ജലയാനങ്ങളുടെ സുരക്ഷ ജില്ലാ - താലൂക്കുതല നിരീക്ഷണ സമിതികൾ രൂപീകരിക്കും
text_fieldsകൊച്ചി: ജില്ലയിലെ യാത്ര, വിനോദയാത്ര ബോട്ടുകളിലെ സുരക്ഷ ഉറപ്പാക്കുന്നതിൻ്റെ ഭാഗമായി ജില്ലാതലത്തിലും താലൂക്ക് തലത്തിലും നിരീക്ഷണ സമിതികൾ രൂപീകരിക്കാൻ തീരുമാനം. ജില്ലയിൽ സർവീസ് നടത്തുന്ന ബോട്ടുകളുടെ സുരക്ഷ സംബന്ധിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഉല്ലാസ് തോമസ്, കലക്ടർ എൻ.എസ്.കെ ഉമേഷ് എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
നിരീക്ഷണ സമിതിയുടെ നേതൃത്വത്തിൽ ജില്ലയിലെ എല്ലാ ജലയാനങ്ങളിലും സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കും. ഇതിൻ്റെ ഭാഗമായി എല്ലാ യാത്ര, വിനോദയാത്ര ബോട്ടുകളിലും നേരിട്ട് പരിശോധന നടത്തുകയും സുരക്ഷ നടപടികൾ വിലയിരുത്തുകയും ചെയ്യും.
ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലായിക്കും ജില്ലാ തല നിരീക്ഷണ സമിതിയുടെ നോഡൽ ഓഫീസർ. തഹസിൽദാർമാരാണ് താലൂക്ക് തല നിരീക്ഷണ സമിതിയുടെ നോഡൽ ഓഫീസർ. റവന്യൂ ഡിവിഷൻ ഓഫീസർമാർ താലൂക്ക് തല നിരീക്ഷണ സമിതിയുടെ പ്രവർത്തനങ്ങൾ ഏകോപിക്കണം.
സമിതികൾ എത്രയും വേഗത്തിൽ രൂപീകരിച്ച് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും യോഗത്തിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
കലക്ടറുടെ ചേംമ്പറിൽ നടന്ന യോഗത്തിൽ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ഡെപ്യൂട്ടി കലക്ടർ ഉഷ ബിന്ദു മോൾ, കൊച്ചി സിറ്റി, ആലുവ റൂറൽ പൊലീസ് മേധാവി, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിൻ ഡയറക്ടർ, കൊച്ചി കോർപ്പറേഷൻ സെക്രട്ടറി, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ, കേരള ഷിപ്പിങ് ആൻഡ് ഐലൻഡ് നാവിഗേഷൻ മാനേജിംഗ് ഡയറക്ടർ, സ്റ്റേറ്റ് വാട്ടർ സർവീസ് ഓഫീസർ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ, മേജർ, മൈനർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയർ, മലയാറ്റൂർ, കോതമംഗലം ഡിവിഷണൽ ഫോറസ്റ്റ് എൻജിനീയർ, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി, വിവിധ വകുപ്പ് ജീവനക്കാർ, ദുരന്തനിവാരണ അതോറിറ്റി ജീവനക്കാർ, ബോട്ട് ഉടമകൾ തുടങ്ങിയവർ പങ്കെടുത്തു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

