ബംഗളൂരു-എറണാകുളം റൂട്ടിൽ ദീപാവലി സ്പെഷലായി വന്ദേഭാരത്
text_fieldsതിരുവനന്തപുരം: ദീപാവലിക്കാല തിരക്ക് പരിഹരിക്കാൻ വന്ദേഭാരത് സ്പെഷൽ സർവിസിന് റെയിൽവേ തീരുമാനം. കര്‍ണാടക, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചായിരിക്കും സ്പെഷൽ സർവിസ്. ബംഗളൂരു-എറണാകുളം റൂട്ടിലായിരിക്കും കേരളത്തിലെ വന്ദേഭാരത് സ്പെഷൽ. ചെന്നൈ-ബംഗളൂരു, ബംഗളൂരു-എറണാകുളം സൗത്ത് എന്നിങ്ങനെയാകും സർവിസ്.
ഔദ്യോഗിക സമയപ്പട്ടിക വെള്ളിയാഴ്ച രാത്രിയും ആയിട്ടില്ല. വ്യാഴാഴ്ച രാത്രി ചെന്നൈയിൽനിന്ന് പുറപ്പെട്ട് വെള്ളിയാഴ്ച പുലർച്ച നാലിന് ബംഗളൂരുവിലെത്തുമെന്നാണ് ലഭ്യമായ വിവരം.
പുലർച്ച 4.30ന് അവിടെനിന്ന് പുറപ്പെട്ട് ഉച്ചക്ക് 1.30ന് എറണാകുളം എത്തുമെന്നും അറിയുന്നു. തിരികെ ഉച്ചക്ക് രണ്ടിന് പുറപ്പെട്ട് രാത്രി 10.30ന് ബംഗളൂരുവിലെത്തും. എട്ട് കോച്ചാണ് ഉണ്ടാവുക. ദീപാവലി സ്പെഷൽ സർവിസ് ആയാണ് ആരംഭിക്കുകയെങ്കിലും യാത്രക്കാരിൽനിന്ന് മികച്ച പ്രതികരണം ലഭിച്ചാൽ വാരാന്ത്യങ്ങളിൽ സ്ഥിരം സ്പെഷൽ ആക്കുന്ന കാര്യവും പരിഗണനയിലുണ്ട്.
തിരക്കുള്ള സമയങ്ങളിൽ സ്പെഷൽ എക്സ്പ്രസുകൾക്ക് പകരം ഉയർന്ന നിരക്കിലെ വന്ദേഭാരതുകൾ സ്പെഷൽ ട്രെയിനുകളായി ഓടിക്കാനുള്ള തീരുമാനം വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. ഉയർന്ന നിരക്കായതിനാൽ സാധാരണക്കാർക്ക് ആശ്രയിക്കാനാവില്ലെന്നതാണ് വിമർശനം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

