ആശങ്കയുയർത്തി ജില്ലയിൽ ഡെങ്കിപ്പനി വ്യാപനം
text_fieldsഎറണാകുളം ജനറൽ ആശുപത്രി ഒ.പി വിഭാഗത്തിൽ വെള്ളിയാഴ്ച രാവിലെ അനുഭവപ്പെട്ട തിരക്ക്
കൊച്ചി: ജില്ലയിൽ ആശങ്കയുണർത്തുവിധം ഡെങ്കിപ്പനി പടരുന്നു. രണ്ടാഴ്ചക്കിടെ ഡെങ്കിപ്പനി ബാധിച്ച് ചികിത്സ തേടിയത് 200ലേറെ പേരാണ്. കൊച്ചി കോർപ്പറേഷനിലാണ് രോഗബാധ ഏറെയുള്ളത്. വൈറൽ പനിയും പടരുന്നു. രണ്ടാഴ്ചക്കിടെ പനിബാധിച്ച് ചികിത്സ തേടിയവരുടെ എണ്ണം പതിനായിരം കടന്നു. ഒമ്പത് പനി മരണവും ഉണ്ടായി. ഇതിൽ അഞ്ച് മരണം എലിപ്പനി ബാധിച്ചാണ്. വെസ്റ്റ്നൈൽ, എച്ച്.വൺ എൻ.വൺ ബാധിച്ച് രണ്ട് പേരും വെസ്റ്റ്നൈൽ, ഇൻഫ്ലുവൻസ എന്നിവ ബാധിച്ച് ഓരോരുത്തരും മരിച്ചു. ഡെങ്കി ബാധിതർ കൂടുന്നുണ്ടെങ്കിലും മരണം ഉണ്ടായിട്ടില്ല.
എലിപ്പനി ബാധിതരുടെ എണ്ണം കുറവാണെങ്കിലും ബാധിക്കുന്നവരിൽ വളരെ മാരകമാകുന്നു. 26 പേരെയാണ് കഴിഞ്ഞ 15 ദിവസത്തിനുള്ളിൽ എലിപ്പനി ബാധിച്ചത്. അതിൽ അഞ്ചുപേർ മരിച്ചു. വയറിളക്ക രോഗങ്ങളും മലേറിയ, മഞ്ഞപ്പിത്തം, ഇൻഫ്ലുവൻസ തുടങ്ങിയവ ബാധിക്കുന്നവരുടെ എണ്ണവും വർധിക്കുന്നു. അടിക്കടി മഴയും വെള്ളക്കെട്ടും ഉണ്ടായതോടെയാണ് രോഗബാധകൾ പെരുകാൻ തുടങ്ങിയത്.
15 ദിവസത്തിനിടെ 1804 പേർക്ക് വയറിളക്ക രോഗങ്ങളും ഏഴ് പേർക്ക് മലേറിയയും 464 പേർക്ക് ഇൻഫ്ലുവൻസയും പിടിപെട്ടു. എച്ച് 1 എൻ 1 ബാധയും വെസ്റ്റ്നൈൽ പനിയും ജില്ല വിട്ട് പോയിട്ടില്ല. എച്ച് 1 എൻ 1 ബാധിച്ച് രണ്ട് പേരും വെസ്റ്റ്നൈൽ, ഇൻഫ്ലുവൻസ എന്നിവ ബാധിച്ച് ഓരോരുത്തരും മരിച്ചു. പനിയെ തുടർന്നുള്ള ശ്വാസകോശ രോഗം ബാധിച്ചും ഒരാൾ മരിച്ചു.
എലിപ്പനി ബാധിച്ച് വെങ്ങൂർ സ്വദേശി 78 കാരൻ, നെടുംമ്പാറ സ്വദേശി 58 കാരി, കൂവപ്പള്ളി സ്വദേശി 63 കാരൻ, കുത്തപ്പാടി സ്വദേശി 54 കാരി, മഴുവന്നൂർ സ്വദേശി 46കാരൻ എന്നിവരാണ് മരിച്ചത്. എച്ച് 1 എൻ 1 ബാധിച്ച് ചെറായി സ്വദേശി 79കാരി, ഫോർട്ട് കൊച്ചി സ്വദേശി 87 കാരി, വെസ്റ്റ്നൈൽ ബാധിച്ച് ബിനാനിപുരം സ്വദേശി 66കാരൻ, ഇൻഫ്ലുവൻസ ബാധിച്ച് പുന്നേക്കാട് സ്വദേശി 45 കാരൻ എന്നിവരാണ് മരിച്ചത്.
ഡെങ്കിപ്പനി ബാധ കൂടുതലുള്ള സ്ഥലങ്ങൾ
ജില്ലയിൽ ഡെങ്കിപ്പനി ബാധ കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത് കോർപറേഷൻ പ്രദേശത്തുനിന്നാണ്. ചൂർണിക്കര, ഇടപ്പള്ളി, ഏലൂർ, ഫോർട്ട് കൊച്ചി, കാക്കനാട്, കടവന്ത്ര, മട്ടാഞ്ചേരി, കലൂർ, പള്ളുരുത്തി എന്നിവിടങ്ങളിലാണ് ഡെങ്കിപ്പനിബാധിതർ കൂടുതലുള്ളത്. കോർപറേഷന് പുറത്തും നഗര പ്രദേശങ്ങളിലാണ് ഡെങ്കിപ്പനി കുടുതലായി റിപ്പോർട്ട് ചെയ്യുന്നത്. കളമശ്ശേരി, തൃക്കാക്കര, ആലുവ, ഉദയംപേരൂർ, നെടുമ്പാശ്ശേരി, കൂത്താട്ടുകുളം എന്നിവിടങ്ങളിലും രോഗബാധിതർ കൂടുതലായുണ്ട്. കൊച്ചി കോർപറേഷൻ പരിധിയിലും മറ്റ് മുനിസിപ്പാലിറ്റികളിലും വർധിച്ചുവരുന്ന കൊതുക് ശല്യം നിയന്ത്രിക്കാൻ ഉറവിട നശീകരണവും ലാർവിസൈഡ് സ്പ്രേയിംഗും ഊർജ്ജിതമാക്കിയിട്ടുണ്ട്.
ശുചീകരണത്തിൽ വീഴ്ച; പനി ബാധയിൽ ഉയർച്ച
കൊച്ചി: മഴക്കാല പൂർവ ശുചീകരണത്തിൽ ഇത്തവണ ഉണ്ടായ വീഴ്ചകളാണ് പനി ബാധ ഇത്രയേറെ പെരുകാൻ കാരണമെന്ന് വിലയിരുത്തൽ. കൊച്ചി കോർപറേഷൻ അടക്കം തദ്ദേശ സ്ഥാപനങ്ങൾ മഴക്കാല പൂർവ ശുചീകരണത്തിൽ മുൻ വർഷങ്ങളിലേതുപോലെ കാര്യക്ഷമത പുലർത്തിയിരുന്നില്ല. പുതുതായി ഭരണത്തിൽ വന്ന തദ്ദേശ സ്ഥാപന ഭരണസമിതികളുടെ പരിചയ കുറവും നിയമസഭാ തെരഞ്ഞെടുപ്പും പെരുമാറ്റചട്ടവുമെല്ലാം ശുചീകരണത്തെ ബാധിച്ചു.
കൊച്ചി കോർപറേഷനിലാണ് പനിബാധ ഏറ്റവും കൂടുതലുള്ളത്. കഴിഞ്ഞവർഷം ജൂലൈ, ആഗസ്റ്റ് മാസങ്ങളിലേതിനെക്കാൾ ഇത്തവണ കോർപറേഷൻ ഭാഗത്ത് പനിബാധിതരുടെ എണ്ണം കൂടുതലാണ്. കൊതുകുകൾ പെരുകുന്നതാണ് ഡെങ്കി, വൈറൽ പനി ബാധ പെരുകാൻ കാരണമാകുന്നത്. രോഗബാധ റിപ്പോർട്ട് ചെയ്യപ്പെടുന്ന ഇടങ്ങളിൽ പ്രതിരോധ നടപടികൾ കോർപറേഷനും ആരോഗ്യവകുപ്പും സംയുക്തമായി സ്വീകരിക്കുന്നുണ്ട്.
വീടുകൾക്കും സ്ഥാപനങ്ങൾക്ക് ചുറ്റും വെള്ളം കെട്ടിക്കിടക്കുന്ന പാത്രങ്ങൾ, ചിരട്ടകൾ, ടയറുകൾ എന്നിവ നീക്കം ചെയ്യുക, കൊതുകു നിയന്ത്രണം, ശുദ്ധജലത്തിലും മലിനജലത്തിലും വളരുന്ന കൊതുകുകളുടെ ഉറവിടങ്ങൾ കണ്ടെത്തി നശിപ്പിക്കുക, ആരോഗ്യ വകുപ്പ് ആവിഷ്കരിച്ച ‘ആരോഗ്യഭേരി’ പകർച്ച വ്യാധി നിയന്ത്രണ പദ്ധതിയിൽ തദ്ദേശ സ്ഥാപനങ്ങൾ ക്ലോറിനേഷനും സ്പ്രേ ചെയ്യലും, ആശാ പ്രവർത്തകരുടെയും ആരോഗ്യപ്രവർത്തകരുടെയും നേതൃത്വത്തിൽ കുടിവെള്ള സ്രോതസ്സുകൾ ക്ലോറിൻ ചെയ്യൽ, ചന്തകൾ, തോടുകൾ, പൊതുവഴികൾ എന്നിവിടങ്ങളിലെ മാലിന്യങ്ങൾ നീക്കം ചെയ്ത് അണുവിമുക്തമാക്കൽ തുടങ്ങിയവ ചെയ്യുന്നുണ്ട്. എന്നാൽ വ്യാപകമായും സമഗ്രമായും അത് നടക്കാത്തതാണ് രോഗബാധയിൽ കുറവുണ്ടാകാതിരിക്കാൻ കാരണമാകുന്നത്.
ആശങ്കപ്പെടേണ്ട സാഹചര്യമില്ല -ഡി.എം.ഒ
പനിബാധ ഉണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഡി.എം.ഒ ഡോ. ആർ. ഷഹീർഷാ മാധ്യമത്തോട് പറഞ്ഞു. ജില്ലയിൽ മൊത്തത്തിൽ കഴിഞ്ഞ വർഷത്തെക്കാൾ പനിബാധ കുറവാണ്. കൊച്ചി കോർപറേഷനിൽ നേരിയ വർധനയുണ്ട്. പ്രതിരോധ പ്രവർത്തനം കാര്യക്ഷമമായി നടത്തിവരുന്നുണ്ട്. രോഗബാധ റിപ്പോർട്ട് ചെയ്യുന്ന സ്ഥലങ്ങളിൽ ശുചീകരണവും ഫോഗിങുമെല്ലാം നടത്തുന്നുണ്ട്.
ആരോഗ്യ വകുപ്പ് ആവിഷ്കരിച്ച ‘ആരോഗ്യഭേരി’ പകർച്ച വ്യാധി നിയന്ത്രണ പദ്ധതി 90 ശതമാനം തദ്ദേശ സ്ഥാപനങ്ങളും ഏറ്റെടുത്തിട്ടുണ്ട്. മറ്റുള്ളവർകൂടി അത് നടപ്പാക്കണമെന്ന് കർശന നിർദേശം നൽകിയിട്ടുണ്ട്. ശുചീകരണത്തിനാണ് ഈ പദ്ധതി ഊന്നൽ നൽകുന്നതെന്നും ഡി.എം.ഒ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

