നിർബന്ധിത പിരിവ് അനുവദിക്കാനാവില്ലെന്ന് ആവർത്തിച്ച് ഹൈകോടതി
text_fieldsകൊച്ചി: സാലറി ചലഞ്ചിൽ സർക്കാർ നിലപാടിനെ വിമർശിച്ച് വീണ്ടും ഹൈകോടതി. നിർബന്ധിത പിരിവ് അനുവദിക്കാനാവില്ലെന്ന് കോടതി ആവർത്തിച്ചു. സർക്കാർ നടപടികളിൽ നിർബന്ധബുദ്ധിയുണ്ടെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടു. ജീവനക്കാരുടെ സാമ്പത്തിക പരാധീനത കൂടി സർക്കാർ കണക്കിലെടുക്കണം. ഒരു മാസത്തെ ശമ്പളം നൽകണമെന്ന് പറയുന്നത് നിർബന്ധിത പിരിവാണെന്നും കോടതി നിരീക്ഷിച്ചു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്കുള്ള സാലറി ചലഞ്ചിന്‍റെ പേരില്‍ നിര്‍ബന്ധിത പണപ്പിരിവ് നടത്തുന്നുവെന്ന് ആരോപിച്ച് എൻ.ജി.ഒ സംഘടന നല്‍കിയ ഹരജി പരിഗണിച്ചാണ് കോടതിയുടെ നിരീക്ഷണം.
വിസമ്മതപത്രം നൽകാത്തവർ സാലറി ചാലഞ്ചിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി എ.ജി അറിയിച്ചു. എന്നാൽ വിസമ്മത പത്രം നൽകിയില്ല എന്നതിന് അർഥം അവർ പണം നൽകാൻ തയാറാണെന്ന് കണക്കാക്കാനാവില്ലെന്നും കോടതി എ.ജിയെ ഒാർമിപ്പിച്ചു.
കാർഗിൽ യുദ്ധ സമയത്ത് സമാനമായ ഒരു ഉത്തരവ് കേന്ദ്ര സർക്കാർ ഇറക്കിയിരുന്നുവെന്ന് എ.ജി വാദിച്ചെങ്കിലും അതുമായി സാലറി ചലഞ്ചിനെ താരതമ്യം ചെയ്യരുതെന്ന് കോടതി ചൂണ്ടിക്കാട്ടി.
കോടതി എന്തിനാണ് സർക്കാറിന് എതിരായ നിലപാട് സ്വീകരിക്കുന്നതെന്ന എൻ.ജി.ഒ യൂണിയന്‍റെ പരാമർശം കോടതിയെ ചൊടിപ്പിച്ചു. കേസിൽ കക്ഷി ചേർന്ന സംഘടനയുടെ ഇത്തരം പരാമർശങ്ങൾ അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയ അഭിഭാഷകനോട് കോടതി അതൃപ്തി അറിയിച്ചു.
സാലറി ചലഞ്ചിൽ പങ്കെടുക്കാത്തവർക്കെതിരെ ഭീഷണികൾ വരുന്നുണ്ടെന്ന് ഹരജിക്കാർ കോടതിയെ അറിയിച്ചു. ഒരു നിർബന്ധവും ഇല്ലാതെ പണം നൽകാൻ ജീവനക്കാരെ അനുവദിക്കണമെന്നും ഹരജിക്കാർ വാദിച്ചു.
സാലറി ചലഞ്ചില്‍ ശമ്പളം നല്‍കാത്തവരുടെ പട്ടിക തയാറാക്കിയതെന്തിനെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. ദുരിതാശ്വാസത്തിന്‍റെ പേരില്‍ നിര്‍ബന്ധിത പിരിവ് പാടില്ലെന്നും പട്ടിക പുറത്തുവിടരുതെന്നു നിർദേശം നൽകുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
