ബസിൽ യാത്രികൻ കുഴഞ്ഞുവീണു; രക്ഷകനായി സഹയാത്രികനായ ഡോക്ടർ
text_fieldsതൃശൂർ: ഡോക്‌ടേഴ്‌സ് ദിനത്തില്‍ തൃശൂര്‍ മെഡിക്കല്‍ കോളജില്‍നിന്ന് സന്നദ്ധ സേവനത്തിന്റെ കരുതൽ മാതൃക. ഇരിങ്ങാലക്കുടയിലുള്ള വീട്ടില്‍ നിന്നു മെഡിക്കല്‍ കോളജിലേക്ക് രാവിലെ ജോലിക്ക് സ്വകാര്യ ബസിൽ വരികയായിരുന്നു ഡോ രാജേഷ്. യാത്രക്കിടെ ഒരാള്‍ ബസിൽ കുഴഞ്ഞ് വീഴുന്നത് ശ്രദ്ധയിൽപ്പെട്ടു. ഉടന്‍ പ്രഥമ ശുശ്രൂഷ നല്‍കി അദ്ദേഹത്തെ തൃശൂര്‍ ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജിലും എത്തിച്ചു.
ചേര്‍പ്പ് സ്വദേശി രഘുവിനാണ് (59) ഡോക്ടര്‍ തുണയായത്. മുമ്പും ഹൃദയാഘാതം വന്നയാളാണ് രോഗി. രഘുവിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ടിന്റെ ചുമതലയുള്ള ഡോ. നിഷ എം. ദാസ് അറിയിച്ചു. തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഇന്‍ഫെഷ്യസ് ഡിസീസസ് വിഭാഗം അസോസിയേറ്റ് പ്രഫസറാണ് ഡോ. കെ.ആര്‍. രാജേഷ്. ബസ് അശ്വിനി ആശുപത്രി ജങ്ഷൻ കഴിഞ്ഞപ്പോഴാണ് ഒരാള്‍ ബസില്‍ കുഴഞ്ഞ് വീഴുന്നത് ഡോക്ടറുടെ ശ്രദ്ധയിൽപ്പെട്ടത്. എന്തു ചെയ്യണമെന്നറിയാതെ യാത്രക്കാരും ജീവനക്കാരും പരിഭ്രമിച്ചപ്പോൾ ഡോക്ടർ മുന്നോട്ട് വന്ന് രോഗിയുടെ പള്‍സ് ഉള്‍പ്പെടെ പരിശോധിക്കുകയും കാര്‍ഡിയാക് അറസ്റ്റാണെന്ന് മനസിലാക്കി സി.പി.ആര്‍ നല്‍കുകയും ചെയ്തു.
ബസിൽനിന്നു യാത്രക്കാരെ ഇറക്കി രോഗിയുടെ കൂടെയുണ്ടായിരുന്ന ബന്ധുവിനൊപ്പം ഡോക്ടർ ജനറല്‍ ആശുപത്രിയിലെത്തിച്ചു. രോഗി അബോധാവസ്ഥയിലും പള്‍സ് ഇല്ലാത്ത അവസ്ഥയിലുമായിരുന്നു. യാത്രയിലുടനീളം ഡോക്ടര്‍ സി.പി.ആര്‍ നല്‍കി. ഡോക്ടര്‍തന്നെ അത്യാഹിത വിഭാഗത്തില്‍ രോഗിയെ പ്രവേശിപ്പിച്ച് അടിയന്തര ചികിത്സ നല്‍കി. ഡ്യൂട്ടി ആര്‍.എം.ഒയും മറ്റ് ഡോക്ടര്‍മാരും ചേർന്ന് രോഗിയെ വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കാനുള്ള നടപടി എടുത്തു.
അപ്പോഴേക്കും രോഗിക്ക് ബോധം വരികയും ശരീരം പ്രതികരിച്ച് തുടങ്ങുകയും ചെയ്തു. നില മെച്ചപ്പെട്ട ശേഷം ആംബുലന്‍സില്‍ കയറ്റി ഡോക്ടര്‍തന്നെ രോഗിയെ തൃശൂര്‍ മെഡിക്കല്‍ കോളജിലെത്തിച്ചു. മെഡിക്കല്‍ കോളജ് എമര്‍ജന്‍സി വിഭാഗത്തിലെത്തിച്ച് വിദഗ്ധ ചികിത്സ നല്‍കി. മെഡിക്കല്‍ കോളജില്‍ ചികിത്സക്ക് പോകുന്ന വഴിക്കാണ് കുഴഞ്ഞുവീണത്. കൃത്യസമയത്ത് സി.പി.ആര്‍ നല്‍കി ആശുപത്രിയിൽ എത്തിക്കാനായത് ജീവന്‍ രക്ഷിക്കാൻ സഹായിച്ചു. ഡോക്ടർക്കൊപ്പം നിന്ന ബസ് ജീവനക്കാരുടെ പ്രവര്‍ത്തനവും മാതൃകാപരമായി. രോഗിയുടെ ജീവന്‍ രക്ഷിച്ച ഡോ. രാജേഷിനെ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

