മിൽമ മലബാർ യൂനിയൻ പിരിച്ചുവിട്ടത് രാഷ്ട്രീയ പകപോക്കൽ: കെ.എസ് മണി
text_fieldsതിരുവനന്തപുരം: മിൽമ മലബാർ മേഖല യൂനിയൻ പിരിച്ചുവിട്ടതിന് പിന്നിൽ കൃത്യമായ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും കാരണം രാഷ്ട്രീയ പകപോക്കലാണെന്നും ചെയർമാൻ കെ.എസ് മണി. തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയെ പിരിച്ചുവിടുന്നത് സത്യസന്ധവും നിയമാനുസൃതവുമായിരിക്കണം. എന്നാൽ, മാനദണ്ഡങ്ങളെല്ലാം കാറ്റിൽ പറത്തിയും സാമൂഹ്യ നീതിയില്ലാതെയും ഒരു നോട്ടീസ് നൽകി കാരണം പോലും തേടാതെയാണ് ഭരണസമിതി പിരിച്ചുവിട്ടത്.
ഭരണസമിതിയുടെ ഭാഗത്ത് ഒരു വീഴ്ചയുമില്ല. ഒരു രൂപയുടെയെങ്കിലും അഴിമതി നടത്തിയിട്ടുണ്ടെന്ന് തെളിയിക്കട്ടെ. ബോർഡിലെ രണ്ട് കോൺഗ്രസ് അംഗങ്ങൾ പോലും ഇതൊന്നും അംഗീകരിക്കില്ല. അഴിമതി നടത്താത്തവരുടെ പേരിൽ അഴിമതിയുടെ പുകമറ സൃഷ്ടിച്ചത് കൊണ്ടാണ് ഹൈകോടതിയിലേക്ക് പോയത്. ചില അംഗങ്ങൾ രജിസ്ട്രാർക്കെതിരെ ഇതിനോടകം വക്കീൽ നോട്ടീസ് അയച്ചിട്ടുണ്ട്.
ഗുണമേൻമില്ലാത്ത നെയ്യ് ആണ് വിതരണം ചെയ്തതെന്ന പരാതി ദേവസ്വം ബോർഡിൽ നിന്ന് കിട്ടിയിട്ടില്ല. മിൽമയെ തകർക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങളും ഒളിഞ്ഞും തെളിഞ്ഞും നടക്കുകയാണ്. മലബാർ മേഖല യൂനിയനിലെ ജീവനക്കാരുടെ സ്ഥിര നിയമനത്തിനായുള്ള പ്രക്രിയകൾ പാതിവഴിയിലാണ്. ആരോപണങ്ങൾ ഉന്നയിച്ച് നിലവിലെ ഭരണസമിതിയെ പിരിച്ചുവിട്ടാൽ, പുതിയ റിക്രൂട്ട്മെന്റ് പ്രക്രിയ ആരംഭിച്ച് അതിൽ സാമ്പത്തിക ഇടപെടലുകൾ നടത്താനുള്ള ഗൂഢ ശ്രമവുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

