കോവിഡിനെതിരെ പൊരുതാനുറച്ച് യുവ ഡോക്ടർ
text_fieldsപുലാമന്തോൾ: ലോകമാകെ കോവിഡ് വ്യാപിക്കുമ്പോൾ അതിനെതിരെ പൊരുതാനുറച്ച് പുലാമന്തോളിൽനിന്ന് ഒരു യുവ ഡോക്ടർ. രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ള മുബൈ സയോൺ ലോകമാന്യ തിലക് മുനിസിപ്പൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗീ പരിചരണത്തിൽ വ്യാപൃതയായിരിക്കുകയാണ് ഡോ. വാസുദേവെൻറയും ഡോ. തുളസി വാസുദേവെൻറയും മകൾ വാണി വാസുദേവൻ.
പലരും മാറിനിൽക്കുമ്പോൾ കോവിഡ് രോഗികളെ പരിചരിക്കൽ ജീവിതചര്യയാക്കിയിരിക്കുകയാണ് ഇവർ. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്നും എം.ബി.ബി.എസ് കഴിഞ്ഞ ശേഷം മഹാരാഷ്ട്രയിലെ ലോകമാന്യ തിലക് മുനിസിപ്പൽ മെഡിക്കൽ കോളജിൽ അനസ്തീഷ്യയിൽ പി.ജി ചെയ്യവെയാണ് കോവിഡ് മുബൈ നഗരത്തെ കീഴടക്കിയത്.
ഈ അവസരത്തിലാണ് ആശുപത്രിയിൽ വിവിധ വിഷയങ്ങളിൽ പി.ജി ചെയ്യാനെത്തിയ വാണിയടക്കമുള്ള ഇരുപതോളം വരുന്ന യുവ ഡോക്ടർമാരെ ഡ്യൂട്ടിക്കായി നിയോഗിക്കുന്നത്. ചേരി പ്രദേശമായ ധാരാവിയിൽ നിന്ന് കൂടുതൽ ആളുകൾ എത്തുന്നത് കാരണം ആശുപത്രിയിലെ സ്ഥിതി അതിഭീകരമാണ്. പ്രത്യേക വാർഡുകൾ ഒരുക്കാനോ അകലം പാലിക്കാനോ പരിചരിക്കാനോ ചികിത്സ ലഭ്യമാക്കാനോ കഴിയാത്ത അവസ്ഥയിൽ ജീവൻ പണയം വെച്ചാണ് ആതുരശുശ്രൂഷയിൽ വ്യാപൃതരാവുന്നത്. മണിക്കൂറുകളോളം മാറ്റാൻ കഴിയാത്ത പ്ലാസ്റ്റിക് ഷീറ്റും കൊണ്ട് പൊതിഞ്ഞു കെട്ടിയ മൃതദേഹങ്ങളും ഗുരുതരാവസ്ഥയിലുള്ള രോഗികളുമുള്ള വാർഡുകളിലായിരിക്കും ജോലി ചെയ്യേണ്ടി വരിക. ഗുരുതരാവസ്ഥയിലും രോഗികൾക്ക് നിലത്ത് പോലും കിടക്കാൻ സ്ഥലമില്ലാത്ത അവസ്ഥയിൽ 25 മുതൽ 30 വരെ രോഗികളെ ഇവർക്ക് പരിശോധിക്കേണ്ടി വരുന്നു.
മറ്റു ജീവനക്കാരും കുറവുള്ള ദുരവസ്ഥയിൽ രോഗികളുടെ ചികിത്സചുമതല ഇവരടക്കമുള്ള പി.ജി ചെയ്യാനെത്തിയ ഡോക്ടർമാരുടെ ചുമലിലാണ്. ഇവരിൽ ചിലർ രോഗബാധിതരാണ്. കൂടുതൽപേർ രോഗികളാകുന്ന അവസ്ഥയിൽ രോഗീപരിചരണം കൂടുതൽ വഷളാവുമെന്ന ഭീതി നിലനിൽക്കുമ്പോഴും കോവിഡിനെതിരെ പൊരുതാൻ ഉറച്ച തീരുമാനത്തിൽ തന്നെയാണ് ഈ യുവ ഡോക്ടർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
