അടിമുടി ആശയക്കുഴപ്പം! പാലക്കാട് കോളറയില്ല, രോഗം സ്ഥിരീകരിച്ചെന്ന ആരോഗ്യമന്ത്രിയുടെ പ്രസ്താവന തള്ളി ഡി.എം.ഒ
text_fieldsതിരുവനന്തപുരം: നിപക്കു പിന്നാലെ കോളറയിലും ആശയക്കുഴപ്പം. പാലക്കാട് രണ്ടുപേർക്ക് കോളറ സ്ഥിരീകരിച്ചെന്ന് ആരോഗ്യമന്ത്രിയും തിരുത്തി ഡി.എം.ഒയും. പിന്നീട് കോളറ സംശയം മാത്രമാണെന്ന് വ്യക്തമാക്കി ആരോഗ്യവകുപ്പ് ഓഫിസ്.
പാലക്കാട് രണ്ടുപേർക്ക് കോളറ സ്ഥിരീകരിച്ചെന്ന് ആരോഗ്യമന്ത്രി തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോടാണ് പറഞ്ഞത്. തൊട്ടു പിന്നാലെ പാലക്കാട് ഡി.എം.ഒ കോളറ സ്ഥിരീകരിച്ചിട്ടില്ലെന്ന് അറിയിച്ചു. വയറിളക്കം, ഛർദി തുടങ്ങിയ ലക്ഷണങ്ങളോടെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച രണ്ടുപേർക്ക് കോളറ സംശയിച്ചിരുന്നു. നിലവിൽ ഈ രണ്ടു പേർക്കും രോഗം സ്ഥിരീകരിച്ചിട്ടില്ലെന്നും ഡി.എം.ഒ വ്യക്തമാക്കി.
ഒടുവിൽ മന്ത്രിയുടെ പ്രസ്താവന തിരുത്താതെ, ഡി.എം.ഒയുടെ റിപ്പോർട്ട് ആരോഗ്യവകുപ്പ് ഓഫിസ് മാധ്യമങ്ങൾക്ക് കൈമാറുകയായിരുന്നു. നിപ രോഗബാധയുടെ കാര്യത്തിലും ഇത്തരം ആശയക്കുഴപ്പം ഉയർന്നിരുന്നു. പുണെ വൈറോളജി ലാബിൽനിന്ന് പരിശോധനഫലം വന്നില്ലെന്നായിരുന്നു ആരോഗ്യമന്ത്രി വാർത്തസമ്മേളനത്തിൽ പറഞ്ഞത്. എന്നാൽ പരിശോധനഫലം വന്നതായി കലക്ടർ കോഴിക്കോട് അറിയിക്കുകയും ചെയ്തു. കലക്ടർ തന്നെ ഇക്കാര്യം അറിയിച്ചില്ലെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം.
അതേസമയം, സംസ്ഥാനത്ത് ഗുരുതര ആരോഗ്യപ്രതിസന്ധി രൂപപ്പെട്ടിട്ടും അനങ്ങാപ്പാറ നയമാണ് സര്‍ക്കാര്‍ തുടരുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് ആരോപിച്ചു. കോഴിക്കോട് കേന്ദ്രീകരിച്ച് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനോ പൊതുജനങ്ങളുടെ ആശങ്ക പരിഹരിക്കാനോ മന്ത്രിമാരോ ഉന്നത ഉദ്യോഗസ്ഥരോ ഇല്ലാത്ത സ്ഥിതിയാണ്. അനാസ്ഥ വെടിഞ്ഞ് സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണം. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളിലും ജനങ്ങള്‍ക്ക് ആത്മവിശ്വാസം പകരുന്നതിലും സര്‍ക്കാറിന് സി.പി.എമ്മിന്റെ പൂര്‍ണ പിന്തുണയുണ്ടാകും. ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ പാലിച്ച് മുന്നോട്ടുപോകണം.
നിപ സ്ഥിരീകരിച്ച വിവരം അറിയിക്കുന്നതിലും രോഗിയുടെ ആരോഗ്യസ്ഥിതി വിവരിക്കുന്നതിലുമെല്ലാം മന്ത്രിയും ജില്ല ഭരണകൂടവും തമ്മിലെ ഏകോപനമില്ലായ്‌മ വെളിവായി. രോഗം സ്ഥിരീകരിച്ചതുപോലും മന്ത്രി അറിഞ്ഞില്ല എന്നത് ഗൗരവതരമായ വീഴ്‌ചയാണ്. ഗുരുതരാവസ്ഥയില്‍ തുടരുന്ന നിപ രോഗിക്ക് ആവശ്യമായ മരുന്നുപോലും എത്തിയിട്ടില്ലെന്ന വാര്‍ത്ത ഞെട്ടിക്കുന്നതാണ് സി.പി.എം പ്രസ്താവനയിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

