ഡോക്ടർമാർ പ്രക്ഷോഭത്തിലേക്ക്: നാളെ മെഡിക്കൽ കോളജുകളിൽ ധർണ
text_fieldsRepresentational Image
തിരുവനന്തപുരം: ശമ്പള പരിഷ്കരണത്തിലെ അപാകതയടക്കം ചൂണ്ടിക്കാട്ടി മെഡിക്കൽ കോളജ് ഡോക്ടർമാർ പ്രക്ഷോഭത്തിലേക്ക്. കേരള ഗവ. മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷന്റെ (കെ.ജി.എം.സി.ടി.എ) നേതൃത്വത്തിൽ ചൊവ്വാഴ്ച എല്ലാ മെഡിക്കൽ കോളജുകളിലും തിരുവനന്തപുരത്ത് ഡി.എം.ഇ ഓഫിസിന് മുന്നിലും ധർണ നടത്താനാണ് തീരുമാനം. തുടർന്നും അനുകൂല നടപടിയുണ്ടായില്ലെങ്കിൽ ഡിസംബർ ഒന്നുമുതൽ ചട്ടപ്പടി സമരവും പ്രഖ്യാപിച്ചിട്ടുണ്ട്. യു.ജി.സി സ്കീം പ്രകാരം 2020 സെപ്റ്റംബറിൽ ശമ്പള പരിഷ്കരണം പ്രഖ്യാപിച്ചെങ്കിലും എൻട്രി കേഡറിലുള്ളവരുടെ ശമ്പളം 2016 ലേതിനെക്കാൾ വെട്ടിക്കുറച്ചുവെന്നാണ് ഭാരവാഹികൾ പറയുന്നത്.
മുടങ്ങിക്കിടക്കുന്ന ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുക, മെഡിക്കൽ കോളജിലെ ജീവനക്കാർക്ക് വി.ഐ.പി ഡ്യൂട്ടി, പുറത്തുള്ള മറ്റ് ഡ്യൂട്ടികൾ എന്നിവ ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ കൂടി ഉന്നയിച്ചുകൂടിയാണ് ഡോക്ടർമാർ പ്രക്ഷോഭത്തിലേക്ക് നീങ്ങുന്നത്. ഡിസംബറിലെ ചട്ടപ്പടി സമരത്തിലും ഫലം കണ്ടില്ലെങ്കിൽ കൂടുതൽ ശക്തമായ സമരമുറകളിലേക്ക് നീങ്ങാനാണ് തീരുമാനം.
സ്െറ്റെപൻറ് വർധനയടക്കം ആവശ്യങ്ങൾ ഉന്നയിച്ച് മെഡിക്കൽ കോളജിലെ പി.ജി ഡോക്ടർമാർ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യപിച്ചെങ്കിലും സർക്കാറുമായി നടത്തിയ ചർച്ചയിൽ ഒരുമാസത്തേക്ക് സമരം മാറ്റിവെച്ചിരിക്കുകയാണ്. പിന്നാലെയാണ് ഡോക്ടർമാരും സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ശബരിമല മണ്ഡലകാലത്തോടനുബന്ധിച്ച് ബേസ് ക്യാമ്പ് നടത്തുന്നതിനായി സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാരെ മാത്രം നിയമിക്കാനുള്ള തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് കെ.ജി.എം.സി.ടി.എ നേരേത്ത രംഗത്തെത്തിയിരുന്നു.