ആഗസ്റ്റ് ഒന്നുമുതൽ സേവനങ്ങൾക്കായി കെ.എസ്.ഇ.ബി ഓഫിസുകളിൽ പോകേണ്ട
text_fieldsതിരുവനന്തപുരം: ആഗസ്റ്റ് ഒന്നുമുതൽ ഉപയോക്താക്കൾ സേവനങ്ങൾക്കായി കെ.എസ്.ഇ.ബി ഓഫിസുകൾ സന്ദർശിക്കുകയോ രേഖകളുടെ ഹാർഡ് കോപ്പി സമർപ്പിക്കുകയോ ചെയ്യേണ്ടതില്ലെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി. നിയമസഭയിൽ ഊർജവകുപ്പിന്‍റെ ധനാഭ്യർഥന ചർച്ചകൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. എല്ലാ സെക്ഷൻ ഓഫിസിലും 'സേവനം വാതിൽപടിയിൽ' പദ്ധതി കാര്യക്ഷമമായി നടപ്പാക്കുന്നതോടെയാണിത്. മൂന്നു മാസത്തിനകം ഭൂരിഭാഗം ഉപയോക്താക്കളെയും ഓൺലൈനായും മൊബൈൽ ആപ് വഴിയും ബിൽ അടയ്ക്കുന്ന രീതിയിലേക്ക് മാറ്റാൻ പ്രേരിപ്പിക്കുന്ന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാർഷിക കണക്ഷനുകൾ, സബ്സിഡി സേവനമുള്ള ദാരിദ്ര്യരേഖക്ക് താഴെയുള്ള ഉപയോക്താക്കൾ എന്നിവർക്ക് മാത്രം ഇക്കാര്യത്തിൽ ഇളവുണ്ടാകും. കാഷായി മാത്രം പണമടയ്ക്കാൻ ഏതെങ്കിലും പ്രത്യേക സാഹചര്യങ്ങളിൽ നിർബന്ധിതരാകുന്നവർക്ക് കെ.എസ്.ഇ.ബി കാഷ് കൗണ്ടറുകൾക്കു പുറമെ, വാണിജ്യ-സഹകരണ ബാങ്കുകളിൽ കൺസ്യൂമർ നമ്പർ വെർച്വൽ അക്കൗണ്ട് നമ്പറായി പരിഗണിച്ച് പണമടയ്ക്കാൻ ക്രമീകരണമേർപ്പെടുത്തും. വയർമാൻ ലൈസൻസിനുള്ള അപേക്ഷ സമർപ്പിക്കാനും ലൈസൻസ് വിതരണം ചെയ്യാനുമുള്ള ഓൺലൈൻ സൗകര്യം ഈ വർഷമൊരുക്കും.
സർവിസ് കണക്‌ഷൻ, ലൈനും പോസ്റ്റും മാറ്റൽ, മറ്റുള്ളവരുടെ സ്ഥലത്തുകൂടി ലൈൻ വലിക്കാനുള്ള എതിർപ്പ്, ലൈൻ വലിക്കുന്നതിന് മരം മുറിച്ചതിന്‍റെ നഷ്ടപരിഹാരം, വനം വകുപ്പിന്‍റെ എതിർപ്പ് കാരണം ലൈൻ വലിക്കാനുള്ള തടസ്സം, ലൈൻ അഴിച്ചുമാറ്റൽ, വൈദ്യുതി ബില്ലിലെയും താരിഫിലെയും പരാതികൾ, കേടായ മീറ്ററുകൾ, കോടതിയിലുള്ള കേസുകൾ, വോൾട്ടേജ് ക്ഷാമം, വൈദ്യുതി ദുരുപയോഗം, കേബിൾ ടി.വി തർക്കങ്ങൾ, സുരക്ഷ അനുമതി പ്രശ്നങ്ങൾ എന്നിവ പരിഹരിക്കാൻ ജില്ല അടിസ്ഥാനത്തിൽ പരാതി പരിഹാര അദാലത് നടത്തും. ലൈഫ് മിഷൻ ബി.പി.എൽ ഉപയോക്താക്കൾക്ക് അവരുടെ പുരയിടത്തിൽനിന്ന് ലൈനുകൾ മാറ്റിസ്ഥാപിക്കാൻ ഇളവ് അനുവദിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

