കശുവണ്ടി അഴിമതിക്കേസിലെ സിംഗിൾബെഞ്ച് ഉത്തരവുകൾ സ്റ്റേ ചെയ്ത് ഡിവിഷൻബെഞ്ച്
text_fieldsകൊച്ചി: പ്രോസിക്യൂഷൻ അനുമതിയുമായി ബന്ധപ്പെട്ട കശുവണ്ടി ഇറക്കുമതി അഴിമതിക്കേസിലെ ഇടക്കാല ഉത്തരവുകൾക്ക് ഹൈകോടതി ഡിവിഷൻബെഞ്ചിന്റെ സ്റ്റേ. മുഖ്യപ്രതികളായ ആർ. ചന്ദ്രശേഖരനും കെ.എ. രതീഷും നൽകിയ അപ്പീലുകൾ ഫയലിൽ സ്വീകരിച്ചാണ് ജസ്റ്റിസ് കെ. നടരാജൻ, ജസ്റ്റിസ് ജോൺസൺ ജോൺ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ചിന്റെ ഉത്തരവ്. തുടർന്ന് വിശദ വാദത്തിന് അപ്പീൽ സെപ്റ്റംബർ 24ലേക്ക് മാറ്റി.
സർക്കാറിന്റെ പ്രോസിക്യൂഷൻ അനുമതി ഉത്തരവ് ശരിവച്ച് തുടർനടപടികൾക്ക് സി.ബി.ഐക്ക് നിർദേശം നൽകിയ ജൂലൈ 17ലേതടക്കം സിംഗിൾബെഞ്ചിന്റെ നാല് ഉത്തരവുകൾക്ക് സ്റ്റേ ബാധകമാകും. പ്രതികളെ വിചാരണ ചെയ്യാൻ അനുമതി നൽകി സർക്കാർ ഇറക്കിയ ഉത്തരവിലെ തുടർനടപടികൾക്ക് സ്റ്റേ തടസ്സമായേക്കും.
പരാതിക്കാരനായ കടകംപള്ളി മനോജ് നൽകിയ കോടതിയലക്ഷ്യ ഹരജിയിലെ കോടതി ഉത്തരവിനെ തുടർന്നാണ് സർക്കാർ പ്രോസിക്യൂഷൻ അനുമതി നൽകിയതെന്ന് ചൂണ്ടിക്കാട്ടിയാണ് അപ്പീൽ നൽകിയത്. കേസിലെ പരിഗണനാ വിഷയങ്ങൾ മറികടന്നാണ് സിംഗിൾബെഞ്ച് ഉത്തരവുകൾ പുറപ്പെടുവിച്ചത്. സി.ബി.ഐയുടെ അപേക്ഷ മൂന്നുതവണ നിരസിച്ച സർക്കാർ, സിംഗിൾബെഞ്ച് ഇടപെടലിനെ തുടർന്നാണ് അനുമതി നൽകാൻ നിർബന്ധിതരായതെന്ന് അപ്പീൽ ഹരജിക്കാർ വാദിച്ചു.
കോടതിയലക്ഷ്യ ഹരജികളിൽ പരിഗണനാ വിഷയത്തിനപ്പുറം ഉത്തരവുകൾ പുറപ്പെടുവിക്കാനാകില്ലെന്ന് സുപ്രീംകോടതിയടക്കം വ്യക്തമാക്കിയിട്ടുണ്ട്. തങ്ങളെ കേൾക്കാതെയാണ് ഉത്തരവുകളുണ്ടായത്. സിംഗിൾ ബെഞ്ചിന്റെ നിരീക്ഷണങ്ങൾ വിചാരണാഘട്ടത്തിൽ തങ്ങളെ പ്രതികൂലമായി ബാധിക്കാൻ ഇടയുണ്ടെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി.
വിഷയത്തിൽ വിശദമായ വാദം കേൾക്കേണ്ടതുണ്ടെന്ന് വിലയിരുത്തിയാണ് ഡിവിഷൻബെഞ്ച് സ്റ്റേ അനുവദിച്ചത്. 2006 മുതൽ 2015 വരെ കാലയളവിൽ വിദേശത്തുനിന്ന് അസംസ്കൃത കശുവണ്ടി ഇറക്കുമതി ചെയ്തതിൽ 80 കോടിയുടെ സാമ്പത്തിക നഷ്ടമുണ്ടായെന്നാണ് സി.ബി.ഐ കേസ്. കശുവണ്ടി വികസന കോർപറേഷൻ ചെയർമാനായിരുന്ന ആർ. ചന്ദ്രശേഖരനും എം.ഡിയായിരുന്ന കെ. എ. രതീഷും സ്വകാര്യ കരാറുകാരുമായി ഗൂഢാലോചനയും അഴിമതിയും നടത്തിയെന്നാണ് കണ്ടെത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

