അയോഗ്യത പ്രാബല്യത്തില്‍ വരുത്തണം; കെ.എം ഷാജിക്കെതിരെ എം.വി നികേഷ്കുമാർ സുപ്രീംകോടതിയിൽ
text_fieldsന്യൂഡല്‍ഹി: അഴിക്കോട് തെരഞ്ഞെടുപ്പ് കേസില്‍ കെ.എം ഷാജിയുടെ അയോഗ്യത പ്രാബല്യത്തില്‍ വരുത്തണമെന്ന് ആവശ്യപ്പെട്ട് നികേഷ് കുമാര്‍ സുപ്രീംകോടതിയെ സമീപിച്ചു. തെരഞ്ഞെടുപ്പ് ഹരജിയിലെ മറ്റ് ആവശ്യങ്ങൾ അപ്രസക്തമായെങ്കിലും ഷാജിക്ക് ഹൈകോടതി വിധിച്ച അയോഗ്യത പ്രാബല്യത്തിലാക്കണമെന്നാണ് നികേഷ് കുമാറിന്‍റെ ആവശ്യം.
നാളെ നികേഷ് കുമാറിന്റെ ഹരജിയില്‍ വിശദമായ വാദം കേള്‍ക്കാമെന്ന് സുപ്രിംകോടതി പറഞ്ഞു. 2016ലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടായിരുന്നു ഷാജിക്ക് ഹൈകോടതി അയോഗ്യത വിധിച്ചത്. കേസിൽ ആറ് വര്‍ഷത്തെ അയോഗ്യതയാണ് ഷാജിക്ക് കേരള ഹൈകോടതി വിധിച്ചത്.
2016ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വര്‍ഗീയകാര്‍ഡ് പ്രചരിപ്പിച്ചുവെന്നടക്കമുള്ള നികേഷ് കുമാര്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ ഹൈകോടതി ശരിവക്കുകയുമായിരുന്നു. കെ.എം. ഷാജി സുപ്രിംകോടതിയെ സമീപിക്കുകയും ഹൈകോടതി ഉത്തരവ് സ്റ്റേ ചെയ്യുകയും ചെയ്തു. തെരഞ്ഞെടുപ്പ് കേസ് അപ്രസക്തമായെങ്കിലും ഷാജിക്കെതിരായ അയോഗ്യത പ്രാബല്യത്തില്‍ വരുത്തണമെന്ന നികേഷ് കുമാറിന്റെ ആവശ്യത്തില്‍ വിശദമായ വാദം കേള്‍ക്കുമെന്ന് സുപ്രിംകോടതി അറിയിച്ചു.
2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ ഹരജിക്ക് ഇനി പ്രസക്തിയില്ലെന്ന് കെ.എം ഷാജിക്ക് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ നിഖിൽ ഗോയൽ സുപ്രീം കോടതിയെ അറിയിച്ചു. എന്നാൽ ഹൈകോടതി ഉത്തരവിൽ പുറപ്പെടുവിച്ച അയോഗ്യത സംബന്ധിച്ച വിഷയം ഇപ്പോഴും നിലനിൽക്കുകയാണെന്ന് നികേഷ് കുമാറിന്റെ അഭിഭാഷകൻ പി.വി ദിനേശ് കോടതിയിൽ ചൂണ്ടിക്കാട്ടി. എംഎൽഎ ആയി തുടരാമെങ്കിലും വോട്ടിങ്ങിന് അനുവാദമില്ല, ആനുകൂല്യങ്ങൾക്ക് അർഹതയില്ല തുടങ്ങിയ ഉപാധികളാണ് സുപ്രീംകോടതി മുന്നോട്ട് വെച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

