ഡോളർ കടത്ത്: കോൺസുലേറ്റ് ഉദ്യോഗസ്ഥരെ ചോദ്യംചെയ്യാൻ കസ്റ്റംസ്
text_fieldsകൊച്ചി: സ്വർണ കടത്തിനോട് അനുബന്ധിച്ച് കേരളത്തിൽനിന്ന് യു.എ.ഇയിലേക്ക് ഡോളർ കടത്തിയ സംഭവത്തിൽ യു.എ.ഇ കോൺസുലേറ്റിലെ മുൻ അറ്റാഷെ ഉൾപ്പെടെയുള്ളവരിലേക്ക് കസ്റ്റംസ് അന്വേഷണം നീങ്ങുന്നു.
ഇവരെ ചോദ്യംചെയ്യുന്നതിനായി കഴിഞ്ഞ ജൂലൈയിൽ കസ്റ്റംസ് കൊച്ചി പ്രിവൻറിവ് കമീഷണറേറ്റ് കേന്ദ്രത്തിെൻറ അനുമതി തേടി. പ്രിവൻറീവ് കമീഷണർ കേന്ദ്ര പരോക്ഷ നികുതി ബോർഡിനാണ് കത്ത് നൽകിയത്.
ഇത് വിദേശകാര്യ മന്ത്രാലയത്തിന് കൈമാറിയിരുന്നു. അറ്റാഷെ റഷീദ് ഖാമിസ് അൽ അഷ്മിയ, യു.എ.ഇ കോൺസുലേറ്റ് ഫിനാൻസ് ഹെഡ് ഖാലിദ് എന്നിവരെ ചോദ്യംചെയ്യാനാണ് നീക്കം. സ്വർണക്കടത്ത് കേസ് പ്രതികളുമായി ഇവർക്ക് ബന്ധമുണ്ടെന്ന വിവരത്തെ തുടർന്ന് ജൂലൈയിൽ തന്നെ തിരുവനന്തപുരം കോൺസുലേറ്റ് നയതന്ത്ര പ്രതിനിധികളെ യു.എ.ഇ തിരിച്ചുവിളിച്ചിരുന്നു.
അറ്റാഷെയുടെ നയതന്ത്ര പരിരക്ഷ നവംബറിൽ യു.എ.ഇ റദ്ദാക്കുകയും ചെയ്തു.
ഇതോടെ ഇദ്ദേഹത്തെ ചോദ്യംചെയ്യുവാനുള്ള പരിമിതികൾ നീങ്ങിയിട്ടുണ്ട്. ലൈഫ് മിഷൻ പദ്ധതിക്ക് കീഴിൽ 140 ഫ്ലാറ്റുകൾ നിർമിക്കാനുള്ള കരാർ നൽകുന്നതിന് ഖാലിദ് പദ്ധതി തുകയുടെ 20 ശതമാനം കമീഷനായി ആവശ്യപ്പെട്ടിരുന്നുവെന്നും അത് നൽകിയെന്നും ഇ.ഡിക്ക് സ്വർണക്കടത്ത് കേസ് മുഖ്യപ്രതികളായ സ്വപ്നയും പി.എസ്. സരിത്തും നൽകിയ മൊഴിയെ തുടർന്നാണ് അന്വേഷണം നീങ്ങിയത്.
സ്വർണ കടത്തും കോൺസുലേറ്റ് ഉദ്യോഗസ്ഥരുടെ അറിവോടെയാണെന്നും മൊഴികളിൽ വെളിപ്പെട്ടു. ഫ്ലാറ്റ് നിർമാണ കരാർ ഏറ്റെടുത്ത യൂനിടാക് ബിൽഡേഴ്സ് എം.ഡി സന്തോഷ് ഈപ്പൻ നൽകിയ മൊഴിയും കോൺസുലേറ്റ് ഉദ്യോഗസ്ഥരെ അന്വേഷണ പരിധിയിൽ കൊണ്ടുവരാൻ മതിയായ തെളിവാണ്.

