Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദിവ്യ എസ്....

ദിവ്യ എസ്. അയ്യർക്കെതിരെ കെ. മുരളീധരന്റെ രൂക്ഷവിമർശനം: ‘പിണറായി വിജയന് പാദസേവ ചെയ്യുന്ന ഉദ്യോഗസ്ഥ’

text_fields
bookmark_border
ദിവ്യ എസ്. അയ്യർക്കെതിരെ കെ. മുരളീധരന്റെ രൂക്ഷവിമർശനം: ‘പിണറായി വിജയന് പാദസേവ ചെയ്യുന്ന ഉദ്യോഗസ്ഥ’
cancel

തിരുവനന്തപുരം: സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട കെ.കെ. രാഗേഷിനെ പുകഴ്ത്തിയ ഐ.എ.എസ് ഉദ്യോഗസ്ഥ ദിവ്യ എസ്. അയ്യർക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. പിണറായി വിജയന് പാദസേവ ചെയ്യുന്ന ഉദ്യോഗസ്ഥയാണ് ദിവ്യ എസ്. അയ്യരെന്ന് തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് നേതാവ് ശബരീനാഥന്റെ ഭാര്യ കൂടിയായ ദിവ്യ എസ്. അയ്യർ, ​കെ.കെ. രാഗേഷിനെ പ്രശംസിച്ച് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പി​നെതിരെ യൂത്ത് കോൺഗ്രസ് നേതാക്കളടക്കം വിമർശനം ഉന്നയിച്ചിരുന്നു. അതേസമയം, വിഷയത്തിൽ കടുത്ത അതൃപ്തിയുണ്ടെങ്കിലും പ്രതികരിക്കാൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അടക്കമുള്ളവർ വിസമ്മതിച്ചു. ‘നോ കമന്റ്സ്’ എന്നായിരുന്നു ഇതേക്കുറിച്ച് ചോദിച്ചപ്പോൾ സതീശന്റെ പ്രതികരണം. കൂടുതൽ വിവാദമാക്കേണ്ടെന്ന തീരുമാനത്തിൽ കോൺഗ്രസ് സംസ്ഥാന നേതൃത്വം എത്തിനിൽക്കെയാണ് കെ. മുരളീധരൻ വിമർശനവുമായി രംഗത്ത് വരുന്നത്.

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു കെ.കെ. രാഗേഷ് ഇന്നലെയാണ് സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറിയായത്. ഇതിനുപിന്നാലെയാണ് ഇൻസ്റ്റഗ്രാമിൽ ദിവ്യ എസ്. അയ്യർ കെ.കെ. രാഗേഷിനെ അഭിനന്ദിച്ച് പോസ്റ്റിട്ടത്. 'കർണ്ണന് പോലും അസൂയ തോന്നും വിധം ഈ കെ.കെ.ആർ കവചം! ഇക്കഴിഞ്ഞ മൂന്ന് വർഷങ്ങൾ അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതം മുന്നിൽ നിന്നു വീക്ഷിച്ച എനിക്കു ഒപ്പിയെടുക്കാൻ സാധിച്ച അനവധി ഗുണങ്ങൾ ഉണ്ട്. വിശ്വസ്തതയുടെ ഒരു പാഠപുസ്തകം! കഠിനാധ്വാനത്തിന്റെ ഒരു മഷിക്കൂട്' -എന്നതായിരുന്നു ദിവ്യ പങ്കുവെച്ച പോസ്റ്റ്.

ദിവ്യയുടെ പോസ്റ്റിന് പിന്നാലെ വലിയ വിമർശനമാണ് ഉയർന്നത്. എ.കെ.ജി സെന്‍ററിൽ നിന്നല്ല ശമ്പളം വാങ്ങുന്നതെന്നെങ്കിലും ഓർക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്‍റ് വിജിൽ മോഹനൻ വിമർശിച്ചു. ഐ.എ.എസ് ഉദ്യോഗസ്ഥർ സർക്കാറിന്‍റെ തീരുമാനങ്ങൾ നടപ്പാക്കാൻ നിയോഗിക്കപ്പെട്ടവരാണെന്നും എന്നാൽ സർക്കാറിന് നേതൃത്വം കൊടുക്കുന്ന മാർക്സിസ്റ്റ് പാർട്ടി നേതാക്കൻമാരുടെ വിദൂഷകയായി മാറുകയാണ് ദിവ്യ എസ്. അയ്യരെന്ന് വിജിൽ മോഹനൻ പറഞ്ഞു.

'അത്യന്തം ഗൗരവമുള്ള പദവികളിൽ ഇരിക്കുന്ന ഇവരുടെ പ്രകടനങ്ങൾ ബി ഗ്രേഡ് സിനിമയുടെ നിലവാരത്തിലേക്ക് താഴുകയാണ്. ദിവ്യ എസ്. അയ്യരുടെ സർക്കാർ സ്തുതികളിൽ മുമ്പും പിശകുണ്ടായിട്ടുണ്ട്. അടിസ്ഥാന രഹിതവും വാസ്തവ വിരുദ്ധവുമായ പലതും മുമ്പും വിളിച്ച് പറഞ്ഞിട്ടുണ്ട്. ഏത് രാഷ്ട്രീയ കക്ഷികളുടേതാണെങ്കിലും സർക്കാറുകൾ തുടർച്ചയാണെന്നുള്ള ബോധം പോലുമില്ലാതെയുള്ള ഇവരുടെ പ്രസ്താവനകളോട് യൂത്ത് കോൺഗ്രസ് ബോധപൂർവ്വം മൗനം പാലിച്ചിട്ടുണ്ട്. വികസന പ്രവർത്തികളുടെ നാൾ വഴികൾ പോലും പഠിക്കാതെ യജമാനന്റെ മേശയിൽ നിന്ന് വീഴുന്ന അപ്പക്കക്ഷണങ്ങൾ വേണ്ടിയുള്ള ആശ്ലേഷങ്ങൾ ഇവർ അവസാനിപ്പിക്കേണ്ടിയിരിക്കുന്നു' എന്നും പോസ്റ്റിൽ പറയുന്നു.

ചില മനുഷ്യരുടെ നന്മകൾ ലോകത്തോട് വിളിച്ചുപറഞ്ഞതിനാണ് വിമർശനവും കയ്പ്പേറിയ പ്രതികരണം നേരിട്ടതെന്ന് ദിവ്യ പറഞ്ഞു. സ്വന്തം അനുഭവത്തിലും ഉത്തമ ബോധ്യത്തിലുമുള്ള കാര്യങ്ങളാണ് പറഞ്ഞത്. ഈ ലോകം എത്ര വിചിത്രമെന്ന് ചിന്തിച്ചുപോകുന്നുവെന്നും ദിവ്യ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:K MuraleedharanDivya S Iyer
News Summary - divya s iyer against k muraleedharan
Next Story