ബ്രൂവറി ലൈസൻസ് റദ്ദാക്കിയ നടപടി സ്വാഗതാർഹം -ചെന്നിത്തല
text_fieldsതിരുവനന്തപുരം: ഡിസ്റ്റിലറികൾക്കും ബ്രൂവറികൾക്കും അനുവദിച്ച ലൈസൻസ് റദ്ദാക്കിയ സർക്കാർ നടപടി സ്വാഗതാർഹമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബ്രൂവറി ഇടപാടിൽ മുഴുവൻ അഴിമതിയും സ്വജനപക്ഷപാതവുമാണ് നടന്നത്. അതിനാൽ, ആരോപണവിധേയനായ എക്സൈസ് മന്ത്രി രാജിവെക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
പ്രതിപക്ഷം ഉയർത്തി കൊണ്ടുവന്ന വിഷയത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തിയത് മാധ്യമങ്ങളാണ്. ബ്രൂവറി വിവാദത്തിലെ കൂടുതൽ രേഖകളും തെളിവുകളും പുറത്തുവിട്ട മാധ്യമങ്ങളെ അഭിനന്ദിക്കുന്നു. ബന്ധുക്കളെയും ഇഷ്ടക്കാരെയും രഹസ്യമായി വിളിച്ചു വരുത്തി വെള്ള കടലാസിൽ അപേക്ഷ വാങ്ങി ലൈസൻസ് കൊടുക്കുകയാണ് സർക്കാർ ചെയ്തത്. എക്സൈസ് മന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രക്ഷോഭവും സമ്മർദവും തുടരുമെന്നും ചെന്നിത്തല വ്യക്തമാക്കി.
ഏഴു മാസത്തോളം എക്സൈസ് വകുപ്പിന്‍റെ ഒാഫീസിൽ ബ്രൂവറി സംബന്ധിച്ച ഫയൽ ഉറങ്ങിയത് ഡീൽ ഉറപ്പിക്കാനാണ്. ഈ ആരോപണത്തിൽ ഉറച്ചു നിൽക്കുന്നു. ഡിസ്റ്റിലറി തുടങ്ങാൻ അനുമതി ലഭിച്ച ശ്രീചക്ര കമ്പനിയുടെ ഉടമയാരാണെന്ന് ചെന്നിത്തല ചോദിച്ചു. ഇനിയും കൂടുതൽ കാര്യങ്ങൾ പുറത്തുവരാൻ സാധ്യതയുള്ളതിനാലാണ് മുഖ്യമന്ത്രി ഉത്തരവ് റദ്ദാക്കിയതെന്നും ചെന്നിത്തല ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
