‘മാണി സി കാപ്പനെ അയോഗ്യനാക്കണം’; ഹൈകോടതിയിൽ ഹരജിയുമായി ചെക്ക് കേസിലെ പരാതിക്കാരൻ
text_fieldsമാണി സി കാപ്പൻ
കൊച്ചി: ചെക്ക് കേസിൽ ശിക്ഷിക്കപ്പെട്ട പാലാ എം.എൽ.എ മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈകോടതിയിൽ ഹരജി. ചെക്ക് കേസിലെ പരാതിക്കാരനായ ദിനേഷ് മേനോനാണ് കോടതിയെ സമീപിച്ചത്.
സെപ്റ്റംബർ ഒന്ന് മുതൽ മാണി സി കാപ്പൻ അയോഗ്യനായെന്ന് ഹരജിയിൽ പറയുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് നിയമസഭ സ്പീക്കർക്ക് കത്ത് നൽകിയിട്ടും നടപടിയെടുത്തില്ല. നടപടി നീട്ടിക്കൊണ്ടു പോകാൻ സ്പീക്കർ ശ്രമിക്കുകയാണ്. ഹരജി തീർപ്പാക്കുന്നത് വരെ എം.എൽ.എ എന്ന നിലയിൽ മാണി സി കാപ്പനുള്ള ആനുകൂല്യങ്ങൾ തടയണം. പാലായിൽ ഉപതെരഞ്ഞെടുപ്പ് നടത്താൻ തെരഞ്ഞെടുപ്പ് കമീഷന് നിർദേശം നൽകണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടു.
ഹരജി തിങ്കളാഴ്ച പരിഗണിക്കും. മുംബൈ ബോറിവില്ലി കോടതിയാണ് ചെക്ക് കേസുകളില്‍ മാണി സി. കാപ്പന് ഒരു വർഷം തടവുശിക്ഷ വിധിച്ചത്. കണ്ണൂര്‍ വിമാനത്താവളത്തില്‍ ഓഹരി പങ്കാളിത്തം വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന് പ്രവാസി വ്യവസായിയുടെ പരാതിയിലടക്കം നാല് കേസുകളിലാണ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. നേരത്തെ, മാണി സി. കാപ്പനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ദിനേഷ് മേനോൻ നിയമസഭ സ്പീക്കർക്ക് കത്തയച്ചിരുന്നു. കാപ്പനെ അയോഗ‍്യനാക്കണമെന്നും പാലാ സീറ്റ് ഒഴിവുള്ളതായി വിജ്ഞാപനം പുറപ്പെടുവിക്കണമെന്നുമാണ് കത്തിലെ ആവശ‍്യം. എം.എൽ.എക്ക് മൂന്നര വർഷത്തെ തടവ് ശിക്ഷയുള്ളതായും ശിക്ഷ ഒരുമിച്ച് അനുഭവിക്കാൻ കോടതി ഉത്തരവില്ലെന്നും പരാതിക്കാരൻ കത്തിൽ പറയുന്നു.
നാലു കേസുകളിലായി 5.3 കോടി രൂപ പലിശസഹിതം നഷ്ടപരിഹാരം നൽകണമെന്നും കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ, തന്‍റെ ഭാഗം കേൾക്കാതെയാണ് വിധി വന്നതെന്നും അപ്പീലിന് പോകുമെന്നും എം.എൽ.എ മാധ‍്യമങ്ങളോട് പ്രതികരിച്ചിരുന്നു. വിധിക്കെതിരെ അപ്പീൽ നൽകാൻ 30 ദിവസത്തെ സാവകാശം ലഭിച്ചിട്ടുണ്ടെന്നും അന്തിമ വിധി വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കേസിനു പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടാകാമെന്നും എം.എൽ.എ ആരോപിച്ചു.
അതിനിടെ മാണി സി. കാപ്പനെതിരെ പുറപ്പെടുവിച്ച ജാമ്യമില്ലാ വാറന്‍റ് മുംബൈയിലെ ബോറിവില്ലി മജിസ്‌ട്രേറ്റ് കോടതി പിൻവലിച്ചു. കേസിൽ വിധി പ്രസ്താവിക്കുന്ന സമയത്ത് കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്നായിരുന്നു കോടതി ജാമ്യമില്ലാ വാറന്‍റ് പുറപ്പെടുവിച്ചത്. കാപ്പൻ നേരിട്ട് കോടതിയിൽ ഹാജരായി അപേക്ഷ നൽകിയതിനു പിന്നാലെയാണ് വാറണ്ട് പിൻവലിക്കാൻ കോടതി ഉത്തരവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

