ഡോക്ടർമാരുടെ അനാസ്ഥ: പന്ത്രണ്ടുകാരിക്ക് കാലു മാറി ശസ്ത്രക്രിയ നടത്തി
text_fieldsതിരുവനന്തപുരം: ആറാം ക്ലാസ് വിദ്യാർഥിനിക്ക് സ്വകാര്യ ആശുപത്രിയിൽ കാലുമാറി ശസ്ത്രക്രിയ. പട്ടം മുറിഞ്ഞപാലം ജി.ജി ആശുപത്രിയിലാണ് പന്ത്രണ്ടുകാരിയുടെ ഇടതുകാലില്‍ നടത്താനുള്ള ശസ്ത്രക്രിയ വലതുകാലില്‍ നടത്തിയത്. മാലി സ്വദേശി ഹസന്‍ അലിയുടെയും വെട്ടുകാട് ഒാള്‍സെയിൻറ്സ് സ്വദേശി റഷീദയുടെയും മകള്‍ മറിയം ഹംദയാണ് ക്രൂരതക്കിരയായത്. അബദ്ധം പറ്റിയതാണെന്ന് ആശുപത്രി അധികൃതര്‍ സമ്മതിച്ചതായി രക്ഷാകർത്താക്കൾ പറഞ്ഞു.
മൂന്നുമാസം മുമ്പ് കുട്ടിയുടെ ഇടതുകാലിന് കസേരയിലിടിച്ച് പരിക്കേറ്റിരുന്നു. സ്കൂളിലെ പടിക്കെട്ട് കയറാന്‍ വിഷമം അനുഭവപ്പെട്ടത്തിനെതുടർന്നാണ് കഴിഞ്ഞയാഴ്ച ജി.ജി ആശുപത്രിയിലെത്തിച്ചത്. ഇടതുകാലിെൻറ എക്സ്റേയും എം.ആര്‍.ഐ സ്കാനും എടുത്ത ഡോക്ടര്‍മാര്‍ ഇടതുകാല്‍മുട്ടിലെ ലിഗ്മെൻറിന് പരിക്കുണ്ടെന്നും ശസ്ത്രക്രിയ വേണമെന്നും നിര്‍ദേശിക്കുകയായിരുന്നു.
തിങ്കളാഴ്ച ഉച്ചക്ക് ശസ്ത്രക്രിയക്കുശേഷം മകളെ കണ്ടപ്പോഴാണ് കാലുമാറി ശസ്ത്രക്രിയ നടത്തിയവിവരം മാതാവ് അറിഞ്ഞത്. ഗുരുതര ചികിത്സാപിഴവ് ചൂണ്ടിക്കാട്ടി രക്ഷാകർത്താക്കള്‍ മെഡിക്കൽ കോളജ് പൊലീസിൽ പരാതി നൽകി. ആശുപത്രി അധികൃതര്‍ സംഭവം ഒതുക്കിത്തീര്‍ക്കാനുള്ള ശ്രമത്തിലാണ്.
ഇടതുകാൽ ശസ്ത്രക്രിയ ചെയ്യുന്നതുൾപ്പെടെ ചികിത്സകളും തുടര്‍ചികിത്സയും സൗജന്യമായി ചെയ്തുനല്‍കാമെന്ന്‍ ആശുപത്രി മാനേജ്മെൻറ് രക്ഷാകർത്താക്കളെ അറിയിച്ചിട്ടുണ്ട്.കുട്ടി തീവ്രപരിചരണവിഭാഗത്തിലാണ്. വെട്ടുകാട് മിസ്റ്റിക്കല്‍ റോസ് സ്കൂൾ വിദ്യാര്‍ഥിനിയാണ്.ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ തയാറായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
