അധികാരത്തിലെത്തിയാൽ പക്ഷപാതിത്വം കാണിക്കരുത്; മന്ത്രിമാരോട് മുഖ്യമന്ത്രിയുടെ നിർദേശം
text_fieldsതിരുവനന്തപുരം: അധികാരത്തിലെത്തിയാൽ ഭരണകാര്യങ്ങളില്‍ പക്ഷപാതിത്വം പാടില്ലെന്ന് മന്ത്രിമാരോട് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് മന്ത്രിമാര്‍ക്കായി സംഘടിപ്പിച്ച പരിശീലന പരിപാടിയില്‍ സംസാരിക്കവെയാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. രാഷ്ട്രീയത്തിലും സമൂഹത്തിലും സര്‍ക്കാറിനെ അധികാരത്തില്‍ ഏറ്റിയവരും ഏറ്റാതിരിക്കാന്‍ ശ്രമിച്ചവരും ഉണ്ടാകും. എന്നാല്‍ അധികാരത്തിലെത്തിയാല്‍ ഒരു തരത്തിലുള്ള പക്ഷപാതിത്വവും പാടില്ല എന്ന് മുഖ്യമന്ത്രി നിർദേശിച്ചു.
ഭരണ കാര്യങ്ങളില്‍ മന്ത്രിമാരെ പോലെ ഉദ്യോഗസ്ഥരുടെ പങ്കും പ്രധാനമാണ്. ഉദ്യോഗസ്ഥരുടെ അഭിപ്രായം ശരിയെന്ന് തോന്നിയാല്‍ സ്വീകരിക്കണം. സര്‍ക്കാറിന്റെ അഭിമാന പദ്ധതിയായ ലൈഫ് എന്ന ആശയം മുന്നോട്ട് വച്ചത് ഒരുദ്യോഗസ്ഥനാണെന്നും പിണറായി വിജയൻ ഓർമിപ്പിച്ചു.
മൂന്നു ദിവസത്തെ പരിശീലന പരിപാടിയില്‍ പത്ത് സെഷനുകളാണുള്ളത്. ഭരണസംവിധാനത്തെ കുറിച്ച് മന്ത്രിമാര്‍ക്ക് അവബോധം ഉണ്ടാക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. വകുപ്പുകളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരും മുന്‍ ചീഫ് സെക്രട്ടറിമാരും ക്ലാസുകള്‍ നയിക്കും.ദുരന്തവേളകളില്‍ നേതൃത്വം അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍, മന്ത്രിയെന്ന നിലയില്‍ എങ്ങനെ ടീം ലീഡര്‍ ആകാം തുടങ്ങിയ സെഷനുകളാണ് ആദ്യ ദിനം. 22ന് പരിശീലന പദ്ധതി അവസാനിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

