പരാതി ലഭിച്ചാൽ നടപടിയെന്ന് സ്പീക്കർ, പിന്നാലെ രാഹുലിനെതിരെ പരാതി നൽകി ഡി.കെ. മുരളി
text_fieldsതിരുവനന്തപുരം: ബലാത്സംഗക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് സ്പീക്കർക്ക് പരാതി. ഡി.കെ. മുരളി എം.എൽ.എയാണ് പരാതി നൽകിയത്. നിരന്തരം ക്രിമിനൽ കേസിൽ പ്രതിയായതിനാൽ സഭാ ചട്ട പ്രകാരം അയോഗ്യനാക്കണമെന്നാണ് പരാതി.
പരിശോധിച്ച ശേഷം പരാതി നിയമസഭ പ്രിവിലേജ് ആന്‍റ് എത്തിക്സ് കമ്മിറ്റിക്ക് വിടണോയെന്ന് സ്പീക്കർ തീരുമാനിക്കും. നിയമോപദേശം നോക്കിയാകും തുടർനടപടി. സങ്കീർണമായ നടപടിക്രമങ്ങളുള്ളതിനാലും 20ന് തുടങ്ങുന്ന അവസാന സമ്മേളനത്തിൽ അധികം ദിവസങ്ങൾ ഇല്ലാത്തതിനാലും അയോഗ്യതയിൽ തീരുമാനമുണ്ടാകുമോ എന്ന് വ്യക്തമല്ല. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വ്യക്തികളുടെ പരാതികൾ ലഭിച്ചിട്ടുണ്ടെന്നും എം.എൽ.എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെങ്കിൽ നിയമസഭാംഗം പരാതി നൽകേണ്ടതുണ്ടെന്നും സ്പീക്കർ എ.എൻ. ഷംസീര്‍ വാർത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.
പ്രിവിലേജസ് ആൻഡ് എത്തിക്സ് കമ്മിറ്റിക്ക് പരാതി കൈമാറണമെങ്കിൽ നിയമസഭാംഗം പരാതി നൽകണമെന്നും അത്തരം പരാതി ലഭിച്ചിട്ടില്ലെന്നും സ്പീക്കർ ചൂണ്ടിക്കാട്ടി. ഇതിന് പിന്നാലെയാണ് ഡി.കെ. മുരളി എം.എൽ.എ പരാതി നൽകിയത്.
രാഹുലിനെ തിരുവല്ലയിലെ ഹോട്ടലിൽ എത്തിച്ച് തെളിവെടുത്തു
തിരുവല്ല: പീഡനക്കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന്‍റെ കസ്റ്റഡിയിലുള്ള രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയെ തിരുവല്ലയിലെ ഹോട്ടലിൽ എത്തിച്ച് തെളിവെടുത്തു.
പീഡനം നടന്നതായി അതിജീവിത മൊഴിനൽകിയ തിരുവല്ല ക്ലബ്-7 ഹോട്ടലിൽ ബുധനാഴ്ച പുലർച്ച 5.45നാണ് രാഹുലിനെ എത്തിച്ചത്. നാലാം നിലയിലെ 408ാം നമ്പർ മുറിയിൽനിന്ന് അന്വേഷണസംഘം വിവരങ്ങൾ ശേഖരിച്ചു. പരാതിയിൽ സൂചിപ്പിക്കുന്ന ദിവസം താൻ എത്തിയിരുന്നതായി രാഹുൽ സമ്മതിച്ചിട്ടുണ്ട്. 2024 ഏപ്രിൽ എട്ടിന് രാഹുൽ എത്തിയത് ഹോട്ടലിലെ രജിസ്റ്ററിലുമുണ്ട്. അതീവ സുരക്ഷയിൽ എത്തിച്ച രാഹുലിനെ 7.30ഓടെ തിരികെ പത്തനംതിട്ട എ.ആർ ക്യാമ്പിൽ എത്തിച്ചു. പ്രത്യേക അന്വേഷണസംഘം രാഹുലിന്‍റെ അടൂർ നെല്ലിമുകളിലെ വീട്ടിൽ പരിശോധന നടത്തി. ലാപ്‌ടോപ് കണ്ടെത്താൻ ലക്ഷ്യമിട്ടായിരുന്നു പരിശോധനയെന്നാണ് വിവരം. രാഹുലിന്‍റെ ലാപ്‌ടോപ്പിൽ നിർണായക വിവരങ്ങൾ ഉണ്ടാകുമെന്നാണ് എസ്.ഐ.ടിയുടെ നിഗമനം.
പത്തുമിനിറ്റ് വീട്ടിലുണ്ടായിരുന്ന സംഘം രാഹുലിന്‍റെ മുറിയടക്കം പരിശോധിച്ചു. അതിജീവിതയുടെ രഹസ്യമൊഴി എടുക്കാനും പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

