'ചവറ്റുകൊട്ടയിൽ എറിഞ്ഞ കത്താണ്, തോന്ന്യാസം പറയുന്നത് ആഘോഷമാക്കുന്നു'; എം.ബി. രാജേഷ്
text_fieldsകൊച്ചി: തോന്ന്യാസം വിളിച്ചുപറയുന്നതിനെ വാർത്തയാക്കി ആഘോഷിക്കുന്നത് പരിതാപകരമാണെന്ന് മന്ത്രി എം.ബി. രാജേഷ്. സി.പി.എം പി.ബിക്ക് നൽകിയ കത്ത് ചോർന്നതിൽ മന്ത്രിയുടെയടക്കം പേരുകൾ പരാമർശിക്കുന്നതിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് കൊച്ചിയിൽ മറുപടി നൽകുകയായിരുന്നു മന്ത്രി.
ഈ കത്ത് നാലുവർഷമായി വാട്സ്ആപ്പിൽ പ്രചരിക്കുന്നതല്ലേ? ചവറ്റുകൊട്ടയിൽ എറിഞ്ഞ ഇതുപോലുള്ള കത്തുകൾ തെരഞ്ഞെടുപ്പ് കാലങ്ങളിൽ വരുന്നത് പതിവാണ്. പരാതിക്കാരൻ തന്റെ ബിനാമിയാണെന്നും തന്നെ തെരഞ്ഞെടുപ്പിൽ സഹായിച്ചെന്നുമുള്ളത് ആരോപണങ്ങൾ മാത്രമാണ്. അതിൽ താൻ വ്യക്തത വരുത്തേണ്ടതായി ഒന്നുമില്ല. ആളുകളെ അപമാനിക്കാനായി ആര് എന്ത് വിളിച്ചുപറഞ്ഞാലും അത് ആഘോഷിക്കുക എന്നതാണ് നിലവിലെ പ്രവണത. ആദ്യമെല്ലാം ഇതിൽ ചെറിയ വിഷമമുണ്ടായിരുന്നെങ്കിലും ഇപ്പോൾ ഇതിനെല്ലാം പുല്ല് വിലയാണ് നൽകുന്നതെന്നും മന്ത്രി പറഞ്ഞു.
തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യത കാത്തുസൂക്ഷിക്കേണ്ടത് തെരഞ്ഞെടുപ്പ് കമീഷന്റെ ഉത്തരവാദിത്തമാണ്. എന്നാൽ, ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടിപോലും പറയാതെ ഒരു പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റ് ആണ് വാർത്തസമ്മേളനത്തിലൂടെ നടത്തിയത്. അതല്ല കമീഷനിൽനിന്ന് പ്രതീക്ഷിക്കുന്നതെന്നും എം.ബി. രാജേഷ് പറഞ്ഞു.
ചെന്നൈയിലെ വ്യവസായി ഷർഷാദ് ലണ്ടൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മറ്റൊരു പാർട്ടിക്കാരൻ രാജേഷ് കൃഷ്ണക്കെതിരെ പാർട്ടി പോളിറ്റ് ബ്യൂറോക്ക് നൽകിയ കത്താണ് ചോർന്നത്. കത്തിൽ മന്ത്രിമാരടക്കമുള്ളവരുമായി ബന്ധപ്പെട്ട ഗുരുതര സാമ്പത്തിക ആരോപണങ്ങളുണ്ട്. ഇതോടെ ചോർന്നതിന്റെ ഗൗരവത്തിൽതന്നെ കത്തിലെ ഉള്ളടക്കവും പാർട്ടിയിൽ പുകയുകയാണ്.
മന്ത്രിമാരെയും സർക്കാർ സംവിധാനങ്ങളെയും കൂട്ടുപിടിച്ചുള്ള അനധികൃത സ്വത്ത് സമ്പാദനമടക്കം ചൂണ്ടിക്കാട്ടി പാർട്ടിക്ക് നൽകിയ കത്ത്, ആരോപണം നേരിടുന്നയാൾക്ക് ചോർന്നുകിട്ടിയത് എങ്ങിനെയെന്നാണ് നേതാക്കൾക്കിടയിൽ ഉയരുന്ന ചോദ്യം. നേതാക്കൾക്കും മന്ത്രിമാർക്കുമെതിരെ പാർട്ടി ഘടകങ്ങൾക്ക് ലഭിക്കുന്ന പരാതികൾ രഹസ്യരേഖയെന്നോണം കൈകാര്യംചെയ്യുന്നതാണ് കീഴ്വഴക്കം. ബന്ധപ്പെട്ട പാർട്ടി ഘടകത്തിൽ ചർച്ചചെയ്യുകയും തുടർനടപടി സ്വീകരിക്കുകയും ചെയ്യുമെന്നല്ലാതെ ഒരു നേതാവിനും കൈവശപ്പെടുത്താനോ പകർപ്പെടുക്കാനോ അനുമതിയില്ല. അത്തരം രേഖ ചോർന്നതാണ് പി.ബിയെ പ്രതിരോധത്തിലാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

