ഫിസിയോ തെറാപ്പിസ്റ്റുകൾക്ക് പേരിന് മുന്നിൽ ‘ഡോക്ടർ’: അപ്പീൽ നൽകി ഐ.എം.എ
text_fieldsപ്രതീകാത്മക ചിത്രം
കൊച്ചി: അംഗീകൃത മെഡിക്കൽ ഡിഗ്രി ഇല്ലാത്ത ഫിസിയോ തെറപ്പിസ്റ്റുകളും ഒക്യുപേഷണൽ തെറപ്പിസ്റ്റുകളും പേരിന് മുന്നിൽ ‘ഡോക്ടർ’ എന്ന് ചേർക്കുന്നതിനെതിരായ ഹരജി തള്ളിയതിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്‍റെ (ഐ.എം.എ) അപ്പീൽ.
നിലവിൽ പേരിന് മുമ്പ് ‘ഡോക്ടർ’ എന്ന് ഉപയോഗിക്കുന്നതിൽ പ്രത്യേക നിയന്ത്രണമില്ലാത്തതിനാൽ ഇക്കാര്യത്തിൽ ഉത്തരവിടാനുള്ള പരിമിതി ചൂണ്ടിക്കാട്ടിയ ജസ്റ്റിസ് എസ്.എ. ധർമാധികാരി, ജസ്റ്റിസ് പി.വി. ബാലകൃഷ്ണൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് സർക്കാറാണെന്ന് വ്യക്തമാക്കി.
ഈ ആവശ്യം ഉന്നയിച്ച് ഹരജിക്കാർ സർക്കാറിന് നിവേദനം നൽകണമെന്നും അതിൽ വേഗത്തിൽ തീരുമാനമെടുക്കാൻ നിർദേശിക്കാമെന്നും കോടതി വ്യക്തമാക്കി. നിലപാട് അറിയിക്കാൻ ഐ.എം.എയുടെ അഭിഭാഷകർ സമയം തേടിയതിനെ തുടർന്ന് ഹരജി മാർച്ച് മൂന്നിന് പരിഗണിക്കാൻ മാറ്റി.
‘ഡോക്ടർ’ ചേർക്കുന്നതും സ്വതന്ത്ര പ്രാക്ടീസ് നടത്തുന്നതും വിലക്കണമെന്നാവശ്യപ്പെട്ട് ഐ.എം.എ ഫിസിക്കൽ മെഡിസിൻ ആന്റ് റിഹാബിലിറ്റേഷനും ഇന്ത്യൻ മെഡിക്കൽ അസോസിയേഷനുമടക്കം സമർപ്പിച്ച ഹരജികളാണ് നേരത്തെ സിംഗിൾ ബെഞ്ച് തള്ളിയത്. സർക്കാറിന്റെ നയപരമായ തീരുമാനത്തിൽ ഇടപെടാനാകില്ലെന്നും മെഡിക്കൽ കൗൺസിൽ നിയമത്തിലോ അനുബന്ധ നിയമങ്ങളിലോ മെഡിക്കൽ പ്രഫഷനലുകൾക്ക് മാത്രമായി ‘ഡോക്ടർ’ എന്ന പദവി നിജപ്പെടുത്തിയിട്ടില്ലെന്നുമായിരുന്നു സിംഗിൾ ബെഞ്ചിന്‍റെ വിലയിരുത്തൽ. എന്നാൽ, ഫിസിയോ തെറാപ്പിസ്റ്റുകൾ പേരിന് മുന്നിൽ ഡോക്ടർ എന്ന് ഉപയോഗിക്കാൻ നിയമം അനുവദിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അപ്പീൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

