നൂറ് പെൺകുട്ടികളെ സൂപ്പറാക്കാൻ ജില്ലാ ഭരണകൂടം: കലക്ടേഴ്സ് സൂപ്പർ 100 പദ്ധതിക്ക് തുടക്കം
text_fieldsതിരുവനന്തപുരം: ആദിവാസി, തീരദേശ മേഖലകളിലെ സ്‌കൂളുകളിലെ ഒൻപത്,പത്ത്,പ്ലസ് വൺ,പ്ലസ്ടു ക്ലാസുകളിൽ നിന്ന് തിരഞ്ഞെടുത്ത 100 പെൺകുട്ടികളുടെ ഉന്നമനവും ശാക്തീകരണവും ലക്ഷ്യമിട്ട് പ്രോജക്ട് എറൈസിന്റെ ഭാഗമായി നടപ്പാക്കുന്ന കളക്ടേഴ്സ് സൂപ്പർ 100 പദ്ധതിക്ക് തുടക്കം. പ്രോജക്ട് എറൈസിന്റെ ഭാഗമായി സംഘടിപ്പിച്ച കലക്ടേഴ്‌സ് സൂപ്പർ 100 ന്റെയും അക്ഷരം ബുക്കത്തോൺ ക്യാമ്പയിന്റെ സമാപന ചടങ്ങിന്റെയും ഉദ്ഘാടനം കലക്ടർ ജെറോമിക് ജോർജ്ജ് നിർവഹിച്ചു.
ആദിവാസി, തീരദേശ മേഖലകളിലെ പെൺകുട്ടികളുടെ ഉന്നമനത്തിനായി ജില്ലാ ഭരണകൂടം ഒപ്പമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം ജില്ലാ ഭരണകൂടത്തിനൊപ്പം വനിതാ ശിശുവികസന വകുപ്പ്,പൊതുവിദ്യാഭ്യാസ വകുപ്പ്,ഫിഷറീസ് വകുപ്പ് തുടങ്ങിയവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടിയിൽ കലക്ടേഴ്‌സ് സൂപ്പർ 100 ന്റെ ഭാഗമായ100 പെൺകുട്ടികൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. ജില്ലയിൽ 34 സാമൂഹിക പഠനമുറികളിൽ ചെറു വായനശാലകൾ ഒരുക്കുന്നതിലേക്കായി പുസ്തകങ്ങൾ സമാഹരിച്ചു നൽകിയ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ചടങ്ങിൽ അഭിനന്ദിച്ചു.
പ്രോഗ്രാം സയൻസ്, മാത്തമാറ്റിക്സ്, ഇൻഫർമേഷൻ ടെക്നോളജി എന്നിവയുൾപ്പെടെയുള്ള വിഷയങ്ങളിൽ പ്രത്യേകം ശ്രദ്ധ നൽകി വിദ്യാർഥികൾക്ക് അവരുടെ താൽപ്പര്യമുള്ള മേഖലകളിൽ ആവശ്യമായ അറിവും നൈപുണ്യവും നൽകുക, വ്യക്തമായ തൊഴിൽ പാതയും ഉന്നത നിലവാരത്തിലുള്ള മാർഗ്ഗനിർദ്ദേശവും നൽകുക തുടങ്ങിയവയാണ് സൂപ്പർ 100 ന്റെ ലക്ഷ്യം.
വിദ്യാർഥിനികളുടെ പതിവ് ക്ലാസ് റൂം സെഷനുകൾക്കൊപ്പം, പെൺകുട്ടികളെ വിവിധ പാഠ്യേതര പ്രവർത്തനങ്ങൾ, വർക്ക്ഷോപ്പുകൾ, സെമിനാറുകൾ എന്നിവയുടെ ഭാഗമാക്കാനും അവരുടെ ആശയവിനിമയ കഴിവുകൾ, വിമർശനാത്മക ചിന്താശേഷി, നേതൃത്വഗുണങ്ങൾ എന്നിവ വർധിപ്പിക്കാനും ഉതകുന്ന രീതിയിലാണ് സൂപ്പർ 100 രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. ജില്ലയിലെ പ്രശസ്ത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഗവേഷണ കേന്ദ്രങ്ങൾ, വ്യവസായങ്ങൾ എന്നിവയിലേക്കുള്ള എക്സ്പോഷർ സന്ദർശനങ്ങൾ ലഭിക്കുന്നതിലൂടെ വിദ്യാർഥിനികൾക്ക് കൂടുതൽ അവസരങ്ങൾ വഴിതെളിയുകയാണ്.
വിക്രം സാരാഭായ് സ്പേസ് സെന്റർ ഡെപ്യൂട്ടി ഡയറക്ടർ എ.പി ബീന ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. പാളയം അയ്യങ്കാളി ഹാളിൽ നടന്ന പരിപാടിയിൽ സബ് കലക്ടർ അശ്വതി ശ്രീനിവാസ്, അസിസ്റ്റന്റ് കലക്ടർ അഖിൽ.വി.മേനോൻ, പൊതുവിദ്യാഭ്യാസം,വനിത ശിശു വികസന വകുപ്പുകളിലെ ഉദ്യോഗസ്ഥർ, അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർത്ഥിനികൾ എന്നിവരും സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

