‘കുട്ടികളുടെ കാഴ്ച സഹിക്കാനാവുന്നില്ല, ബി.ജെ.പി രാഷ്ട്രീയം കളിക്കുന്നു’; മാധ്യമങ്ങൾക്കു മുമ്പിൽ പൊട്ടിക്കരഞ്ഞ് ഡി.കെ. ശിവകുമാർ
text_fieldsബംഗളൂരു: റോയൽ ചാലഞ്ചേഴ്സ് ബംഗളൂരുവിന്‍റെ ഐ.പി.എൽ വിജയാഘോഷത്തിനിടെയുണ്ടായ ദുരന്തവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് പ്രതികരിക്കുന്നതിനിടെ പൊട്ടിക്കരഞ്ഞ് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. ചിന്നസ്വാമി സ്റ്റേഡിയത്തിനു മുന്നിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 11 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സംസ്ഥാന സർക്കാറിനെതിരെ ബി.ജെ.പി ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ രൂക്ഷ വിമർശനവുമായി രംഗത്തുവരുന്നതിനിടെയാണ് ശിവകുമാറിന്‍റെ പ്രതികരണം.
സംസ്ഥാനത്തിന് ഹൃദയഭേദകമായ നിമിഷമാണിതെന്ന് അദ്ദേഹം പറഞ്ഞു. ‘നമ്മൾ ഭരണപരമായ പാഠം പഠിക്കണം, പ്രതിപക്ഷം മൃതദേഹങ്ങൾ വെച്ച് രാഷ്ട്രീയം കളിക്കട്ടെ. എത്ര മൃതദേഹങ്ങൾ വെച്ച് അവർ രാഷ്ട്രീയം കളിച്ചിട്ടുണ്ടെന്ന് ഞാൻ പറയാം. പക്ഷേ, കൊച്ചുകുട്ടികളെ കാണുന്നത് വേദനാജനകമാണ്. അവരുടെ വേദന ഞാൻ കണ്ടിട്ടുണ്ട്’ -ശിവകുമാർ പൊട്ടിക്കരഞ്ഞ് മാധ്യമങ്ങളോട് പറഞ്ഞു. ബുധനാഴ്ച സംഭവത്തിൽ ക്ഷമാപണം നടത്തിയിരുന്നു. ‘ഇതൊരിക്കലും സംഭവിക്കാൻ പാടില്ലായിരുന്നു, ഇത്രയും വലിയ ജനക്കൂട്ടത്തെ ഒരിക്കലും പ്രതീക്ഷിച്ചില്ല...35000 പേർക്ക് മാത്രം കയറാവുന്ന സ്റ്റേഡിയമാണ്. പക്ഷേ മൂന്നു ലക്ഷത്തിലിധകം ആളുകൾ അവിടെയുണ്ടായിരുന്നു. സ്റ്റേഡിയത്തിന്‍റെ ഗേറ്റുകൾ തകർന്നു. സംഭവത്തിൽ ക്ഷമ ചോദിക്കുന്നു’ -ശിവകുമാർ പറഞ്ഞു.
ബി.ജെ.പി സംഭവത്തെ രാഷ്ട്രീയവത്കരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ‘ബി.ജെ.പി രാഷ്ട്രീയം കളിക്കുകയാണ്...സംഭവത്തിൽ ഞങ്ങൾ വളരെ ഖേദിക്കുന്നു. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ല’ -ശിവകുമാർ കൂട്ടിച്ചേർത്തു. 18 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ആർ.സി.ബി കന്നിക്കിരീടമുയർത്തിയതിന്റെ ആവേശത്തിൽ അണപൊട്ടിയൊഴുകിയെത്തിയ ആരാധക വൃന്ദത്തിന്റെ തിക്കിലും തിരക്കിലും പെട്ടാണ് 11 പേർ മരിച്ചത്. ആറുവയസ്സുകാരിയടക്കം 47 പേർക്ക് പരിക്കേറ്റു. 15 േപരുടെ നില ഗുരുതരമാണ്. ബുധനാഴ്ച വൈകീട്ട് അഞ്ചോടെ ചിന്നസ്വാമി സ്റ്റേഡിയത്തിന്റെ മൂന്നാം കവാടത്തിന് സമീപത്താണ് ദാരുണാപകടം.
വൈകീട്ട് മൂന്നരയോടെ വിധാൻ സൗധ പരിസരത്തു നിന്ന് ചിന്നസ്വാമി സ്റ്റേഡിയത്തിലേക്ക് തുറന്ന ബസിൽ ആർ.സി.ബി ടീമിന്റെ വിക്ടറി പരേഡ് നിശ്ചയിച്ചിരുന്നു. എന്നാൽ, സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ബംഗളൂരു പൊലീസ് പരേഡിന് അനുമതി നൽകിയില്ല. പിന്നീട് സ്റ്റേഡിയത്തിന് മുന്നിലെ റോഡിൽ 10 മിനിറ്റ് മാത്രം പരേഡിന് അനുമതി നൽകി. ഇതോടെ ആരാധകർ താരങ്ങളെ കാണാൻ ചിന്നസ്വാമി സ്റ്റേഡിയത്തിന്റെ മുന്നിലെ പ്രധാന കവാടത്തിന് സമീപത്തെ റോഡിലേക്ക് തിരിച്ചു. തിരക്ക് നിയന്ത്രണാതീതമായതോടെ പൊലീസ് ലാത്തിവീശി. തിരക്കിൽ നിലത്തു വീണ പലർക്കും ആളുകളുടെ ചവിട്ടേറ്റ് ഗുരുതര പരിക്കേൽക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

