
പട്ടാമ്പി സംസ്കൃത കോളജിൽ 500ലേറെ വിദ്യാർഥികൾ പങ്കെടുത്ത ഡി.ജെ പാർട്ടി; കേസെടുത്തു
text_fieldsപട്ടാമ്പി ( പാലക്കാട് ): ഗവ. സംസ്കൃത കോളജിൽ കോവിഡ് നിയന്ത്രണം ലംഘിച്ച് ഡി.ജെ പാർട്ടി. ചൊവ്വാഴ്ച രാവിലെയാണ് അവസാന വർഷ വിദ്യാർഥികളുടെ നേതൃത്വത്തിൽ പരിപാടി സംഘടിപ്പിച്ചത്. അമ്പതിലേറെ പേർ പങ്കെടുക്കരുതെന്ന ആരോഗ്യ വകുപ്പിന്‍റെ നിർദേശം നിലനിൽക്കെയാണ് കോളജ് ഓഡിറ്റോറിയത്തിൽ 500ലേറെ വിദ്യാർഥികൾ പങ്കെടുത്ത പരിപാടി നടന്നത്.
കോവിഡ് കാരണം കോളജിൽ മറ്റു പരിപാടികളൊന്നും നടന്നിരുന്നില്ല. ഈ സാഹചര്യത്തിൽ ഇക്കൊല്ലം കോഴ്സ് പൂർത്തിയാക്കുന്ന വിദ്യാർഥികളുടെ അപേക്ഷയിൽ കൾചറൽ പ്രോഗ്രാമിനാണ് അനുമതി നൽകിയതെന്ന് കോളജ് പ്രിൻസിപ്പൽ അറിയിച്ചു.
നൂറുപേരിൽ കൂടരുതെന്നും കോവിഡ് മാനദണ്ഡം പാലിക്കണമെന്നുമുള്ള വ്യവസ്ഥയിൽ ഈ മാസം 10ന് പരിപാടി നടത്താനായിരുന്നു അനുമതി. അതാണ് ചൊവ്വാഴ്ച നടന്നതെന്നും കോവിഡ് നിർദേശം ലംഘിച്ചതടക്കം വിഷയങ്ങൾ ശ്രദ്ധയിൽപെട്ടിട്ടില്ലെന്നും പ്രിൻസിപ്പൽ അറിയിച്ചു.
അതേസമയം, നേരത്തേ പരിപാടിക്ക് അനുമതി നിഷേധിച്ചിരുന്നതായി പൊലീസ് പറഞ്ഞു. പ്രിൻസിപ്പൽ, അധ്യാപകർ, വിദ്യാർഥികൾ എന്നിവർക്കെതിരെയാണ് കോവിഡ് നിയന്ത്രണ ലംഘനത്തിന് പൊലീസ് കേസെടുത്തത്.