ഡോക്ടർമാരുടെ പരിശോധനഫലം നെഗറ്റിവ്
text_fieldsകായംകുളം: സമൂഹവ്യാപന ഭീഷണിയുടെ ആശങ്കയിൽ നഗരത്തിന് ആശ്വാസവുമായി താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരുടെ പരിശോധനഫലം നെഗറ്റിവ്. ഡോ. സജീബ് മുഹമ്മദ്, ഡോ. വിഷ്ണു, ഡോ. ഷൈനി എന്നിവരുടെ ഫലമാണ് നെഗറ്റിവായത്. ചെന്നിത്തല, ഇലിപ്പക്കുളം, ആറാട്ടുപുഴ എന്നിവിടങ്ങളിൽനിന്ന് എത്തിയ രോഗികളെയാണ് ഇവർ പരിചരിച്ചത്.
ആശുപത്രിയിൽ ചികിത്സക്ക് എത്തിയ രോഗികളിൽ കോവിഡ് സ്ഥിരീകരിച്ചത് ആരോഗ്യ പ്രവർത്തകരിൽ കടുത്ത ആശങ്ക സൃഷ്ടിച്ചിരുന്നു. സമ്പർക്കപ്പട്ടികയിൽ രോഗികളുടെ എണ്ണം ദിനംപ്രതി വർധിക്കുന്നതിനിടെ ഡോക്ടർമാർ ക്വാറൻറീനിൽ പോകേണ്ടിവന്നത് ആശുപത്രിയുടെ പ്രവർത്തനത്തെയും ബാധിച്ചു. ഡോക്ടർമാരെ സന്ദർശിച്ച നൂറോളം പേരുടെ ആശങ്കയും ഇതിലൂടെ ഒഴിഞ്ഞിരിക്കുകയാണ്.
കായംകുളം–പുനലൂര്‍ റോഡിൽ ഗതാഗതം അനുവദിച്ചു
ആലപ്പുഴ: കണ്ടെയ്ൻമെൻറ് സോണുകളിലെ റോഡുകളിലൂടെയുള്ള ഗതാഗതം നിരോധിച്ചെങ്കിലും ദേശീയപാതയിലൂടെയും കായംകുളം-പുനലൂർ റോഡിലൂടെയും ഗതാഗതം അനുവദിച്ചു.
എന്നാൽ, നിയന്ത്രണമുള്ള പ്രദേശങ്ങളിൽ വാഹനത്തിൽനിന്ന് ഇറങ്ങാനോ /കയറാനോ പാടില്ല. അവശ്യവസ്തുക്കളുടെ വിതരണത്തിനും അടിയന്തര വൈദ്യസഹായത്തിനുമുള്ള യാത്രക്കും നിയന്ത്രണങ്ങൾക്ക് വിധേയമായി ഇളവുകൾ ഉണ്ടായിരിക്കും.
അവശ്യ / ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുന്ന സ്ഥാപനങ്ങൾക്ക് രാവിലെ എട്ട് മുതൽ 11വരെയും പൊതുവിതരണ സ്ഥാപനങ്ങൾക്ക് (പി.ഡി.എസ്.) രാവിലെ എട്ടു മുതൽ ഉച്ചക്ക് രണ്ടുവരെയും പ്രവർത്തിക്കാം. ഒരേ സമയം അഞ്ചിലധികം പേർ എത്താൻ പാടില്ല. മറ്റ് സ്ഥാപനങ്ങൾ തുറക്കാൻ പാടില്ല.
ഐ.ടി.ബി.പി ക്യാമ്പ്: എല്ലാവരെയും പരിശോധിക്കും
ആലപ്പുഴ: നൂറനാട് ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് (ഐ.ടി.ബി.പി) ക്യാമ്പിലെ മുഴുവന്‍ ഉദ്യോഗസ്ഥരെയും സ്വാബ് ടെസ്റ്റിന് വിധേയമാക്കുമെന്ന് കലക്ടര്‍ എ. അലക്സാണ്ടര്‍ അറിയിച്ചു. ഇവരുടെ സുരക്ഷ ഉറപ്പുവരുത്താനും ചികിത്സയും നിരീക്ഷണവും ഉറപ്പാക്കാനും ജില്ല ഭരണകൂടവും ആരോഗ്യവകുപ്പും നടപടി എടുത്തുവരുകയാണ്.
350ലധികം ഉദ്യോഗസ്ഥരാണ് ഇവിടെയുള്ളത്. കഴിഞ്ഞ ദിവസം 118 പേരുടെ സ്രവം പരിശോധനക്ക് നല്‍കിയിട്ടുണ്ട്. ഇതിനു മുമ്പ് 92 പേരുടെ സ്രവം പരിശോധനക്ക് ശേഖരിച്ചിരുന്നു. പരിശോധനയില്‍ പോസിറ്റിവായവരെ ആശുപത്രിയിലേക്ക് മാറ്റി. നെഗറ്റിവ് ആകുന്നവരെ ക്വാറൻറീന് ചെയ്യുന്നതിന് ജില്ല ഭരണകൂടം അടുത്തുള്ള മൂന്നു കെട്ടിടം ഏറ്റെടുത്തു.
ഐ.ടി.ബി.പി ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ചെങ്ങന്നൂര്‍ ആര്.ഡി.ഒയെ ചുമതലപ്പെടുത്തിയതായി കലക്ടര്‍ അറിയിച്ചു. ഐ.ടി.ബി.പി ക്യാമ്പില്‍ കോവിഡ് ബാധിതരുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ കോവിഡ് നിയന്ത്രണ ഭാഗമായി നൂറനാട്, പാലമേൽ, താമരക്കുളം എന്നീ ഗ്രാമപഞ്ചായത്തുകളുടെ പരിധിയിലുള്ള മുഴുവൻ പ്രദേശങ്ങളും ലാർജ് ക്ലസ്റ്റർ / കണ്ടെയ്ൻമെൻറ് സോണുകളായി പ്രഖ്യാപിച്ച് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി കലക്ടര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
