വീട്ടിലാണോ വോട്ട്? അറിയുക ഇക്കാര്യങ്ങൾ
text_fieldsകാസർകോട്: തെരഞ്ഞെടുപ്പിൽ വീട്ടിൽ വോട്ടുചെയ്യാനായി 85 വയസ്സുള്ളവരും ഭിന്നശേഷി വോട്ടര്‍മാരും ഉള്‍പ്പെടെ 10,363 പേരാണ് അപേക്ഷ നല്‍കിയിട്ടുള്ളത്. ഇതില്‍ അര്‍ഹരായവരുടെ യോഗ്യത പരിശോധിച്ചുവരുകയാണ്.
18 മുതല്‍ ഇവര്‍ക്ക് വീടുകളില്‍ വോട്ട് ചെയ്യുന്ന സംവിധാനം ആരംഭിക്കും. അതിനുമുമ്പ് അര്‍ഹരായവരുടെ പട്ടിക രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ക്ക് കൈമാറും. 18ന് രാവിലെ ഒമ്പതിന് വീട്ടില്‍ വോട്ടിന്റെ പ്രവര്‍ത്തനം ആരംഭിക്കും. ജില്ലയില്‍ നിലവില്‍ 108 ടീമുള്‍പ്പെടെ ഏഴു നിയമസഭ മണ്ഡലങ്ങളിലായി 155 ടീമിനെയാണ് സജ്ജീകരിച്ചിരിക്കുന്നത്.
ഒരു ടീം ഒരു ദിവസം 15 വീടുകളിലെത്തി വോട്ട് ചെയ്യിപ്പിക്കും. ദിവസം ശരാശരി 2355 വീടുകളില്‍ വോട്ട് രേഖപ്പെടുത്താനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. 18, 19, 20, 21, 22 എന്നീ അഞ്ചു ദിവസങ്ങളിലായി വീട്ടില്‍ വോട്ട് പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യം. 12ഡി ഫോറത്തില്‍ അപേക്ഷ നല്കിയ അര്‍ഹരായവര്‍ക്കാണ് വോട്ട്.
വോട്ട് ചെയ്യാന്‍ ആദ്യത്തെ തവണ ഏതെങ്കിലും അടിയന്തര സാഹചര്യത്തില്‍ സാധിക്കാതെപോയാല് ഒരു തവണകൂടി ഉദ്യോഗസ്ഥര്‍ ആ വീടുകളില്‍ എത്തും. രണ്ടാം തവണയും വോട്ട് ചെയ്തില്ലെങ്കില്‍ പിന്നീട് അവര്‍ക്ക് വോട്ട് ചെയ്യാന്‍ അവസരമുണ്ടാകില്ല. പോളിങ് ബൂത്തില്‍ പോയാലും വോട്ട് ചെയ്യാന്‍ സാധിക്കില്ലെന്ന് കലക്ടര്‍ പറഞ്ഞു.
വീട്ടിലെത്തി വോട്ട് രേഖപ്പെടുത്തിയ ബാലറ്റുകള്‍ മെറ്റല്‍ ബിന്നില്‍ സൂക്ഷിക്കും. ഓരോദിവസവും അതത് നിയമസഭ മണ്ഡലത്തിലെ വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററില്‍ മെറ്റല്‍ ബിൻ അന്ന് വൈകീട്ട് കൊണ്ടുവരും.
എ.ആര്.ഒയുടെയും സ്ഥാനാര്‍ഥികളുടെ ഏജന്റുമാരുടെയും സാന്നിധ്യത്തില്‍ മെറ്റല്‍ ബിന്ന് തുറന്നു പരിശോധിച്ച് പ്രത്യേക കവറുകളിലാക്കി എ.ആര്.ഒ അടയാളപ്പെടുത്തി വരണാധികാരിയുടെ കാര്യാലയമായ കലക്ടറേറ്റിലേക്കെത്തിക്കും. കലക്ടറേറ്റില്‍ ഹോം വോട്ട് സെക്ഷനില്‍ പ്രത്യേക സ്ട്രോങ് റൂമില്‍ സൂക്ഷിക്കും.
വീട്ടില്‍ വോട്ട് രേഖപ്പെടുത്തുന്ന സംവിധാനത്തിനായി പ്രത്യേകം മൈക്രോ പ്ലാന്‍ തയാറാക്കും. ടീമിന്റെ വിവരം, ടീം എത്തുന്ന സമയം, പോളിങ് സ്റ്റേഷന്, വോട്ട് ചെയ്യാന്‍ എത്തുന്ന വീട് എന്നീ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ പ്ലാന്‍ രാഷ്ട്രീയ പാര്‍ട്ടികളെ അറിയിക്കും.
വീട്ടിലെ വോട്ട്: പരിശീലനം നാളെ
ഏഴ് നിയമസഭ മണ്ഡലങ്ങളിലുമുള്ള വീട്ടില്‍ വോട്ട് രേഖപ്പെടുത്താനുള്ള പോളിങ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം കാസര്‍കോട് ഗവ. കോളജില്‍ തിങ്കളാഴ്ച രാവിലെ 9.30ന് നടക്കും. ഒരു ടീമില്‍ ഒരു മൈക്രോ നിരീക്ഷകൻ, ഒന്നാം പോളിങ് ഓഫിസര്‍, രണ്ടാം പോളിങ് ഓഫിസര്‍, ബൂത്ത് ലെവല്‍ ഓഫിസര്‍, ഒരു പൊലീസ് ഓഫിസര്‍, വിഡിയോഗ്രാഫര്‍ എന്നിവരുണ്ടാകും.
പോസ്റ്റലാണോ വോട്ട്...
കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തില്‍ സൈനികരുള്‍പ്പെടെ 3300 സര്‍വിസ് വോട്ടര്‍മാരാണുള്ളത്.
പോസ്റ്റൽ വോട്ടിന് 12 ഫോറത്തില്‍ അപേക്ഷ നല്കുന്ന കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തില്‍ വോട്ടവകാശമുള്ളവരും ജില്ലക്ക് പുറത്ത് ജോലിചെയ്യുന്നവരുമായവര് എത്രയുംവേഗം അപേക്ഷ വരണാധികാരിക്ക് നല്‍കണമെന്ന് കലക്ടര്‍ അറിയിച്ചു.
പോളിങ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം
കാസർകോട്: 18, 19, 20 തീയതികളില്‍ പോളിങ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം നടക്കും.
അതത് നിയമസഭ മണ്ഡലങ്ങളിലെ പരിശീലന കേന്ദ്രങ്ങളിലെ ഫെസിലിറ്റേഷന്‍ സെന്ററുകളില്‍ പോളിങ് ഉദ്യോഗസ്ഥര്‍ക്ക് വോട്ടിങ്ങിനുള്ള സൗകര്യവും ഒരുക്കും. കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തില്‍ വോട്ടവകാശമുള്ള മണ്ഡലത്തിലെ പോളിങ് ഉദ്യോഗസ്ഥര്‍ക്ക് അവര്‍ ജോലി ചെയ്യുന്ന ബൂത്തില്‍ ഇലക്ഷന് ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് വോട്ട് ചെയ്യാന്‍ സാധിക്കും.
ഇലക്ഷന് ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ് പരിശീലന സമയത്ത് നല്‍കും. 21, 22, 23 തീയതികളില്‍ പോസ്റ്റല്‍ വോട്ടിങ് സൗകര്യം അവശ്യസേവന വിഭാഗത്തില്‍പെട്ട കാസര്‍കോട് ജില്ലക്കാര്‍ക്ക് ഇവിടെ വോട്ട് രേഖപ്പെടുത്താം.
എല്ലാ പോളിങ് ബൂത്തിലും ഭിന്നശേഷിക്കാര്‍ക്ക് വേണ്ടി റാമ്പ് ഉള്‍പ്പെടെ സൗകര്യം ഒരുക്കും. ഇലക്ഷന് ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷ 22വരെ സ്വീകരിക്കും. 19ന് ഉച്ചക്ക് 3.30ന് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം വീണ്ടും ചേരുമെന്ന് കലക്ടര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

