് കോമ്പൗണ്ടിലേക്ക് കയറാനിടയായതാണ് എം.എൽ.എയും പൊലീസുമായി വാക്കുതർക്കത്തിനിടയാക്കിയത്.
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഗവ. നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തിയ കലക്ടറേറ്റ് മാർച്ച് തടയാൻ കലക്ടറേറ്റ് ഗേറ്റിൽ പൊലീസുകാരില്ലാത്തതിനെ തുടർന്ന് സമരക്കാർ ജാഥയായി കോമ്പൗണ്ടിലെ ആംഫി തിയറ്ററിലേക്ക് കയറി. മാർച്ച് ഉദ്ഘാടനത്തിനുശേഷം സ്ഥലത്തെത്തിയ പൊലീസുകാർ സമരം പുറത്തേക്ക് മാറ്റാൻ ആവശ്യപ്പെട്ടു.
സമരക്കാരുടെ പേര് കുറിച്ചെടുക്കാനും എസ്.ഐ ആവശ്യപ്പെട്ടു. വനിത പൊലീസുകാരി എത്തി എം.എൽ.എയുടെ പേര് ചോദിച്ചതോടെയാണ് എം.എൽ.എ എസ്.ഐയോട് കയർത്തത്. സമരം നടക്കുന്ന വിവരമറിഞ്ഞിട്ടും ഗേറ്റിൽ പൊലീസിനെ നിർത്താത്തത് എസ്.ഐയുടെ വീഴ്ചയാണെന്നും അതിന് സമരക്കാരുടെ മെക്കിട്ടുകയറരുതെന്നും എം.എൽ.എ പറഞ്ഞു.
കേന്ദ്ര സർക്കാർ വെട്ടിക്കുറച്ച കേരളത്തിന്റെ സാമ്പത്തിക വിഹിതം പുന:സ്ഥാപിക്കുക, തസ്തിക പുനക്രമീകരണം നടത്തി നഴ്സുമാരുടെ റേഷ്യോ പ്രമോഷൻ നടപ്പാക്കുക, ക്ഷാമബത്ത, ശമ്പള പരിഷ്കരണ കുടിശ്ശിക അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

