കുടുംബവേരുകൾ കണ്ടെത്താൻ ഡി.എൻ.എ പരിശോധന; വലവിരിച്ച് സ്റ്റാർട്ടപ് കമ്പനികൾ, പ്രചാരണം സമൂഹ മാധ്യമങ്ങൾ വഴി
text_fieldsഡി.എൻ.എ പരിശോധന ആപ്പിന്റെ പരസ്യവാചകങ്ങൾ
തൃശൂർ: 'നിങ്ങളുടെ മാതൃ -പിതൃ പരമ്പരകൾ എവിടെനിന്നാണെന്ന് അറിയേണാ? വരൂ ഡി.എൻ.എ പരിശോധിക്കാം.' ജനിതക പരിശോധനയുടെ ശാസ്ത്ര സാങ്കേതിക നേട്ടങ്ങളെ വംശ വൃക്ഷത്തിന്റെ തായ്വേരുകളന്വേഷിക്കുന്നവർക്ക് സമ്മാനിച്ച് വിദേശ സ്റ്റാർട്ടപ് കമ്പനികൾ മാടിവിളിക്കുകയാണ്. സമൂഹ മാധ്യമങ്ങൾ വഴിയാണ് ഇവരുടെ പ്രചാരണം. മനുഷ്യരുടെ ജനിതക ഘടകം മാതാപിതാക്കളിലൂടെയാണ് എത്തുന്നതെന്നതിനാൽ അവരുടെ വംശപരമ്പര (എത്നിക് ലൊക്കേഷൻ) എവിടെനിന്ന് എത്തിയെന്നത് ഡി.എൻ.എ പരിശോധനയിലൂടെ കണ്ടെത്താനാകും. ഇതിനായി ഉമിനീരോ രക്ത സാമ്പിളുകളോ പരിശോധിക്കുന്ന കിറ്റ് കമ്പനി നൽകും. 3900 രൂപയാണ് വില. 30 ദിവസം സൗജന്യമായി പരിശോധിക്കാം. അതിനുശേഷം 7332 രൂപയായി വർധിക്കുമെന്ന മുന്നറിയിപ്പും അവർ നൽകുന്നു. അതേസമയം, എത്ര പ്രപിതൃ -മാതൃ തലമുറകളുടെ സ്ഥലരേഖകൾ നൽകാനാകുമെന്ന് കമ്പനി ഉറപ്പുനൽകുന്നില്ല.
ലോകത്തെ 2114 വംശീയ മേഖലയിലെ ജനിതക ഘടനകൾ കൈയിലുണ്ടെന്നാണ് ഇസ്രായേൽ കേന്ദ്രീകരിച്ചുള്ള സ്റ്റാർട്ട്അപ് കമ്പനി അവകാശപ്പെടുന്നത്. പരിശോധനക്ക് മൊബൈലിൽ അവരുടെ ആപ് ഡൗൺലോഡ് ചെയ്യണം. രക്തവും ഉമിനീരും എടുത്ത് ഡി.എൻ.എ കിറ്റിൽ പറയുംവിധം പരിശോധിച്ച് ഫലം ആപ്പിൽ നൽകണം. നാലാഴ്ചക്കുള്ളിൽ തായ്വേരുകൾ കണ്ടെത്തി റിപ്പോർട്ട് നൽകുമെന്നാണ് കമ്പനി പറയുന്നത്. കൈവശമുള്ള ജനിതക ഘടനകളും മാതൃ -പിതൃ കോശഘടകങ്ങളുമായി താരതമ്യപ്പെടുത്തിയാണ് ഫലം തയാറാക്കുന്നത്. ഡി.എൻ.എ പരസ്യപ്പെടുത്തിയും പഴയ ചിത്രങ്ങൾ പങ്കുവെച്ചും കുടുംബക്കാരെ തിരയാനും ആപ് സൗകര്യമൊരുക്കുന്നു. ജീവിതത്തിൽ ഒരുപാട് കുടുംബക്കാരെ കിട്ടിയെന്ന ഇന്ത്യക്കാർ ഉൾപ്പെടെയുള്ളവരുടെ സാക്ഷ്യവും ആപ്പിൽ നൽകിയിട്ടുണ്ട്. ഒരു കോടിയിലേറെ ആളുകൾ ആപ് ഉപയോഗിക്കുന്നുണ്ടെന്നും കമ്പനി പറയുന്നു.
കോശങ്ങളും കോശങ്ങൾക്ക് ഊർജം കൊടുക്കുന്ന മൈറ്റോ കോൺഡ്രിയയുടെയും ജനിതക ഘടനകളാണ് പരിശോധനക്ക് വിധേയമാക്കുക. കുടുംബ പാരമ്പര്യമറിയാനുള്ള താൽപര്യം എന്നതിലുപരി കുലമഹിമക്കുള്ള ആധികാരിക രേഖയായി ഇവ കണക്കാക്കുന്നവരേറെയാണ്. ഡി.എൻ.എ പരിശോധനക്ക് രാജ്യത്ത് നിയന്ത്രണങ്ങളില്ലാത്തത് മുതലെടുത്താണ് രാജ്യത്തിനകത്തും പുറത്തുമുള്ള ആരോഗ്യ മേഖലയിലെ സ്റ്റാർട്ടപുകൾ ഈ മേഖലയിൽ ചുവടുറപ്പിക്കുന്നത്. രാജ്യത്തും സംസ്ഥാനത്തും ഈ ആവശ്യത്തിന് പരിശോധന നടത്തുന്നവർ ഏറിവരുകയാണെന്ന് ജനകീയാരോഗ്യ പ്രവർത്തകർ വ്യക്തമാക്കുന്നു.