സമ്മാനം കിട്ടിയാൽ സന്തോഷിക്കേണ്ട, തട്ടിപ്പുമായി വൻ സംഘങ്ങൾ
text_fields സമ്മാനം വാഗ്ദാനം ചെയ്ത് ലഭിച്ച സ്ക്രാച്ച് കാർഡ്
മാനന്തവാടി: വൻ തുക സമ്മാനമായി ലഭിച്ചതായുള്ള വാഗ്ദാനം നൽകി പണം തട്ടുന്നത് ജില്ലയിൽ തുടർക്കഥയാകുന്നു. മാനന്തവാടി ചെന്നലായി കുരിശിങ്കൽ കെ.വി. ജോർജിനാണ് 25,60,000 രൂപ സമ്മാനമായി ലഭിച്ചിട്ടുണ്ടെന്ന് രജിസ്റ്റേഡ് തപാലിൽ അറിയിപ്പ് ലഭിച്ചത്.
ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന നാപ്റ്റോൾ ഓൺ ലൈൻ ഷോപ്പിങ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ പന്ത്രണ്ടാം വാർഷികത്തോടനുബന്ധിച്ച് തെരഞ്ഞെടുക്കപ്പെട്ട ഉപഭോക്താക്കൾക്ക് സ്ക്രാച്ച് കാർഡ് നൽകുന്നതായാണ് കത്തിലുള്ളത്.
ഇത് തുറന്നുനോക്കിയപ്പോഴാണ് 25 ലക്ഷം രൂപ സമ്മാനമായി ലഭിച്ചതായി കാണുന്നത്. ബാങ്ക് അക്കൗണ്ട് നമ്പർ, പാൻ കാർഡ് എന്നിവയുടെ വിവരങ്ങൾ നൽകണമെന്നും സമ്മാന തുകക്ക് സർക്കാറിലേക്ക് നൽകേണ്ട നികുതി മൂൻകൂറായി നൽകണമെന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. കമ്പനിയുടെ ഫോൺ നമ്പറിൽ വിളിച്ചപ്പോൾ വിശദമായ വിവരങ്ങൾ അയച്ചുകൊടുക്കാനാണ് പറഞ്ഞതെന്നും ഇത്തരം ചതിക്കുഴികളിൽ ജനങ്ങൾ ചെന്ന് ചാടരുതെന്നും ജോർജ് പറഞ്ഞു.
മെസേജുകളിലൂടെയും ഇ-മെയിലിലൂടെയും ലഭിക്കുന്ന ഇത്തരം തട്ടിപ്പുകൾക്ക് നിരവധി പേരാണ് അടുത്ത കാലത്തായി ജില്ലയിൽ ഇരയായിട്ടുള്ളത്. പലരും നാണക്കേട് കാരണം പരാതി നൽകാറുമില്ല. ലക്ഷക്കണക്കിന് രൂപയാണ് പലർക്കും നഷ്ടമായിട്ടുള്ളത്.