Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകുഞ്ഞാലിക്കുട്ടിക്ക്...

കുഞ്ഞാലിക്കുട്ടിക്ക് മുഖ്യമന്ത്രിയാകാൻ അവകാശമില്ലേ? മതം നോക്കി ചാപ്പയടിക്കുന്ന മാർക്സിസ്റ്റ് മനോരോഗത്തിന് അടിയന്തിര ചികിത്സ നൽകണമെന്ന് ഡോ. ജിന്‍റോ ജോൺ

text_fields
bookmark_border
കുഞ്ഞാലിക്കുട്ടിക്ക് മുഖ്യമന്ത്രിയാകാൻ അവകാശമില്ലേ?  മതം നോക്കി ചാപ്പയടിക്കുന്ന മാർക്സിസ്റ്റ് മനോരോഗത്തിന് അടിയന്തിര ചികിത്സ നൽകണമെന്ന് ഡോ. ജിന്‍റോ ജോൺ
cancel

കോഴിക്കോട്: മുസ്‌ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി എ.കെ. ബാലന്‍റെ പരാമർശങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി ഡോ. ജിന്റോ ജോൺ. ഇ.എം.എസ് നമ്പൂതിരിപ്പാട് മുതൽ ഉമ്മൻ ചാണ്ടി വരെ പല കാലഘട്ടങ്ങളിൽ കേരളം ഭരിച്ചവർക്ക് മുഖ്യമന്ത്രിയാകാമെങ്കിൽ കുഞ്ഞാലിക്കുട്ടിക്കും ആ പദവിയിലെത്താൻ ഭരണഘടനാപരമായ അവകാശമുണ്ടെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. യു.ഡി.എഫ് തീരുമാനിക്കുന്ന വ്യക്തിയായിരിക്കും മുഖ്യമന്ത്രിയെന്നും ആ സ്ഥാനത്തിരിക്കുന്നവരുടെ മതം നോക്കി ചാപ്പയടിക്കുന്ന സി.പി.എമ്മിന്റേത് ‘മാർക്സിസ്റ്റ് മനോരോഗ’മാണെന്നും അദ്ദേഹം പരിഹസിച്ചു.

ഭരണകർത്താവിന്റെ മതം തിരയുന്ന സി.പി.എം നിലപാട് തിരുത്തിയില്ലെങ്കിൽ എ.കെ.ജി സെന്റർ വൈകാതെ ബി.ജെ.പി ഓഫീസായ മാരാർജി ഭവന്റെ ബ്രാഞ്ചായി മാറുമെന്ന് ജിന്റോ ജോൺ വിമർശിച്ചു. എല്ലാ വിഭാഗം മനുഷ്യർക്കും മുഖ്യമന്ത്രി കസേരയിലെത്താൻ ഇന്നും സാധ്യതയുള്ള ഒരേയൊരു പ്ലാറ്റ്‌ഫോം യു.ഡി.എഫ് മാത്രമാണ്. ഹിന്ദുവിന്റെയോ മുസ്‌ലിമിന്‍റെയോ ക്രിസ്ത്യാനിയുടെയോ മുഖ്യമന്ത്രിയെയല്ല, കേരളത്തിന്റെ മുഖ്യമന്ത്രിയെയാണ് മുന്നണി തിരഞ്ഞെടുക്കുന്നത്. ഭരണകാലത്ത് പലപ്പോഴും സംഘി നിലപാടുകൾ സ്വീകരിച്ചിട്ടുണ്ടെങ്കിലും പിണറായി വിജയനെ തങ്ങൾ ഒരിക്കലും ‘ഹിന്ദു മുഖ്യമന്ത്രി’യായി കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന് പുറത്ത് ‘ഇന്ത്യ’ മുന്നണിയുടെ ഭാഗമായി മുസ്‌ലിം ലീഗിന്റെ വോട്ടും പിന്തുണയും വാങ്ങി പാർലമെന്റിലെത്തുന്ന ഇടത് നേതാക്കൾ ഇവിടെ വർഗീയത പറയുന്നത് ഇരട്ടത്താപ്പാണ്. ഇന്ത്യൻ പൗരനായ കുഞ്ഞാലിക്കുട്ടിക്ക് പിണറായി വിജയനുള്ള അതേ അവകാശങ്ങൾ ഏത് പദവിയിലെത്താനുമുണ്ട്. ഭരണനഷ്ടം ഭയന്ന് ഉറക്കത്തിൽ ഞെട്ടിയുണരുന്നതിന്റെ പഴി മുസ്‌ലിംഗളുടെ തലയിൽ കെട്ടിവെക്കരുതെന്നും ജിന്റോ ജോൺ പറഞ്ഞു. എ.കെ ബാലൻ ഉൾപ്പെടെയുള്ള നേതാക്കൾ വർഗീയതയുടെ ഛർദ്ദിൽ ചെങ്കൊടിയിൽ പൊതിഞ്ഞ് സംഘപരിവാറിന് കാണിക്ക വെക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പതിറ്റാണ്ടുകളോളം ജമാഅത്തെ ഇസ്‌ലാമിയുടെ പിന്തുണ വാങ്ങി വീമ്പിളക്കിയവർ ഇപ്പോൾ രാഷ്ട്രീയ അഭിപ്രായ വ്യത്യാസത്തിന്റെ പേരിൽ അവരെ ഭീകരമായി ചിത്രീകരിക്കുന്നത് വിചിത്രമാണ്. ബ്രാഞ്ച് തലം മുതൽ പി.ബി വരെ സംഘികൾ ചുടലനൃത്തം ചവിട്ടുന്ന കാഴ്ചയാണ് ഇപ്പോൾ ചെങ്കൊടിയിലുള്ളതെന്നും ചെങ്കൊടിയുടെ നിറം കാവിയായി മാറുന്നതിനെതിരെ എം.എ ബേബിയെപ്പോലുള്ള മുതിർന്ന നേതാക്കൾ കണ്ണുതുറക്കണമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ ആവശ്യപ്പെട്ടു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണ രൂപം

അതിനെന്താ? ഇ.എം.എസ് നമ്പൂതിരിപ്പാടിന് ആകാമെങ്കിൽ, നായനാർക്കും വിഎസ്സിനും ആകാമെങ്കിൽ, പട്ടത്തിനും ആർ ശങ്കറിനും അച്ച്യുതമേനോനും കരുണാകരനും പികെവിക്കും സിഎച്ചിനും എ കെ ആന്റണിക്കും ഉമ്മൻ ചാണ്ടിക്കും ആകാമെങ്കിൽ കുഞ്ഞാലിക്കുട്ടിക്കും ആകാം. യുഡിഎഫ് തീരുമാനിക്കുന്ന ആൾ മുഖ്യമന്ത്രി ആകും. ആകുന്ന ആളുടെ മതം നോക്കി ചാപ്പയടിക്കുന്ന മാർക്സിസ്റ്റ് മനോരോഗത്തിന് അടിയന്തിര ചികിത്സ നൽകണം. അല്ലെങ്കിൽ എകെജി സെന്റർ മാരാർജി ഭവന്റെ ബ്രാഞ്ച് ആപ്പീസാക്കി മാറും.

ഭരണകർത്താവിന്റെ മതം ചികയുന്ന സി.പി.എം ഒരു കാര്യമോർക്കണം. ഇപ്പോഴും എല്ലാ വിഭാഗം മനുഷ്യർക്കും മുഖ്യമന്ത്രി കസേരയിലെത്താൻ സാധ്യതയുള്ള ഒരേയൊരു പ്ലാറ്റ്ഫോം യുഡിഎഫ് മാത്രമാണ്. ഞങ്ങൾ തെരഞ്ഞെടുക്കുന്നത് കേരളത്തിന്റെ മുഖ്യമന്ത്രിയെയാണ്. ഹിന്ദുവിന്റെയോ ക്രിസ്ത്യാനിയുടെയോ മുസ്ലിമിന്റെയോ മാത്രം മുഖ്യമന്ത്രിയെ അല്ല. ഭരണകാലത്ത് സംഘിനിലപാടുകൾ ഒരുപാട് ഉണ്ടെങ്കിലും പിണറായി വിജയനെ ഞങ്ങൾ ഹിന്ദു മുഖ്യമന്ത്രി ആയല്ല കണ്ടതും. കേരളത്തിന്‌ പുറത്തൊക്കെ ഇന്ത്യ മുന്നണിയുടെ ഭാഗമായ മുസ്ലിം ലീഗിന്റെ വോട്ടും പിന്തുണയും വാങ്ങി പാർലമെന്റ് പടികയറിയിട്ട് ഒരുവക മണ്ഡരിത്തേങ്ങാ വർത്തമാനം പറയരുത് മാർക്സിസ്റ്റ് നേതാക്കൾ. ഒരു ഇന്ത്യൻ പൗരനായ കുഞ്ഞാലിക്കുട്ടിക്കും പിണറായി വിജയന്റെ തുല്യ അവകാശമുണ്ട് ഏതൊരു സ്ഥാനത്തുമെത്താൻ. നിങ്ങൾ ഉറക്കത്തിൽ ഭരണനഷ്ടം സ്വപ്നം കണ്ട് ഞെട്ടിയുണരുന്നതിന്റെ പഴി എന്തിനാ മുസ്ലിങ്ങളുടെ തലയിൽ ചാരുന്നത്? കയ്യിലിരുപ്പ് മോശമായി കാരണഭൂതൻ തോൽക്കുന്നതിന്റെ വിഭ്രാന്തിക്ക്‌ മരുന്ന് മതേതരബോധത്തിന്റെ ബാലപാഠം മാത്രമാണ് ബാലൻ സഖാവേ.

എന്തായാലും യു.ഡി.എഫിന്റെ മുഖ്യമന്ത്രി വരുമെന്ന് ബാലേട്ടനും ഉറപ്പിച്ച സ്ഥിതിക്ക് ആ ബ്രണ്ണൻ തള്ളുകാരനെ പ്രതിപക്ഷ നേതാവാക്കുമല്ലോ അല്ലേ. ഈ മുതലിനെ ക്ലിഫ് ഹൗസിൽ നിന്ന് തിരികെ എടുക്കാൻ ബാലൻ സഖാവിന്റെ നേതൃത്വത്തിൽ മ്യൂസിയത്തിൽ വച്ച് ഖജനാവിലേക്ക് പണം വരുത്തുന്ന നവകേരള ബസ് തന്നെ എടുക്കണം കേട്ടോ. കൂട്ടത്തിൽ അന്നുണ്ടായിരുന്ന സഹയാത്രികരെ കൂടിയങ്ങ് എടുക്കാൻ മറക്കരുത്.

വന്നുവന്ന് മാർക്സിസ്റ്റ് നേതാക്കൾക്ക്‌ ജലദോഷം വന്നാൽ പോലും സ്വൈര്യക്കേട് ജമാഅത്തെ ഇസ്ലാമിക്കാണ്. അത്രക്കുണ്ട് ഈ പിണറായിസ്റ്റ് വക്താക്കളുടെ മതേതരബോധം! മൂന്ന് പതിറ്റാണ്ടിലധികം അവരുടെ പിന്തുണ വാങ്ങി വീമ്പിളക്കിയപ്പോൾ പലഹാരമായിരുന്നതൊക്കെ രാഷ്ട്രീയ അഭിപ്രായ വ്യത്യാസം പറഞ്ഞു തുടങ്ങിയതിൽപ്പിന്നെ തുള്ളൽപ്പനിക്കുള്ള പേടിസ്വപ്നമാണ്. ഇനിയും മതനിരപേക്ഷ വാദിയാണെന്ന് ആരൊക്കെയോ അലങ്കരിക്കുന്ന എം സ്വരാജൊക്കെ സത്യാനന്തര ഗുണമേന്മ ചികയുന്ന കാലത്താണ് ഈമാതിരി ബാലമാർ വർഗ്ഗീയതയുടെ ച്ഛർദ്ധൽ ചെങ്കൊടിയിൽ പൊതിഞ്ഞുകെട്ടി സംഘപരിവാറിന് കാണിക്കത്തളിക ഒരുക്കുന്നത്. ചുറ്റുപാടും മൈക്രോസ്കോപ്പ് വച്ച് പരിശോധന നടത്തുന്ന തിരക്കിനിടയിൽ സ്വരാജ് സഖാവിന് സ്വന്തം ഉമ്മറത്ത് പാവിരിച്ചിട്ടിരുന്നുള്ള ഇത്തരം വിദ്വേഷ വർഗ്ഗീയ കോളാമ്പി വിളംബരങ്ങൾ കാണാൻ നേരമുണ്ടാകില്ല. ഏകപക്ഷീയ കണ്ണടയുടെ കുഴപ്പമാകും. എന്നാലും ബേബി സഖാവേ ആരുമില്ലേ അവിടെ ബാലനും വിജയരാഘവനും പോലുള്ള ഈ അസ്ഥിരബുദ്ധികളുടെ തലയിൽ മരുന്നുതളം കെട്ടാൻ? ബ്രാഞ്ച് മുതൽ പിബി വരെ സംഘികൾ ചുടലനൃത്തം ചവിട്ടുന്നതിന് വീശി വീശി ചെങ്കൊടിക്ക്‌ ഇപ്പോൾ നിറം കാവിച്ഛായയാണ്. ഇടക്കൊന്ന് കേരളത്തിലോട്ടും കണ്ണോടിക്കണേ ബേബി സഖാവേ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CPIMAK BalanJinto John
News Summary - Does Kunhalikutty not have the right to be CM? 'Marxist Psychosis' of branding by religion needs urgent treatment: Dr. Jinto John
Next Story