‘പിണറായിയെ സഭയിൽ കിട്ടണം, പണിയുണ്ടാക്കരുത്’; ധർമ്മടത്തെ ലീഡ് കണ്ട് വിളിച്ചത് കെ.എം ഷാജി മുതൽ വി.ഡി സതീശൻ വരെ!
text_fieldsകോഴിക്കോട്: ധർമ്മടം മണ്ഡലത്തിലെ വോട്ടെണ്ണൽ ദിനത്തിൽ തന്നെ അമ്പരപ്പിച്ച ഫോൺ കോളുകളെ കുറിച്ച് വെളിപ്പെടുത്തലുമായി കോൺഗ്രസ് നേതാവ് വി.പി. അബ്ദുൽ റഷീദ്.
വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തിൽ മുഖ്യമന്ത്രി പിണറായി വിജയനേക്കാൾ ലീഡ് നേടിയപ്പോൾ മുസ്‍ലിം ലീഗ് നേതാവ് കെ.എം ഷാജി ഉൾപ്പെടെയുള്ളവർ വിളിച്ച് തമാശരൂപേണ പിൻവാങ്ങാൻ ആവശ്യപ്പെട്ടതായാണ് അബ്ദുൽ റഷീദ് പറഞ്ഞത്. മീഡിയവൺ ‘പൊളിറ്റിക്കൽ ടീ’ പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ആദ്യ റൗണ്ടുകളിൽ പിണറായി വിജയനേക്കാൾ ലീഡ് വന്നപ്പോൾ ആദ്യം വിളിച്ചത് കെ.എം ഷാജിയാണ്. ‘ഡാ, ആവശ്യമില്ലാത്ത പണിയൊന്നും എടുക്കരുത്, നീ ഇതെന്താ ഭാവിച്ചിരിക്കുന്നത്’എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. എന്താണെന്ന് ചോദിച്ചപ്പോൾ ‘പിണറായി വിജയനെ നമുക്ക് സഭയിൽ കിട്ടണം’ എന്ന് അദ്ദേഹം മറുപടി നൽകി"- റഷീദ് ഓർത്തെടുത്തു. പിന്നാലെ വി.ഡി സതീശൻ, രമേശ് ചെന്നിത്തല, കെ.സി വേണുഗോപാൽ തുടങ്ങിയ പ്രമുഖ നേതാക്കളും തന്നെ വിളിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.
ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടയായ ധർമ്മടത്ത് അപ്രതീക്ഷിത മുന്നേറ്റമുണ്ടാക്കാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്ന് അബ്ദുൽ റഷീദ് പറഞ്ഞു. വോട്ടെണ്ണൽ തുടങ്ങിയപ്പോൾ ആദ്യം ഗൗനിക്കാതിരുന്ന ഉദ്യോഗസ്ഥരും പൊലീസുകാരും ലീഡ് നില കണ്ടതോടെ സ്നേഹത്തോടെ പെരുമാറിത്തുടങ്ങി.
ആറാം റൗണ്ട് കഴിഞ്ഞപ്പോൾ മണ്ഡലത്തിന്റെ രാഷ്ട്രീയ സാഹചര്യം വെച്ച് വിജയിക്കില്ലെന്ന് ബോധ്യമുണ്ടായിരുന്നെങ്കിലും ഇടതുകോട്ടയുടെ അടിത്തറ ഇളക്കാൻ സാധിച്ചുവെന്ന് അദ്ദേഹം അവകാശപ്പെട്ടു.ധർമ്മടത്തെ പിണറായി വിജയന്റെ വിജയത്തിന് പിന്നിൽ എസ്.ഡി.പി.ഐയുമായുള്ള രഹസ്യ ധാരണയാണെന്നും റഷീദ് ആരോപിച്ചു.
ധർമ്മടത്തെ എസ്.ഡി.പി.ഐയുടെ സ്വാധീനമാണ് സംസ്ഥാനമൊട്ടാകെ സി.പി.എമ്മിനെ അവരുമായി അടുപ്പിച്ചത്. മുഴപ്പിലങ്ങാട് പഞ്ചായത്തിൽ എസ്.ഡി.പി.ഐയാണ് പ്രതിപക്ഷമെന്നും, പിണറായിയുടെ വിജയത്തിന്റെ മുഴുവൻ ക്രഡിറ്റും അവർക്ക് അവകാശപ്പെട്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

