വൈദ്യന്‍റെ കൊലപാതകം: മുഖ്യപ്രതിയുടെ ഭാര്യയെ പ്രതിയാക്കിയിട്ടില്ലെന്ന് പൊലീസ്
text_fieldsകൊച്ചി: മൈസൂരു സ്വദേശിയായ പാരമ്പര്യ വൈദ്യൻ ഷാബ ഷെരീഫിനെ തട്ടിക്കൊണ്ടുവന്ന് കൊലപ്പെടുത്തിയെന്ന കേസിൽ മുഖ്യപ്രതി ഷൈബിന്റെ ഭാര്യ ഫസ്‌നയെ പ്രതിയാക്കിയിട്ടില്ലെന്ന് പൊലീസ് ഹൈകോടതിയിൽ അറിയിച്ചു. മുൻകൂർ നോട്ടീസ് നൽകി മാത്രമേ ഇവരെ ചോദ്യം ചെയ്യാൻ വിളിപ്പിക്കാവൂ എന്നു നിർദേശിച്ച് ഹരജിയിലെ തുടർ നടപടികൾ അവസാനിപ്പിച്ചു. ഫസ്‌ന നൽകിയ മുൻകൂർ ജാമ്യാപേക്ഷയാണ് ജസ്റ്റിസ് പി. ഗോപിനാഥ് പരിഗണിച്ചത്.
മൂലക്കുരു ചികിത്സക്കുള്ള ഒറ്റമൂലി പറഞ്ഞുതരണമെന്നാവശ്യപ്പെട്ട് 2019ൽ ഷാബ ഷെരീഫിനെ നിലമ്പൂരിലേക്ക് തട്ടിക്കൊണ്ടുവന്ന് ഒന്നേകാൽ വർഷം തടവിലാക്കി പീഡിപ്പിച്ചെന്നും പിന്നീട് കൊലപ്പെടുത്തി വെട്ടിനുറുക്കി പുഴയിൽ തള്ളിയെന്നുമാണ് കേസ്. ഷൈബിൻ ഉൾപ്പെടെ പ്രതികളെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. പ്രവാസി വ്യവസായിയായ ഷൈബിന്റെ നിലമ്പൂർ മുക്കട്ടയിലെ വീട്ടിൽ ബാത്ത്റൂമിനോടു ചേർന്ന മുറിയിലാണ് ഷാബ ഷെരീഫിനെ തടവിൽ പാർപ്പിച്ചിരുന്നത്.
വീട്ടമ്മയായ താൻ നിരപരാധിയാണെന്നും സംഭവത്തെക്കുറിച്ചു അറിയില്ലെന്നുമായിരുന്നു ഫസ്‌നയുടെ വാദം. ഭർത്താവിന്റെ ദൈനംദിന ഇടപാടുകളിൽ ഇടപെടാറില്ലെന്നും ഹരജിയിൽ പറഞ്ഞിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

