വെനസ്വേല അമേരിക്കയുടെ 51-ാം സംസ്ഥാനമാകുമോ? ട്രംപിന്റെ പ്രസ്താവന ചർച്ചയാകുന്നു
text_fieldsവാഷിങ്ടൺ: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മദുറോ നാടകീയമായി അധികാരത്തിൽ നിന്ന് പുറത്താക്കപ്പെട്ട് മാസങ്ങൾക്ക് ശേഷം, വെനസ്വേലയെ അമേരിക്കയുടെ 51-ാം സംസ്ഥാനമാക്കുന്നതിനെക്കുറിച്ച് പരസ്യപ്രസ്താവനയുമായി ഡോണൾഡ് ട്രംപ്.
തിങ്കളാഴ്ച ഫോക്സ് ന്യൂസിനോട് സംസാരിക്കവെയാണ് വെനസ്വേല സംസ്ഥാനമാക്കുന്നതിനെ കുറിച്ച് താൻ ഗൗരവമായി ആലോചിക്കുന്നുവെന്ന് എന്ന് ട്രംപ് പറഞ്ഞത്. വെനസ്വേലയിലെ എണ്ണസമ്പത്തിനെ ചൂണ്ടിക്കാട്ടിയ ട്രംപ് "വെനസ്വേല ട്രംപിനെ സ്നേഹിക്കുന്നു" എന്നും അവകാശപ്പെട്ടു. ചൊവ്വാഴ്ച തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യലിൽ' വെനസ്വേലയെ യുഎസിന്റെ 51-ാം സംസ്ഥാനമായി ചിത്രീകരിക്കുന്ന ഒരു ഗ്രാഫിക് പങ്കുവെച്ചത് ഈ ചർച്ചകൾക്ക് ആക്കം കൂട്ടി. വെനസ്വേലയുടെ ഭൂപടത്തിന് മുകളിൽ അമേരിക്കൻ പതാക പതിപ്പിച്ച നിലയിലായിരുന്നു ചിത്രം. പിന്നീട് വൈറ്റ് ഹൗസിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടും ഈ ചിത്രം പങ്കുവെച്ചു.
ഗ്രീൻലാൻഡ് പിടിച്ചെടുക്കുന്നതിനെക്കുറിച്ചും കാനഡയെ അമേരിക്കയുടെ ഭാഗമാക്കുന്നതിനെക്കുറിച്ചും നേരത്തെയും ട്രംപ് വിവാദ പ്രസ്താവനകൾ നടത്തിയിട്ടുണ്ട്. എന്നാൽ വെനസ്വേലയിലെ രാഷ്ട്രീയ മാറ്റങ്ങളിൽ അമേരിക്ക നേരിട്ട് ഇടപെടുന്ന സാഹചര്യത്തിലാണ് പുതിയ പ്രസ്താവന ചർച്ചയാകുന്നത്.
എണ്ണ മേഖലയിലെ അമേരിക്കൻ സ്വാധീനം
നിക്കോളാസ് മദുറോയുടെ പുറത്താക്കലിന് ശേഷം വെനസ്വേലയിലെ എണ്ണ മേഖലയിൽ യു,എസ് ഇടപെടൽ ശക്തമാക്കിയിട്ടുണ്ട്. ഏപ്രിൽ മാസത്തിൽ എണ്ണ കയറ്റുമതി പ്രതിദിനം ഒരു ദശലക്ഷം ബാരൽ കടന്നു, ഇത് 2018-ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണ്. വെനസ്വേലയുടെ സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാൻ യു.എസ് ഇടപെടൽ സഹായിക്കുന്നു എന്നതിന്റെ തെളിവായിട്ടാണ് ട്രംപ് ഭരണകൂടം ഇതിനെ കാണുന്നത്.
നിക്കോളാസ് മദുറോക്ക് എന്ത് സംഭവിച്ചു?
ഈ വർഷം ആദ്യം നടന്ന “ഓപ്പറേഷൻ അബ്സല്യൂട്ട് റിസോൾവ്” എന്ന സൈനിക നീക്കത്തിലൂടെ മദുറോയെയും ഭാര്യയെയും അമേരിക്ക പിടികൂടിയിരുന്നു. മയക്കുമരുന്ന് കടത്ത് ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി അമേരിക്കൻ നീതിന്യായ വകുപ്പ് മദുറോക്കെതിരെ നേരത്തെ കുറ്റപത്രം സമർപ്പിച്ചിരുന്നു. നിലവിൽ മദുറോയുടെ മുൻ വൈസ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസാണ് വെനസ്വേലയുടെ താൽക്കാലിക പ്രസിഡന്റായി പ്രവർത്തിക്കുന്നത്.
വെനസ്വേലയ്ക്ക് യഥാർത്ഥത്തിൽ അമേരിക്കയുടെ ഭാഗമാകാൻ കഴിയുമോ?
സാങ്കേതികമായി യു.എസ് ഭരണഘടനയുടെ ആർട്ടിക്കിൾ IV പ്രകാരം പുതിയ സംസ്ഥാനങ്ങളെ യൂനിയനിൽ ചേർക്കാൻ കോൺഗ്രസിന് അധികാരമുണ്ട്. എന്നാൽ വെനസ്വേല ഒരു യു.എസ് സംസ്ഥാനമാകാനുള്ള സാധ്യത വളരെ കുറവാണ്. വെനസ്വേല സ്വന്തം പരമാധികാരം ഉപേക്ഷിക്കാനും അമേരിക്കയിൽ ചേരാനും സ്വയം തയ്യാറാകണം. എന്നാൽ, താൽക്കാലിക പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് ഈ നീക്കത്തെ ശക്തമായി എതിർക്കുന്നു. വെനസ്വേലക്കാർ തങ്ങളുടെ സ്വാതന്ത്ര്യത്തെ സ്നേഹിക്കുന്നുവെന്നും ഇത്തരമൊരു നീക്കം ഒരിക്കലും അംഗീകരിക്കില്ലെന്നുമാണ് അവർ വ്യക്തമാക്കിയത്.
ഇതിനുമുമ്പ്, അലാസ്കയും ഹവായുമൊക്കെ അമേരിക്കൻ ടെറിട്ടറികളായി വർഷങ്ങളോളം തുടർന്ന ശേഷമാണ് സംസ്ഥാനങ്ങളായത്. വെനസ്വേല നിലവിൽ അത്തരമൊരു പദവിയിലല്ല. കാനഡയെയും ഗ്രീൻലാൻഡിനെയും കുറിച്ചുള്ള ട്രംപിന്റെ സമാനമായ പ്രസ്താവനകളെ രാജ്യങ്ങൾ നേരത്തെ തന്നെ തള്ളിക്കളഞ്ഞിരുന്നു. നിലവിൽ വെനസ്വേലയുടെ കാര്യത്തിൽ ട്രംപ് നടത്തുന്ന ഈ പരാമർശങ്ങൾ രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ അനിശ്ചിതത്വങ്ങൾക്ക് വഴിതുറന്നിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

