ട്രെയിൻ യാത്രക്കിടയിലെ വൈദ്യസേവനം ചെലവേറും
text_fieldsതിരുവനന്തപുരം: ട്രെയിൻ യാത്രക്കിടയിലെ വൈദ്യസേവനങ്ങൾക്കുള്ള നിരക്ക് കുത്തനെ ഉയർത്തി റെയിൽവേ ബോർഡിെൻറ പുതിയ ഉത്തരവ്. നിലവിലെ 20 രൂപ 100 ആയാണ് വർധിപ്പിച്ചത്. യാത്രക്കിടയിലെ ഡോക്ടറുടെ സേവനത്തിന് നിരക്ക് നിലവിലുണ്ടെങ്കിലും തുച്ഛമായതിനാൽ സാധാരണ ഇതു ഇൗടാക്കാറില്ല. ഫലത്തിൽ സൗജന്യമായിരുന്നു വൈദ്യസേവനം. എന്നാൽ, നിരക്ക് അഞ്ചിരട്ടി വർധിപ്പിച്ച് ഉത്തരവിറക്കിയോടെ തുക ഇൗടാക്കാൻ റെയിൽവേയിലെ മെഡിക്കൽ ഒാഫിസർമാർ നിർബന്ധിതരാകും. 30 വർഷത്തിനിടെ ആദ്യമായാണ് തുക പരിഷ്കരിക്കുന്നത്. നിസ്സാരവും അനാവശ്യവുമായ കാര്യങ്ങൾക്ക് ഡോക്ടർമാരെ വിളിക്കുന്ന പ്രവണത ഒഴിവാക്കൽ ലക്ഷ്യമിട്ടാണ് നിരക്ക് വർധനയെന്നാണ് റെയിൽവേയുടെ വിശദീകരണം. അതേസമയം, തുച്ഛം നിരക്കിലോ സൗജന്യമോ ആയി യാത്രക്കാർക്ക് ലഭിച്ചിരുന്ന സേവനങ്ങളെല്ലാം അവസാനിപ്പിച്ച് പരമാവധി വരുമാനം വർധിപ്പിക്കലാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് റെയിൽവേയിലെ ഉദ്യോഗസ്ഥർതന്നെ വ്യക്തമാക്കുന്നു.
കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ, ഷൊർണൂർ, തൃശൂർ, പാലക്കാട്, കോഴിക്കോട് തുടങ്ങി എല്ലാ പ്രധാന സ്റ്റേഷനുകളിലും റെയിൽവേ ഡോക്ടർമാെര നിയോഗിച്ചിട്ടുണ്ട്. യാത്രക്കാർക്ക് ശാരീരിക ബുദ്ധിമുട്ടുകളോ െപെട്ടന്നുള്ള ആരോഗ്യ പ്രശ്നങ്ങളോ നേരിടുന്ന ഘട്ടങ്ങളിൽ ടി.ടി.ഇമാർ വഴിയോ ഗാർഡ് വഴിയോ അടുത്ത സ്റ്റേഷനിൽ വിവരമറിയിച്ച് ടെയിൻ എത്തുന്ന മുറക്ക് ഡോക്ടറുടെ സേവനം ലഭ്യമാക്കുന്ന രീതിയാണ് നിലിവിലുള്ളത്. ഫോൺ മാർഗവും വൈദ്യസഹായം നേടാം.പ്രതിമാസം ശരാശരി 8000ത്തിന് മുകളിൽ കാളുകൾ യാത്രക്കിടെ റെയിൽവേ ഡോക്ടർമാരെ തേടിയെത്താറുണ്ടെന്നാണ് കണക്ക്. അധിക വിളികളും നിസ്സാര കാര്യങ്ങൾക്കാണെന്നാണ് റെയിൽവേ മെഡിക്കൽ സർവിസ് കോർപറേഷെൻറ വിശദീകരണം.
രാജ്യത്താകമാനം 2550 ഡോക്ടർമാർമാരാണ് റെയിൽവേയിലുള്ളത്. ഇതിൽ 550 തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണ്. ട്രെയിൻ യാത്രയിൽ ഡോക്ടറുടെ സേവനം ലഭ്യമാക്കുന്ന യാത്രക്കാരനിൽനിന്ന് 20 രൂപ ഇൗടാക്കണമെന്ന നിബന്ധന 1989ലാണ് റെയിൽവേ മാന്വലിൽ ഉൾപ്പെടുത്തുന്നത്. യാത്രനിരക്കിൽ മാത്രമല്ല, ടിക്കറ്റ് റദ്ദാക്കൽ ഇനത്തിലും റെയിൽവേ യാത്രക്കാരെ പിഴിയുകയാണ്. രണ്ടു വർഷത്തിനിടെ ടിക്കറ്റ് റദ്ദാക്കൽ വകയിൽ മാത്രം യാത്രക്കാരിൽനിന്ന് റെയിൽവേ പിടുങ്ങിയത് 2660 കോടിയാണ്. ഇതിനു പിന്നാലെയാണ് വൈദ്യസേവനത്തിന് നിരക്കുയർത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
