ഡോൾഫിനുകൾ മീനുകളെ തീരത്തേക്കോടിക്കും; കാത്തിരുന്ന് മീൻപിടുത്തക്കാർ വലവീശും-അപൂർവ പ്രതിഭാസം പഠിക്കാൻ വിദേശത്തുനിന്ന് ഗവേഷകർ അഷ്ടമുടിയിലേക്ക്
text_fieldsഅഷ്ടമുടിയിലെ മീൻപിടിത്തം
കൊല്ലം: ഡോൾഫിനുകൾ മീനുകളെ തീരത്തേക്കോടിക്കും; അപ്പോൾ കാത്തിരുന്ന് മീൻപിടുത്തക്കാർ വലവീശും. അഴിമുഖത്തെ ഈ അപൂർവ പ്രതിഭാസം കാലങ്ങളായി നടക്കുന്നത് നമ്മുടെ അഷ്ടമുടിക്കായലിലാണ്. എന്നാൽ ഇന്ത്യയിൽ മറ്റൊരിടത്തും ഈ പ്രതിഭാസം കാണാൻ കഴിയില്ല. എന്നല്ല ലോകത്തുതന്നെ അത്യപൂർവം സ്ഥലങ്ങളിൽ മാത്രമുള്ള പ്രതിഭാസം.
ഈ അപുർവ പ്രതിഭാസത്തെക്കുറിച്ച് ഗവേഷണം നടത്തുകയാണ് അന്തർദേശീയ ഗവേഷകർ. കേരള യൂനിവേഴ്സിറ്റിയിലെ ഗവേഷകരുടെ സഹായത്തോടെയാണ് പഠനം.
അഷ്ടമുടിയിൽ നിന്ന് കിട്ടുന്നതിൽ വളരെയധികം ഡിമാന്റുള്ള മീനാണ് കണമ്പ്. കണമ്പ് മീനിനെയാണ് ഡോൾഫിനുകൾ തീരത്തേക്ക് ഓടിക്കുന്നത്. ഇതാണ് നാട്ടുകാർക്ക് ചാകരയാകാറുള്ളത്. അഴിമുഖത്തിന് ചുറ്റും താമസിക്കുന്നവർക്കാണ് ഇതിന്റെ നേട്ടം കിട്ടുക.
ഇവിടേക്ക് മറ്റൊരു പഠനത്തിനായി വന്നപ്പോഴാണ് ഗവേഷകർ ഈ പ്രതിഭാസം ശ്രദ്ധിച്ചത്. പതിനഞ്ചുവർഷം മുമ്പായിരുന്നു അത്. ഇത് അന്ന് ഡോകുമെന്റ് ചെയ്യുകയും ചെയ്തിരുന്നു. കേരള ഫിഷറീസ് യൂനിവേഴ്സിറ്റി വൈസ് ചാൻസലർ ആയിരുന്ന ഡോ. എ. ബിജുകുമാറാണ് ഇത് അന്ന് ഡോകുമെന്റ് ചെയ്തത്. ബ്രസീലിലും മ്യാൻമറിലും മത്രമാണ് പിന്നീട് ഈ പ്രതിഭാസം കണ്ടെത്തിയിട്ടുള്ളത്.
വ്യത്യസ്തമായ രജ്യങ്ങളിൽ എങ്ങനെയാണ് ഈ സംവിധാനം കാലങ്ങളായി രുപപ്പെട്ടു വന്നത് എന്നതാണ് പഠനവിധേയമാക്കുന്നത്. ‘ഇക്കോളജി ആന്റ് ഇവൊല്യൂഷൻ ഓഫ് കൾച്ചറൽ ആന്റ് കോ ഓപ്പറേറ്റീവ് ബിഹേവിയർ എമങ് ഡോൾഫിൻസ് ആന്റ് ഹ്യൂമൻസ്’ എന്നതാണ് ഇവരുടെ ഗവേഷണ വിഷയം.
അമേരിക്കയിലെ ഒറിഗോൺ യൂനിവേഴ്സിറ്റി, ബ്രസീലിലെയും ആസ്ട്രേലിയയിലെയും യൂനിവേഴ്സിറ്റികൾ എന്നിവയുടെ സഹകരണത്തോടെയാണ് പഠനം നടക്കുന്നത്. ശനിയാഴ്ച അഷ്ടമുടിക്കായലിൽ ഇതിന്റെ ഫീൽഡ് പഠനങ്ങൾ ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

