'കോടതി നടപടികളെ അവഹേളിക്കരുത്, എല്ലാ സംശയങ്ങൾക്കുമുള്ള മറുപടി വിധിയിലുണ്ടാകും' - ജഡ്ജി ഹണി വർഗീസ്
text_fieldsകൊച്ചി: നടി ബലാത്സംഗത്തിനിരയായ കേസിൽ വിധി പുറപ്പെടുവിച്ച കോടതി നടപടിയെ അവഹേളിക്കരുതെന്ന് മുന്നറിയിപ്പ് നൽകി സെഷൻ കോടതി ജഡ്ജി ഹണി എം. വർഗീസ്. നടൻ ദിലീപ് എട്ടാം പ്രതിയായിരുന്ന കേസിൽ ഡിസംബർ എട്ടിനാണ് വിധി പ്രഖ്യാപിച്ചത്. ദിലീപിനെ കോടതി കുറ്റവിമുക്തനാക്കുകയും ഒന്നാം പ്രതിയായ പൾസർ സുനി ഉൾപ്പെടെ മറ്റ് ആറ് പേരെ കുറ്റക്കാരാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. പ്രതികളുടെ ശിക്ഷാ വിധി പ്രസ്താവത്തിന് മുൻപായിരുന്നു ഹണി എം. വർഗീസിന്‍റെ പ്രസ്താവന.
കേസിലെ കോടതി നടപടിയെക്കുറിച്ച് പൊതുസമൂഹത്തിൽ നടന്ന ചർച്ചയിലും ചില അഭിഭാഷകരുടെയും മാധ്യമപ്രവർത്തകരുടെയും പരാമർശങ്ങളിലുമാണ് കോടതി കടുത്ത അതൃപ്തി അറിയിച്ചത്. ജഡ്ജി ഹണി എം. വർഗീസിന്റെ ഭൂതകാലത്തെ കുറിച്ച് അന്വേഷിക്കുകയോ അഭിപ്രായം രേഖപ്പെടുത്തുകയോ ചെയ്യാം. തന്നെക്കുറിച്ച് വ്യക്തിപരമായി വരുന്ന ലേഖനങ്ങളിൽ തനിക്ക് പ്രശ്നമില്ല. എന്നാൽ, കോടതിയെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ വാർത്തകൾ നൽകുന്നത് കോടതിയലക്ഷ്യമായി കണക്കാക്കും. നീതിന്യായ വ്യവസ്ഥയെഅവഹേളിക്കുന്ന തരത്തിലുള്ള വാർത്തകൾ നൽകരുതെന്നും കോടതി പറഞ്ഞു.
ജുഡീഷ്യൽ സംവിധാനത്തെ സംരക്ഷിക്കേണ്ട ചുമതല അഭിഭാഷകർക്കും മാധ്യമപ്രവർത്തകർക്കും ഉണ്ട്. ബലാത്സംഗ കേസുകളിലടക്കം കോടതി നടപടികൾ റിപ്പോർട്ട് ചെയ്യുന്നതിനുള്ള മാർഗരേഖ സുപ്രീം കോടതി പുറപ്പെടുവിച്ചിട്ടുണ്ട്. അത് പാലിക്കണമെന്നും കോടതി മാധ്യമങ്ങളോട് നിർദേശിച്ചു. കോടതി നടപടികൾ വളച്ചൊടിക്കുന്നത് കോടതിയലക്ഷ്യമായി പരിഗണിക്കുമെന്നും ജഡ്ജി ഹണി എം. വർഗീസ് മുന്നറിയിപ്പ് നൽകി.
കേസിന്‍റെ കോടതി നടപടികൾ റെക്കോർഡ് ചെയ്യുകയോ, മറ്റൊരിടത്തേക്ക് കൈമാറ്റം ചെയ്യുകയോ ചെയ്യുന്നവർക്കെതിരെ നടപടി സ്വീകരിക്കും. ലൈംഗികാതിക്രമത്തിന് ഇരയായവരുടെ വിവരങ്ങൾ വെളിപ്പെടുത്തുന്നത് വിലക്കുന്ന 'നിപുൺ സക്സേന vs യൂണിയൻ ഓഫ് ഇന്ത്യ' കേസിൽ സുപ്രീം കോടതി നൽകിയ മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ട കേസായിരുന്നു ഇത്. എന്നാൽ, കേസിലെ റിപ്പോർട്ടിങ്ങിൽ പലപ്പോഴും ഈ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കപ്പെടുന്നില്ലെന്നും ജഡ്ജി നിരീക്ഷിച്ചു.
കോടതി വിധി സമൂഹത്തിന് വേണ്ടിയല്ലെന്ന് ജഡ്ജി പറഞ്ഞു. അത് കുറ്റവാളികള്‍ക്കും കുറ്റകൃത്യത്തിനും എതിരെയുള്ളതാണ്. ശിക്ഷയാണ് സമൂഹത്തിന് സന്ദേശമാകേണ്ടതെന്നും കോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

