മലങ്കരസഭയുടെ പള്ളികൾ ഭാഗിച്ച് മറ്റൊരു സഭയാകാമെന്നത് ചിലരുടെ ദിവാസ്വപ്നം -കാതോലിക്കാബാവ
text_fieldsകാതോലിക്കാദിനത്തിൽ കുന്നന്താനം മൈലമൺ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ സഭാ പതാക ഉയർത്തുന്നു
കുന്നന്താനം (പത്തനംതിട്ട): മലങ്കരസഭയുടെ പള്ളികൾ ഭാഗിച്ച് മറ്റൊരു സഭയാകാമെന്നത് ചിലരുടെ ദിവാസ്വപ്നമെന്ന് ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവ. മലങ്കര സഭ ഒന്നേയുള്ളൂ. 2017ലെ സുപ്രീംകോടതി വിധി അക്കാര്യം ആവർത്തിച്ച് ഉറപ്പിച്ചതാണ്. ഒന്നായി നിൽക്കാൻ മാത്രമേ സഭയ്ക്ക് കഴിയൂവെന്നും നിരണം ഭദ്രാസനത്തിലെ മൈലമൺ സെന്റ് ജോർജ്ജ് പള്ളിയിൽ സംഘടിപ്പിച്ച കാതോലിക്കാദിന സമ്മേളനത്തിൽ പരിശുദ്ധ കാതോലിക്കാബാവാ പറഞ്ഞു.
ആരെങ്കിലും സ്വയം കാതോലിക്കാ എന്ന് പ്രഖ്യാപിക്കുന്നതിനെ മലങ്കരസഭ മുഖവിലക്കെടുക്കുന്നില്ല. ബദൽ കാതോലിക്കായ്ക്ക് ഒരു ബിഷപ്പിനെ വാഴിക്കണമെങ്കിൽ പാത്രിയർക്കീസിന്റെ അനുമതി വേണം. എന്നാൽ മലങ്കരസഭയുടെ കാതോലിക്കയ്ക്ക് അതിന് ആരുടെയും അനുമതി ആവശ്യമില്ല. ഇതാണ് പൗരസ്ത്യ കാതോലിക്കായും ബദൽ കാതോലിക്കായും തമ്മിലുള്ള വ്യത്യാസം.
മലങ്കരസഭയുടെ പള്ളികൾ കാത്തുസൂക്ഷിക്കാനുള്ള ഉത്തരവാദിത്വം സഭയ്ക്കുണ്ട്. അതിന് ഏതറ്റം വരെയും പോകും. സഭാമക്കൾ വൈദേശികാധിപത്യത്തിലേക്ക് പോകരുത്. അങ്ങനെ പോകാൻ ചിലർ ശ്രമിക്കുന്നതിൽ ദുഖമുണ്ട്. മലങ്കരയിൽ സമാധാനത്തോടെ ഏവരും ഒരുമിച്ച് നിൽക്കണമെന്നാണ് സഭയുടെ ആഗ്രഹമെന്നും ബാവാ പ്രതികരിച്ചു.
വഖഫ് ബിൽ പോലെ ചർച്ച് ബില്ലും കൊണ്ടുവരാൻ നീക്കം നടക്കുന്നതായി മാധ്യമവാർത്തകൾ കണ്ടു. സഭ ഒരു ബില്ലിനെയും ഭയക്കുന്നില്ല. അങ്ങനെ ഒരു ബിൽ വന്നാൽ ആ ബിൽ കോടതിയിൽ ചോദ്യം ചെയ്യപ്പെടും. അതുകൊണ്ടു തന്നെ ബില്ലിന്റെ പേരിൽ ആശങ്കപ്പെടുന്നില്ല. നൂറ്റാണ്ടുകളായി പീഡനങ്ങൾ സഹിച്ചാണ് സഭ വളർന്നിട്ടുള്ളത്. പ്രീണിപ്പിക്കാനും പീഡിപ്പിക്കാനും ചിലർക്ക് സാധിച്ചേക്കാം. പക്ഷേ ഒരു രാഷ്ട്രീയ പാർട്ടിയെയും ആശ്രയിച്ചല്ല മലങ്കരസഭ നിൽക്കുന്നത്. ഏത് രാഷ്ട്രീയപാർട്ടി എതിരെ നിന്നാലും സഭയ്ക്ക് ദോഷമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

